സുഖം ഭേദമായതോടെ നടൻ ശ്രീനിവാസൻ അഭിനയരംഗത്തേക്ക് തിരിച്ചെത്തി. കുറുക്കൻ എന്ന സിനിമയിൽ മകൻ വിനീതിനൊപ്പമാണ് ശ്രീനിവാസൻ തിരിച്ചെത്തുന്നത്. കൊച്ചി സെന്റ് ആൽബർട്‌സ് സ്‌കൂളിലെ ഷൂട്ടിങ് സെറ്റിലെത്തിയ താരത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും അൻസിബ ഹസനും അടക്കം ഒട്ടേറെ പേർ അഭിനയിക്കുന്നു.

കാരവാനിലേക്ക് കയറി മുഖത്ത് ചായമിട്ട് ഉയർന്ന ആത്മവിശ്വാസത്തോടെയാണ് കഥാപാത്രമായി ശ്രീനിവാസൻ തിരിച്ചിറങ്ങിയത്. സ്വിച്ചോൺ നിർവഹിക്കാൻ കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബഹ്‌റയെത്തി. ശ്രീനിവാസന്റെ തിരിച്ചുവരവിനെ കുറിച്ച് കാത്തിരുന്ന നിമിഷമെന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്. കീടം ആണ് ശ്രീനിവാസന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.

വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് കുറുക്കന്റെ നിർമ്മാണം. സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവികാ മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനോജ് റാം സിങ് തിരക്കഥ സംഭാഷണമെഴുതുന്നു.

''ഈ സിനിമയുടെ ചർച്ച തുടങ്ങിയതു മുതൽ അച്ഛന്റെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കിയിരുന്നത്. അതുകൊണ്ടാണ് ഷൂട്ട് തുടങ്ങാൻ വൈകിയതും. അഭിനേതാക്കൾ എല്ലാവരും അതിനോട് സഹകരിച്ചു. അച്ഛന്റെ ആരോഗ്യാവസ്ഥയിൽ നല്ല മാറ്റമുണ്ട്. സിനിമ തന്നെയാണ് അച്ഛനു വേണ്ട എറ്റവും നല്ല മെഡിസിൻ. ഇവരൊക്കെ ജോലി ചെയ്ത് ശീലിച്ചവരാണ്. വെറുതെ ഇരുന്നിട്ടില്ല ഇതുവരെ. സിനിമയുടെ തിരക്കിലേക്ക് മാറിയാൽ അദ്ദേഹം ഫുൾ ഓൺ ആയി പഴയതുപോലെ തിരിച്ചെത്തും.''വിനീത് ശ്രീനിവാസൻ പറഞ്ഞു.

മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ സംഗീതം പകരുന്നു. എഡിറ്റിങ് രഞ്ജൻ ഏബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യൂം സുജിത് മട്ടന്നൂർ, മേക്കപ്പ് ഷാജി പുൽപ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടർ അനീവ് സുകുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി, പിആർഒ എ.എസ്. ദിനേശ്.