- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉംറയ്ക്കായി യാത്ര തിരിച്ച് യുവാൻ ശങ്കർ രാജ; ഇഹ്റാം വേഷത്തിലുള്ള ചിത്രം ട്വീറ്റ് ചെയ്തു താരം: വിവാദങ്ങൾക്കൊടുവിൽ തീർത്ഥാടന വിവരം അറിയിച്ച് ഇളയരാജയുടെ മകൻ
ഉംറ തീർത്ഥാടനത്തിനു പുറപ്പെട്ടു ഇസൈജ്ഞാനി, മ്യൂസിക് മാസ്ട്രോ ഇളയരാജയുടെ മകനും പ്രമുഖ തമിഴ് സംഗീതസംവിധായകനുമായ യുവൻ ശങ്കർ രാജ. ഇഹ്റാം വേഷത്തിലുള്ള ചിത്രം ട്വീറ്റ് െചയ്തു യുവൻ തന്നെയാണു തീർത്ഥാടന വിവരം പുറത്തുവിട്ടത്. എന്നാണു യാത്ര തുടങ്ങിയതെന്നോ എപ്പോഴാണു ഉംറ നടത്തുകയെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് വ്യാപനത്തെ തുടർന്നു 2021 ഓഗസ്റ്റിലാണു സൗദി അറേബ്യ ഉംറ തീർത്ഥാടകരെ വീണ്ടും പ്രവേശിപ്പിച്ചു തുടങ്ങിയത്. ഇതാദ്യമായാണ് യുവാൻ ഉംറാ തീർത്ഥാടനം നടത്തുന്നത്.
2014 ലാണു യുവൻ ഇസ്ലാം മതത്തിലേക്കു മാറിയത്. തൊട്ടുപിറകെ 2015ൽ സഫ്റൂൺ നിസാർ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. യുവന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇതോടെ വിവാദവം ഉടലെടുത്തു. കാമുകിയെ സ്വന്തമാക്കാനാണു യുവൻ മതം മാറിയതെന്ന ആക്ഷേപം ഉയർന്നു. 2020ൽ സമൂഹമാധ്യമ ലൈവിനിടെ ഒരു ആരാധകൻ ഇക്കാര്യം യുവനോടു നേരിട്ടു ചോദിക്കുകയും ചെയ്തു. അന്നാണ് ആദ്യമായി യുവൻ മതം മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയത്. നീണ്ട നാളത്തെ യാത്രയാണു തന്റെ ഇസ്ലാം മതത്തിലേക്കുള്ള മാറ്റമെന്നായിരുന്നു ഒറ്റവരിയിലുള്ള മറുപടി. പിന്നാലെ കാര്യങ്ങൾ വിശദീകരിച്ചു.
2011ൽ അമ്മ മരിച്ചതോടെ മാനസികമായി വലിയ ഒറ്റപ്പെടലുണ്ടായി. ആകെ തകർന്നിരിക്കുന്ന സമയത്താണ് ഒരു സുഹൃത്ത് മക്കയിൽ നിന്നു കൊണ്ടുവന്ന മുസല്ല (പ്രാർത്ഥന പരവതാനി) സമ്മാനമായി നൽകിയത്. വല്ലാതെ തകർന്നിരിക്കുന്ന സമയങ്ങളിൽ ഈ മുസല്ലയിൽ ധ്യാനിച്ചിരിക്കുന്ന പതിവുണ്ടായിരുന്നു. അമ്മയില്ലാത്ത ലോകത്ത്, ഒറ്റപ്പെട്ട്, മാനസികമായി തകർന്ന നിലയിൽ നിൽക്കുമ്പോൾ താങ്ങായാണ് ഇസ്ലാം മതത്തെ കൂട്ടുപിടിച്ചതെന്നു യുവൻ പറഞ്ഞു.
ഇസൈജ്ഞാനിയെന്നാണു പിതാവ് ഇളയ രാജ അറിയപ്പെടുന്നത്. സംഗീതത്തിൽ എല്ലാമറിയുന്നയാൾ എന്നർഥം. എന്നാൽ സംഗീത രംഗത്ത് സ്വന്തം വഴി തെളിച്ചാണ് യുവന്റെ വരവ്. 10ാം വയസിൽ സംഗീത രംഗത്തെത്തിയ യുവനെ സിനിമാ ലോകം ശ്രദ്ധിക്കുന്നത് അജിത്ത്മുരുകദാസ് ചിത്രമായ ദീനയിലൂടെയാണ്. 150ൽ അധികം സിനിമകൾക്കു സംഗീതം നൽകിയ യുവൻ തമിഴിലെ ഏതാണ്ട് എല്ലാ പ്രമുഖ നടന്മാരുടെയും ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.