മലപ്പുറം: മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരനെ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ അബ്ദുറബ്ബ്. 'ഇത്ര പെട്ടന്ന് ഗ്രഹനില മാറാൻ മാത്രം ഇവിടെ എന്താണുണ്ടായേ മിസ്റ്റർ ജീ' എന്നാണ് അബ്ദുറബ്ബിന്റെ പരിഹാസം.

ജി സുധാകരൻ പറഞ്ഞ കാര്യങ്ങൾ ഫേസ്‌ബുക്കിൽ കുറിച്ചു കൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ ചോദ്യം. ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ലെന്നും രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നതെന്നും ജി സുധാകരൻ പ്രതികരിച്ചിരുന്നു. ലോകത്ത് ജ്ഞാനവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനിൽക്കുന്നിടത്തോളം ജ്യോതിഷത്തിനും പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ട് പോകണമെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ശബരിമലയിൽ 50 കഴിഞ്ഞ സ്ത്രീകൾ കയറിയാൽ മതി, കുട്ടികൾ ജനിച്ചു വീഴുന്ന സമയത്തെ ഗ്രഹനില അയാളുടെ ജീവിതത്തെ ബാധിക്കും. ലോകത്ത് ജ്ഞാതവും, അജ്ഞാതവുമായ കാര്യങ്ങളുണ്ട്, അജ്ഞാതമായവ നില നിൽക്കുവോളം കാലം ജ്യോതിഷവും നില നിൽക്കും. കോൺഗ്രസുകാരനേതാ, കമ്മ്യൂണിസ്റ്റുകാരനേതാ തിരിച്ചറിയാൻ പറ്റാതായി. ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ല, രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്. മുന്മന്ത്രിയും, സിപിഎം നേതാവുമായ ജി.സുധാകരന്റെ ചില പുതിയ കണ്ടെത്തലുകളാണ് മുകളിൽ! ഇത്ര പെട്ടന്ന് ഗ്രഹനില മാറാൻ മാത്രം ഇവിടെ എന്താണുണ്ടായേ മിസ്റ്റർ ജീ.