കൊച്ചി: കാലമേറെ മുന്നോട്ടു പോയിട്ടും അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും കേരളത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് ഉയരുന്ന വാർത്തകൾ. എന്തിനും പരിഹാരം ആഭിചാരക്രിയകൾ ആണെന്ന് വിശ്വസിച്ച് പിന്തുടർന്നിരുന്നു ഒരു അപരിഷ്‌കൃത കാലം.

വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ മാറ്റങ്ങൾക്ക് വിധേമായതോടെ പല അനാചാരങ്ങളും നിയമവിരുദ്ധമായി. എന്നിട്ടും മനുഷ്യൻ ഒളിഞ്ഞും തെളിഞ്ഞും ഈ ആഭിചാരക്രിയകളുടെ ഭാഗമായി.അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കിട്ടി എന്ന് ആശ്വസിച്ചുപോന്നു.

ശാസ്ത്രവും വൈദ്യവും പഠനങ്ങളുമൊക്കെ പുരോഗമിച്ചിട്ടും ഇപ്പോഴും പ്രത്യേകിച്ച് കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഇത്തരം അനാചാരങ്ങൾ നിലനിന്നുപോരുന്നു. ആർക്കും ഉപദ്രവമില്ലാത്ത അനാചാരങ്ങൾ നടക്കുമ്പോഴും ആരും എതിർക്കാൻ പോയില്ല. പക്ഷേ അവിടെ ,അങ്ങ് ഇലന്തൂരിൽ സംഭവിച്ചത് നടുക്കുന്ന നരബലിയുടെ വെളിപ്പെടുത്തലുകളാണ്.

നരബലിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തകൾ ഓരോ ദിവസവും പുറത്തുവരുമ്പോൾ നരബലി ഇതിവൃത്തമാക്കി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ഫാഷൻ ഫോട്ടോഗ്രാഫർ ജിയോ മരോട്ടിക്കലും സംഘവും. ഫേസ്‌ബുക്കിൽ കുറിപ്പു പങ്കുവച്ചാണ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റ്

------നരബലി-----
ഏതാനും ദിവസങ്ങളായി നമ്മൾ ഞെട്ടലോടെ കേട്ടറിഞ്ഞ വാർത്തകളിൽ ഒന്ന് 'നരബലി '
വെറും ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മുടെ സമൂഹം സ്വയം വ്യക്തിത്വമില്ലാതെ പെരുമാറുമ്പോൾ ഇതാ അന്ധവിശ്വാസത്തിന്റെ പേരിൽ ഞെട്ടലോടെ കേട്ടറിഞ്ഞ ഒരു വാർത്തകൂടി..
രണ്ട് ജീവനുകൾ പൊലിഞ്ഞിരിക്കുന്ന വളരെ ക്രൂരമായിതന്നെ
ഇനിയും എത്ര ജീവനുകൾ?
അറിയില്ല ?? നമ്മൾഓരോരുത്തരും കേട്ടറിഞ്ഞ സത്യങ്ങളിലൂടെയും നമ്മളുടെ മനസ്സുകളിൽ എത്തി ചേർന്ന ദൃശ്യങ്ങളിലൂടെ ഞങ്ങൾ ഇതാ നിങ്ങളുടെമുമ്പിൽ എത്തുന്നു. 'അന്ധമായ അന്ധവിശ്വാസത്തിന്റെ നരബലി '
ഇനി ഒരു ജീവനും അന്ധവിശ്വാസങ്ങളുടെ പേരിൽ പൊലിയാതിരിക്കട്ടെ എന്ന് നമ്മുക്ക് വിശ്വസിക്കാം.