മുംബൈ: ബോളിവുഡ് താരം ബിപാഷ ബസുവിനും നടൻ കരൺ സിങ്ങ് ഗ്രോവറിനും കുഞ്ഞ് പിറന്നു. ഒരു പെൺകുഞ്ഞ് പിറന്നുവെന്ന വാർത്ത ബിപാഷ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ദേവി ബസു സിങ് ഗ്രോവർ എന്നാണ് മകളുടെ പേര്.

ശനിയാഴ്ചയാണ് ബിപാഷ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ദിവസങ്ങൾക്ക് മുമ്പ് തന്റെ നിറവയറിലുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ബിപാഷ പങ്കുവച്ചിരുന്നു. 'എപ്പോഴും നിങ്ങളെ സ്നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുക' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഗോൾഡൻ നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടിയിരുന്നു ബിപാഷ പ്രത്യക്ഷപ്പെട്ടത്.

ഒപ്പം കരൺ സിങ്ങ് ഗ്രോവറിനൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ കണ്ടതാണ്. ഗർഭിണിയാണെന്ന സന്തോഷ വാർത്ത പങ്കുവച്ചാണ് ഈ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്. അതിൽ വെളുത്ത നിറത്തിലുള്ള ഷർട്ടായിരുന്നു നടി ധരിച്ചിരുന്നത്.

 
 
 
View this post on Instagram

A post shared by Bipasha Basu (@bipashabasu)

2015ലാണ് ബിപാഷയും കരണും പരിചയപ്പെടുന്നത്. 'എലോൺ' എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ 2016 -ൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു.

നിറവയറിൽ ഭർത്താവ് കരണിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് താരം ഗർഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിച്ചത്. ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതുവരെ കടന്നുവന്നതിൽ വ്യത്യസ്തമായൊരു സമയത്തിലേക്കാണ് ഇനി യാത്രയെന്നുമെല്ലാം ബിപാഷ കുറിപ്പിലൂടെ അന്ന് പങ്കുവച്ചിരുന്നു.

2001ൽ പുറത്തിറങ്ങിയ 'അജ്‌നബി' എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ ബോളിവുഡ് അരങ്ങേറ്റം. അജ്‌നബിയെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡും ബിപാഷയെ തേടിയെത്തി. പിന്നാലെ വന്ന രാസ്, ജിസം, സമീൻ, നോ എൻട്രി, ഫിർ ഹേര ഫേരി, ധൂം 2, റേസ് തുടങ്ങിയ സിനിമകളൊക്കെ വിജയങ്ങളായിരുന്നു. എലോൺ ആണ് അവസാനം അഭിനയിച്ച ചിത്രം.

അതേസമയം കരൺ ടെലിവിഷൻ സ്‌ക്രീനിലെ സൂപ്പർ താരമായിരുന്നു. ദിൽ മിൽ ഗയേ, ഖുബൂൽ ഹേ തുടങ്ങിയ പരമ്പരകൾ വലിയ ജനപ്രീതി നേടിയിരുന്നു. പിന്നീട് എലോൺ, ഹേറ്റ് സ്റ്റോറി 3 തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.