- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിനൊപ്പമെത്താൻ ഇൻസ്റ്റഗ്രാം; സജീവ ഉപഭോക്താക്കളുടെ എണ്ണം 200 കോടി കടന്നു
ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്‌ബുക്ക്. തൊട്ടു പിന്നിലായി ഇൻസ്റ്റഗ്രാമും ഉണ്ട്. ഫേസ്‌ബുക്കിനൊപ്പമെത്താനുള്ള മത്സരത്തിലാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം. കഴിഞ്ഞ കുറച്ചുനാളുകളായി ഇൻസ്റ്റഗ്രാമിന്റെ സ്വീകാര്യത വർധിച്ചുവരികയാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിന്റെയും ഫെയ്ബുക്കിന്റെയും പ്രതിമാസ സജീവ ഉപയോക്താക്കളുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് മാതൃകമ്പനിയായ മെറ്റ.
ഇൻസ്റ്റഗ്രാമിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 200 കോടി (രണ്ട് ബില്യൺ) കടന്നിരിക്കുകയാണ്. 296 കോടി (2.96 ബില്യൺ) പ്രതിമാസ സജീവ ഉപയോക്താക്കളാണ് ഫേസ്‌ബുക്കിനുള്ളത്. താമസിയാതെ ഇൻസ്റ്റഗ്രാം ഫേസ്‌ബുക്കിനെ കടത്തിവെട്ടിയേക്കും. അതേസമയം 200 കോടിയിലധികം ആളുകൾ മെസേജിങ് ആപ്പായ വാട്ട്സാപ്പ് ദിവസവും ഉപയോഗിക്കുന്നുണ്ട്.
2018 ജൂണിലാണ് ഇൻസ്റ്റഗ്രാമിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നത്. നാലുവർഷത്തിനിപ്പുറം സജീവ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാൻ കമ്പനിക്കായി. കഴിഞ്ഞ കുറച്ചുനാളുകളായി ഒട്ടനവധി മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കുമാണ് ഇൻസ്റ്റഗ്രാം വിധേയമായിരിക്കുന്നത്. മെറ്റ കൊണ്ടുവന്ന ഈ പരിഷ്‌കാരങ്ങളെല്ലാം ഇൻസ്റ്റഗ്രാമിന് ഗുണം ചെയ്തുവെന്നാണ് ഉപയോക്താക്കളിലുണ്ടായിരിക്കുന്ന കുതിച്ചുചാട്ടം അടിവരയിടുന്നത്.
ഫോളോ ചെയ്തിരുന്നവരുടെ പോസ്റ്റുകൾ ഉപയോക്താക്കളുടെ മുന്നിലെത്തിക്കുന്ന രീതിയാണ് ഇൻസ്റ്റഗ്രാം പിന്തുടർന്നിരുന്നത്. എന്നാൽ ഇപ്പോൾ അൽഗോരിതം ഉപയോഗിച്ച് ഓരോരുത്തരുടെയും താത്പര്യങ്ങൾക്കനുസരിച്ചുള്ള പോസ്റ്റുകൾ ഫീഡിൽ എത്തിക്കുന്നു. ടിക് ടോക്കിലേതിന് സമാനമായ ഷോർട്ട് വീഡിയോസ് അഥവാ റീൽസ് എന്ന ഫീച്ചർ അവതരിപ്പിച്ചതും ഇൻസ്റ്റഗ്രാമിന്റെ സ്വീകാര്യത വർധിപ്പിക്കുന്നതിന് കാരണമായി.