കുട്ടിക്കാലത്ത് അച്ഛനമ്മമാരോട് മക്കൾക്കുള്ള സ്‌നേഹം കടലോളം വ്യാപിച്ചു കിടക്കുകയാണ്. അത് എത്രയെന്ന് വാക്കുകൾ കൊണഅട് നിർവചിക്കാൻ കഴിയില്ല. പരസ്പരം അവർ സ്‌നേഹം കൊണ്ട് പൊതിയും. മാതാപിതാക്കളോട് മക്കൾക്കുള്ള സ്‌നേഹം എത്രയെന്ന് വ്യക്തമാക്കുകയാണ് ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ. ഈ വീഡിയോ കണ്ടാൽ ആരുടേയും കരളലിഞ്ഞുപോകുമെന്നതാണ് സത്യം.

കാഴ്ച പരിമിതിയുള്ള അച്ഛനും അമ്മയ്ക്കും കണ്ണായി മാറിയ ഒരു കൊച്ചു പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. ദിവസങ്ങൾക്ക് മുൻപ് മിത്ത് ഇന്ദുൽഖർ എന്നയാളുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുംബൈയിലെ മീരാ റോഡിലെ ഒരു കടയിലെത്തിയതാണ് പെൺകുട്ടിയും മാതാപിതാക്കളും.അവരെ കണ്ട് താൻ വികാരാധീനനായിപ്പോയിയെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. മകളുടെ കണ്ണിലൂടെയാണ് ആ മാതാപിതാക്കൾ ലോകത്തെ കാണുന്നത്. സ്‌കൂൾ യൂണിഫോം ധരിച്ച ചെറിയൊരു പെൺകുട്ടി തന്റെ മാതാപിതാക്കൾക്ക് പക്കോഡ എടുത്തുകൊടുക്കുന്നതും കഴിക്കാൻ സഹായിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

 
 
 
View this post on Instagram

A post shared by Mith Indulkar (@mith_mumbaikar)

'ആദ്യമായി അവരെ കണ്ടപ്പോൾ ഞാൻ വളരെ വികാരാധീനനായി. എല്ലാ ദിവസവും അവർ ഈ കടയിലേക്ക് വരുന്നത് ഞാൻ കാണാറുണ്ടായിരുന്നു ( മീരാ റോഡ്) .അവളുടെ മാതാപിതാക്കൾ കാഴ്ച പരിമിതിയുള്ളവരാണ്.അവർ അവരുടെ മകളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുന്നു.

ഈ കൊച്ചു പെൺകുട്ടി നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. 'നിങ്ങളുടെ മാതാപിതാക്കളേക്കാൾ വലുതായി ആരും നിങ്ങളോട് കരുതൽ കാണിക്കില്ല.അതിനാൽ അവർ നമ്മളോടൊപ്പമുള്ളപ്പോൾ അവരെ പരിപാലിക്കുക'. ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെക്കുക. ഈ പെൺകുട്ടിയെ വൈറലാക്കുക ' ! എന്ന അടിക്കുറിപ്പായിരുന്നു ഇന്ദുൽഖർ പോസ്റ്റ് പങ്കുവെച്ചത്.

10 ലക്ഷത്തോളം പേരാണ് ഇതിനകം വീഡിയോ കണ്ടത്. കൂടാതെ നിരവധിപ്പേർ വീഡിയോയ്ക്ക് താഴെ കമന്റുമായെത്തി.ദൈവം അവളെ അനുഗ്രഹിക്കട്ടെ, അവൾ പോരാളിയാണ്, അവരെക്കുറിച്ച് കൂടുതൽ അറിയാൻ എന്തെങ്കിലും വഴിയുണ്ടോ? തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.