- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചെല്ലോ ഷോ'യിലെ ബാലതാരം രാഹുൽ കോലി യാത്രയായി; കാൻസർ ബാധയെ തുടർന്ന് രാഹുൽ മരിച്ചത് സിനിമയുടെ ആദ്യ ഷോ കാണാതെ
അഹമ്മദാബാദ്: 'ചെല്ലോ ഷോ'യിലെ ബാലതാരം രാഹുൽ കോലി (17) അന്തരിച്ചു. സിനിമ റിലീസിനു ദിവസങ്ങൾക്കു മുൻപാണ് രാഹുലിന്റെ മടക്കം. 'അവസാന സിനിമാ പ്രദർശനം' എന്നർഥമുള്ള 'ചെല്ലോ ഷോ', രാഹുലിന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായി. ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് ചെല്ലോ ഷോ.
എന്നാൽ വലിയ സ്‌ക്രീനിൽ ചിത്രം കാണാനുള്ള ഭാഗ്യം രാഹുലിനു ലഭിച്ചില്ല. ചിത്രത്തിന്റെ ട്രെയിലർ കണ്ട് ആവേശത്തിലായിരുന്നു രാഹുൽ എന്ന് പിതാവ് രാമു കോലി പറഞ്ഞു. മികച്ച രാജ്യാന്തര ചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്. എന്നാൽ ഇതൊന്നും കാണും മുന്നേ രാഹുൽ ഈ ലോകത്തോട് വിടപറയുകായിയിരുന്നു.
ഗുജറാത്തിൽ ജാംനഗർ ജില്ലയിലെ ഹാപ സ്വദേശിയായ രാഹുൽ അർബുദ ബാധയെ തുടർന്ന് കഴിഞ്ഞ നാലു മാസമായി അഹമ്മദാബാദ് കാൻസർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഈ മാസം രണ്ടിനാണ് മരിച്ചത്. വരുന്ന വെള്ളിയാഴ്ച രാജ്യവ്യാപകമായി റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.
ചെല്ലോ ഷോ സംവിധായകൻ പാൻ നളിന്റെ ബാല്യകാല സ്മരണകളെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണ് ഈ സിനിമ. സമയ് എന്ന 9 വയസ്സുകാരൻ സിനിമാ പ്രൊജക്ടർ ടെക്‌നീഷ്യനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും ഭാവിയിൽ സംവിധായകനാകാൻ മോഹിക്കുന്നതുമാണു സിനിമയുടെ പ്രമേയം. സമയിന്റെ സുഹൃത്തുക്കളായ 5 പേരിൽ ഒരാളായാണ് രാഹുൽ വേഷമിട്ടത്.