ലോകമെമ്പാടുമുള്ള വാട്ട്സാപ്പ് ഉപയോക്താക്കളോട് ജാഗരൂകരായിരിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നു. വ്യാജ സന്ദേശങ്ങൾ വഴി ഇതിനോടകം തന്നെ തട്ടിപ്പുകാർ ലക്ഷക്കണക്കിന് ഫോണുകളിലേക്ക് ആക്സസ് നേടിയിരിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. വരുന്ന ആഴ്‌ച്ചകളിൽ നിങ്ങൾക്ക് പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും വാട്ട്സാപ്പ് സന്ദേശം വരികയാണെങ്കിൽ, സൂക്ഷിക്കുക. അത് ഒരുപക്ഷെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യുവാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം.

487 മില്യൺ ഉപയോക്താക്കളുടെ വാട്ട്സാപ്പ് ഫോൺ നമ്പറുകൾ ഹാക്ക് ചെയ്തെന്ന് അവകാശപ്പെടുന്ന ഒരു ഹാക്കർ ഇപ്പോൾ അത് ഏറ്റവും അധികം പ്രതിഫലം നൽകുന്നവർക്ക് വിൽക്കുവാനായി വെച്ചിരിക്കുകയാണ്. സൈബർ ന്യുസിലെ ടീമംഗങ്ങളുമായി ഈ ഹാക്കർ ചില നമ്പറുകളിലെ വിവരങ്ങൾ പങ്കുവച്ചതിൽ നിന്നും ഇത് വെറും പൊങ്ങച്ചം പറച്ചിൽ അല്ല എന്ന് സംശയിക്കാവുന്നതാണ്. ഈവിവരങ്ങൾ, അതാത് നമ്പറുകളുടെ ഉടമകളുമായി ബന്ധപ്പെട്ട് അവയെല്ലാം സത്യമാണെന്നും സൈബർ ന്യുസ് സ്ഥിരീകരിക്കുകയുണ്ടായി.

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവരുടെ നമ്പറുകൾ ഹാക്കർ നൽകിയ ലിസ്റ്റിലുണ്ട്. യു എസ്, യു. കെ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. ലിസ്റ്റ് നൽകിയതിനു പുറമെ, അവരുടെ കൈവശം വന്നു ചേർന്നഅമേരിക്കയിൽ നിന്നുള്ള വിവരങ്ങളുടെ ഡാറ്റാ സെറ്റ് 7,000 അമേരിക്കൻ ഡോളറിനും യു കെ ഡാറ്റാ സെറ്റ് 2,500 അമേരിക്കൻ ഡോളറിനും ജർമ്മൻ ഡാറ്റാ സെറ്റ് 2000 അമേരിക്കൻ ഡോളറിനും വിൽക്കാൻ തയ്യാറാണെന്നും ഈ ഹാക്കർ പറഞ്ഞു.

ഈ ക്രിമിനലുകളുടെ കൈവശം നമ്പറുകൾ എത്തിച്ചേർന്നാൽ സ്പാം സന്ദേശങ്ങൾ എളുപ്പത്തിൽ അയയ്ക്കാനാകും. അതുപോലെ, വിദ്വേഷമുളവാക്കുന്ന ലിങ്കുകളോ സന്ദേശങ്ങളോ അയയ്ക്കുവാനും വ്യക്തിഗത വിവരങ്ങൾ ചോർത്തി ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം തട്ടാനും കഴിയും. ഇതിനോടകം തന്നെ നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. പണത്തിന് ആവശ്യമുള്ള മകനോ മകളോ എന്ന നിലയിലായിരിക്കും ഈ തട്ടിപ്പുകാർ സന്ദേശങ്ങൾ അയയ്ക്കുക. അതുകൊണ്ടുതന്നെ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും വിളികൾ വരികയോ സന്ദേശം വരികയോ ചെയ്താൽ കൂടുതൽ ജാഗ്രത പാലിക്കുക.

ശരിയല്ല എന്ന് തോന്നുന്ന സന്ദേശങ്ങൾ എന്തെങ്കിലും പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും ലഭിച്ചാൽ അവയോട് പ്രതികരിക്കരുതെന്നും, അവയെ ഡിലിറ്റ് ചെയ്യണമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു ആക്രമണം നടക്കുന്നതായിശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് വാട്ട്സ്ആപ്പ് വൃത്തങ്ങൾ പറയുന്നത്.