റാഞ്ചി: ലോകകപ്പ് നേട്ടത്തിന്റെ ആഘോഷ നിറവിൽ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് അർജന്റീന ആരാധകർ. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ലയണൽ മെസിയും സംഘവും. ഖത്തർ ലോകകപ്പിൽ മെസി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതോടെ ഒരു രാജ്യത്തിന്റെയും ലോകമെമ്പാടുമുള്ള ആരാധകരുടെയും 36 വർഷത്തെ കാത്തിരിപ്പിന് കൂടിയാണ് വിരാമമായത്.

ഇതിഹാസ താരം ലയണൽ മെസി ഒപ്പിട്ട ജഴ്‌സി സമ്മാനമായി ലഭിച്ചതിന്റെ ആഹ്ലാദം പങ്കിട്ട് പ്രമുഖർ രംഗത്ത് വന്നിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷായെ തേടി എത്തിയ അപൂർവ സമ്മാനത്തിന്റെ ചിത്രം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രഗ്യാൻ ഓജയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ജയ് ഷായുടെ പേരെഴുതിയാണ് മെസി ഒപ്പുചാർത്തി തന്റെ പത്താം നമ്പർ ജഴ്‌സി അയച്ചത്. ലോകകപ്പ് നേടിയതിന് അർജന്റീനയെ അഭിനന്ദിച്ച് ജയ് ഷാ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. മനോഹരമായ ഫൈനൽ മത്സരമായിരുന്നെന്നും മൂന്നാമത് ലോകകപ്പ് നേടിയ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ ! അർഹതപ്പെട്ട വിജയം- എന്നായിരുന്നു ജയ് ഷായുടെ ട്വീറ്റ്.

 
 
 
View this post on Instagram

A post shared by ZIVA SINGH DHONI (@ziva_singh_dhoni)

സമാനമായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ എം എസ് ധോണിയുടെ മകളെ തേടിയും മെസി ഒപ്പിട്ട ജഴ്‌സി എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ ധോണിയുടെ മകൾ സിവ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മെസി ഒപ്പിട്ട ജേഴ്‌സി അണിഞ്ഞുള്ള സിവയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

ഖത്തർ ലോകകപ്പ് ഫൈനലിൽ ശക്തരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജന്റീന മൂന്നാം കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ മെസി രണ്ട് ഗോൾ നേടിയിരുന്നു. ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി മെസിയായിരുന്നു ടൂർണമെന്റിലെ മികച്ച താരം. 2014ലെ ലോകകപ്പിലും മെസിയായിരുന്നു മികച്ച താരം.