ന്യൂഡൽഹി: പെൺസുഹൃത്തിനൊപ്പം ഷോപ്പിങ്ങിനെത്തിയ യുവാവിനെ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് കണക്കറ്റ് തല്ലി. ഗസ്സിയാബാദിലെ തിരക്കേറിയ വ്യാപാരസ്ഥലത്തുവച്ചാണ് യുവാവിന് മർദ്ദനമേറ്റത്. 'കർവ ചൗത്ത്' ആഘോഷച്ചടങ്ങിനായി തന്റെ പെൺസുഹൃത്തിനൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു യുവാവ്. യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച പെൺസുഹൃത്തിനും തല്ലുകിട്ടി. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

യുവാവിന്റെ ഭാര്യ അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിക്കുന്നതും തലങ്ങും വിലങ്ങും അടിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം കണ്ട് വലിയൊരുകൂട്ടം ഇവർക്കുചുറ്റും കൂടുകയും ചെയ്തു. ഭാര്യയ്ക്കൊപ്പം അവരുടെ സുഹൃത്തുക്കളും കൂടിയതോടെ യുവാവിന്റെ രക്ഷക്കെത്തിയ പെൺസുഹൃത്തിനും കണക്കിന് കിട്ടി.

യുവാവിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവുമായി പിണങ്ങി മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്ന ഭാര്യ തന്റെ അമ്മയ്ക്കൊപ്പം സാധനങ്ങൾ വാങ്ങാനെത്തിയതിനിടെയാണ് ഭർത്താവിനെ മറ്റൊരു യുവതിയോടൊപ്പം കണ്ടത്. ഇതിൽ പ്രകോപിതയായതിനെ തുടർന്നായിരുന്നു ആക്രമണം.