കൊച്ചിയിൽ നൃത്തവിദ്യാലയം തുടങ്ങി നടി നവ്യാനായർ. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്‌സ് എന്ന സ്ഥാപനവുമായാണ് നവ്യ എത്തുന്നത്. ലോകപ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദും സൂര്യ കൃഷ്ണമൂർത്തിയും ചേർന്നാണ് നവ്യയുടെ ഡാൻസ് സ്‌കൂൾ ഉദ്ഘാടനം ചെയ്തത്. കൊച്ചി പടമുകളിൽ ലീഡർ കെ. കരുണാകരൻ റോഡിലാണ് ഇതിന്റെ പ്രവർത്തനം.

മാതംഗിയുടെ വെബ്‌സൈറ്റ് സംവിധായകൻ സിബി മലയിൽ സ്വിച്ച് ഓൺ ചെയ്തു. ലോകപ്രശസ്ത നൃത്ത വിദ്യാലയമായ കലാക്ഷേത്രയുടെ മുൻ ഡയറക്ടർ കൂടിയായ പ്രിയദർശിനി ഗോവിന്ദ് ആദ്യമായാണ് കൊച്ചിയിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നത്. നവ്യയുടെ സ്വപ്നമായിരുന്നു സ്വന്തമായൊരു ഡാൻസ് സ്‌കൂളെന്നും തന്റെ കുടുംബത്തിന്റെയും എല്ലാ പിന്തുണയും നവ്യയ്ക്ക് ഉണ്ടാകുമെന്നും നവ്യയുടെ ഭർത്താവ് സന്തോഷ് പറഞ്ഞു.

സൂര്യ കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എംപി., കെ. മധു , എസ്.എൻ. സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരൻ , മനു മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.നവ്യ നായരുടെ നൃത്തഗുരു കൂടിയാണ് മനു മാസ്റ്റർ. ഡിസംബർ 3,4 തീയതികളിൽ നടക്കുന്ന വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9446595530 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യാം.

നിരവധി പ്രമുഖ കലാകാരന്മാർക്കൊപ്പം വിവിധ രാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് പ്രിയദർശിനി ഗോവിന്ദ്. കലൈലാമണി പുരസ്‌കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ തേടിയെത്തിയിട്ടുള്ള പ്രിയദർശിനി നൃത്തത്തിനും നൃത്ത അദ്ധ്യാപനത്തിനുമായി ജീവിതം മാറ്റിവച്ച കലോപാസകയാണ്. ലോകം അറിയപ്പെടുന്ന പ്രിയദർശിനി ഗോവിന്ദനോട് കുട്ടിക്കാലം മുതലേ സ്‌നേഹവും ആദരവുമുണ്ടെന്ന് നവ്യ നായർ പറഞ്ഞു.