ഹോളിവുഡ് ചിത്രം അവതാർ 2വിന് കേരളത്തിൽ വിലക്കേർപ്പെടുത്തി ഫിയോക്. വിതരണക്കാർ കൂടുതൽ തുക ചോദിക്കുന്നതാണ് വിലക്കിന് കാരണം. ഡിസംബർ 16നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്. കേരളത്തിലും നിരവധി ആരാധകരാണ് സിനിമയെ കാത്തിരിക്കുന്നത്. എന്നാൽ കൂടുതൽ പണം ആവശ്യപ്പെടുന്നതിനാൽ അവതാർ 2 കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിയോക് വ്യക്തമാക്കുക ആയിരുന്നു.

റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയിൽ തിയറ്റർ വിഹിതത്തിന്റെ അറുപത് ശതമാനമാണ് വിതരണക്കാർ ചോദിക്കുന്നത്. എന്നാൽ 55 ശതമാനത്തിനു മുകളിൽ ഒരുതരത്തിലും വിഹിതം നൽകാനാകില്ലെന്നാണ് തിയറ്റർ ഉടമകളുടെ നിലപാട്. 50-55 ശതമാനമാണ് സാധാരണ?ഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്ന് ഫിയോക് അറിയിച്ചു. റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയറ്ററുകൾക്ക് നേരിട്ട് എഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ അറിയിച്ചു. ഫിയോക്കിന്റെ കീഴിൽ വരുന്ന 400 തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യില്ല.

ഡിസ്‌നി കമ്പനിയാണ് ചിത്രം കേരളത്തിലും വിതരണത്തിനെത്തിക്കുന്നത്. 2009ൽ റിലീസ് ചെയ്ത് ബോക്‌സ് ഓഫിസ് ഹിറ്റ് ചിത്രം അവതാറിന്റെ തുടർച്ചയാണ് അവതാർ 2. സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അവതാർ 2ഉം 3ഉം കൂടുതലും സമുദ്രത്തിലും പരിസരത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

വർഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനയേതാക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാർ 2ന്റെ ചിത്രീകരണം. ഒരു നേവി സീലിനെപ്പോലും അമ്പരപ്പിക്കുന്ന തരത്തിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത്വം നിറഞ്ഞതായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.