മെറ്റയുടെ ഓക്കുലസ് പ്ലാറ്റ്ഫോം സ്ഥാപകനായ പാമർ ലക്കി തന്റെ പുതിയ വി ആർ ഹെഡ് സെറ്റ് പരീക്ഷിക്കുവാൻ സന്നദ്ധതയുള്ള വോളന്റിയർമാരെ തേടുകയാണ്. ഈ ഹെഡ്സെറ്റിന് അത് ഉപയോഗിക്കുന്ന വ്യക്തിയെ കൊല്ലാനുള്ള കഴിവുണ്ട് എന്നാണ് പാമർ അവകാശപ്പെടുന്നത്. വെർച്വൽ ഗെയിമിൽ പരാജയപ്പെടുമ്പോൾ കളിക്കുന്ന വ്യക്തിയുടെ മസ്തിഷ്‌കത്തിന് ഗുരുതരമായ പരിക്കുകൾ ഈ ഹെഡ് സെറ്റ് വരുത്തും എന്നാണ് 30 കാരനായ പാമർ ലക്കി പറയുന്നത്.

നെർവ് ഗിയർ എന്ന് പേരു നൽകിയിരിക്കുന്ന ഈ ഹെഡ്സെറ്റ് കാഴ്‌ച്ചയിൽ സാധാരണ ഹെഡ്സെറ്റ് പോലെത്തന്നെയാണ്. എന്നാൽ, ഏറെ ഭീതിയുണർത്തുന്ന മൂന്ന് എക്സ്പ്ലോസീവ് ചാർജ് മോഡ്യുളുകൾ ഇതിനുണ്ട് എന്നതാണ് ഇതിനെ സാധാരണ ഹെഡ്സെറ്റിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഗെയിമിനിടെ കളിക്കുന്ന വ്യക്തി വെർച്വലായി മരണമടയുമ്പോൾ ഈ മോഡ്യുളുകൾ കളിക്കുന്ന ആളുടെ മസ്തിഷ്‌കത്തിലേക്ക് വെടിയുതിർക്കും. കളിക്കുന്ന വ്യക്തിയും തത്ക്ഷണം മരണമടയും.

ഈ ഉപകരണം ഇനിയും പൂർണ്ണമായിട്ടില്ല എന്ന് ലക്കി സമ്മതിക്കുന്നു. പൂർണ്ണമായി ഉണ്ടാക്കിയാലും ഇതിന് വിപണിയിലെത്തിക്കാനുള്ള അനുമതി ലഭിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ 21-ാം വയസ്സിൽ ഓക്കുലസ് പ്ലാറ്റ്ഫോം 3 ബില്യൺ ഡോളറിന് മെറ്റക്ക് വിറ്റഴിച്ച ലക്കി ഈ അത്ഭുതകരമായ ഹെഡ്സെറ്റിനെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിതം ആ വ്യക്തിയുടെ വെർച്വൽ അവതാരത്തിനു പകരമായി ഉപയോഗിക്കുവാനുള്ള സാധ്യതകളെ കുറിച്ച് താൻ എന്നും ആലോചിച്ചിരുന്നു എന്നാണ് പാമർ ലക്കി പറയുന്നത്. ഇത് വെർച്വൽ അവതാരങ്ങളുടെ പ്രതികരണ ശേഷി വർദ്ധിപ്പിക്കും. മനോഹരമായ ഗ്രാഫിക്കുകളും മറ്റും ഉപയോഗിച്ച് ഒരു ഗെയിമിനെ യാഥാർത്ഥ്യം എന്ന് തോന്നത്തക്ക വിധം അവതരിപ്പിക്കാനാകും. എന്നാൽ, നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലാകും എന്ന നിലവന്നാൽ യാഥാർത്ഥ്യം കൂടുതൽ അനുഭവവേദ്യമാകുമെന്നും അയാൾ പറയുന്നു.

സ്വോർഡ് ആർട്ട് ഓൺലൈൻ എന്ന അനിമീ സീരീസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ലക്കി ഇത് നിർമ്മിച്ചിരിക്കുന്നത്. അതിൽ അതേ പേരിലുള്ള ഒരു വി ആർ ഗെയിം ഉണ്ട്. നെർവ് ഗിയർ എന്ന് പേരുള്ള ഒരു ഹെൽമെറ്റിന്റെ സഹായത്തോടെ കളിക്കാൻ കഴിയുന്ന ആ ഗെയിമിൽ, ഹെൽമെറ്റ് മസ്തിഷ്‌കത്തിലൂടെ പഞ്ചേന്ദ്രിയങ്ങളേയും ഉത്തേജിപ്പിക്കുന്നതായി പറയുന്നുണ്ട്. ഈ സീരീസിൽ, നെർവ്ഗിയർ ധരിക്കുമ്പോൾ കളിക്കാർക്ക് ഗെയിമിലെ കഥാപാത്രങ്ങളെ മനസ്സുകൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നതായി പറയുന്നു.

എന്നാൽ, ആദ്യമായി ഈ ഗെയിമിലേക്ക് ലോഗ് ഇൻ ചെയ്ത 10,000 പേർക്ക് ലോഗ് ഔട്ട് ചെയ്യാൻ പറ്റുന്നില്ല എന്ന് അവർ മനസ്സിലാക്കുന്നു. മാത്രമല്ല, ലോഗ് ഔട്ട് ചെയ്യാതെ ഹെൽമറ്റ് ഊരിയാൽ മരണം സംഭവിക്കും എന്നും അവർ മനസ്സിലാക്കുന്നു. ഒരു ഭ്രാന്തൻ ശാസ്ത്രജ്ഞൻ മാരകമായ ഗെയിമിലൂടെ ആളുകളെ കെണിയിലാക്കുന്നതാണ് കഥ. ആ ഗെയിം പൂർത്തിയാക്കിയാൽ മാത്രമെ കളിക്കാർക്ക് സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയൂ. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ലക്കിയും ഈ പുതിയ ഹെഡ്സെറ്റ് രൂപ കൽപന ചെയ്തിരിക്കുന്നത്.

സീരീസിലെ നെർവ് ഗിയറിൽ ഒരുതരം മൈക്രൊവേഗ്വ് എമിറ്റർ ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, അമിതമായാൽ മരണകാരണമായേക്കാവുന്ന അതിനു പകരമായി ലക്കി ഉപയോഗിക്കുന്നത് സ്ഫോടക ശക്തിയുള്ള ചർജ് മോഡ്യുളുകളാണ്. ഇതിനെ പ്രകാശത്തെ ഡിട്ടക്ട് ചെയ്യാൻ കഴിവുള്ള ഒരു സെൻസറുമായി ഘടിപ്പിക്കുന്നു. വെർച്വൽ മരണം സൂചിപ്പിക്കുന്ന ചുവന്ന ഫ്ളാഷ്ലൈറ്റ് പ്രത്യക്ഷപ്പെടുമ്പോൾ ഇതുവഴി ഈ മോഡ്യുളുകൾക്ക് വെർച്വൽ മരണം തിരിച്ചറിയാനും പ്രവർത്തനക്ഷമമാകാനും കഴിയും.