സിനിമയിൽ സ്ത്രീകൾക്ക് മാത്രമായി പ്രശ്നങ്ങളില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. പുരുഷന്മാർക്കും പ്രശ്നമുണ്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും താരം. വിചിത്രം സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകന്നതിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

സിനിമയിൽ സ്ത്രീ പ്രാധിനിത്യം കൂടിയാൽ വിവേചനം അവസാനിക്കുമോ എന്ന ചോദ്യം ഉയർന്നപ്പോൾ ഇതിന് മറുപടി പറയുന്നതിനിടെയാണ് ഷൈൻ ടോം ചാക്കോ സിനിമയിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്ന് പറഞ്ഞത്. സിനിമയിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും പ്രശ്നമുണ്ട്. എത്ര ആളുകളാണ് നടനാകാൻ വേണ്ടി വരുന്നത്. എന്നാൽ വരുന്നവരെല്ലാം നടന്മാർ ആകുന്നില്ല. സ്ത്രീയും പുരുഷനും ഒരുപോലെയാകില്ലെന്നും വ്യത്യസ്തരായി ഇരിക്കുന്നതാണ് നല്ലതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

സിനിമയിൽ വനിത സംവിധായകർ വന്നാൽ പ്രശ്നം കുറയുമോ എന്ന ചോദ്യത്തിന് അവർ വന്നാൽ പ്രശ്നം കൂടുകയേ ഉള്ളൂ എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. സ്ത്രീ സാന്നിധ്യം കൂടുന്ന സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ അമ്മായി അമ്മ മരുമകൾ പ്രശ്നം ഉണ്ടാകില്ലല്ലോ എന്നും ഷൈൻ പറയുന്നു.