മുംബൈ: ക്രിക്കറ്റിനോട് എന്നപോലെ രുചികരമായ ഭക്ഷണത്തോടുമുള്ള സച്ചിൻ ടെൻഡുൽക്കറിന്റെ പ്രണയം ആരാധകർക്ക് അറിവുള്ളതാണ്. രാജ്യത്തിന്റെ വൈവിധ്യമാർന്ന ഭക്ഷണങ്ങളെക്കുറിച്ച് തന്റെ യാത്രകൾക്കിടയിൽ സച്ചിൻ പങ്കുവയ്ക്കുന്ന വീഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. സ്ട്രീറ്റ്ഫുഡ് പ്രേമത്തെക്കുറിച്ചും വടാപാവിനോടുള്ള പ്രത്യേക ഇഷ്ടത്തെക്കുറിച്ചുമൊക്കെ സച്ചിൻ വാചാലമാകാറുണ്ട്. ഇടയ്ക്ക് താരത്തിന്റെ പാചക പരീക്ഷണങ്ങളും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.

ഇപ്പോഴിതാ രാജസ്ഥാനിൽനിന്നുള്ള ഒരു ഫുഡ് കോബിനേഷൻ പരിചയപ്പെടുത്തുകയാണ് സച്ചിൻ. രാജസ്ഥാനിലെ ഒരു ഉൾനാട്ടിലെ രണ്ട് സ്ത്രീകൾ ചേർന്ന് തയ്യാറാക്കുന്ന തനത് വിഭവങ്ങൾ ആസ്വദിച്ച് കഴിക്കുന്ന സച്ചിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. സച്ചിൻ തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഗോതമ്പും കമ്പവും (ബജ്റ) ചേർത്ത് തയ്യാറാക്കിയ ചപ്പാത്തി നെയ്യും ശർക്കരയും ചേർത്താണ് സച്ചിൻ കഴിക്കുന്നത്.

 
 
 
View this post on Instagram

A post shared by Sachin Tendulkar (@sachintendulkar)

അടുപ്പിൽ തീ കൂട്ടി അപ്പോൾ തന്നെ ചപ്പാത്തി ചുട്ടെടുക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. ഈ ചപ്പാത്തിയിലേയ്ക്ക് നിറയെ നെയ്യ് ഒഴിച്ച്, ഒപ്പം ശർക്കരയും ചേർത്താണ് സച്ചിൻ കഴിക്കുന്നത്. അടുപ്പിൽ തീയിലിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തിക്ക് രുചി ഏറെയാണെന്ന് വീഡിയോയിൽ സച്ചിൻ പറയുന്നത് കേൾക്കാം. എന്റെ ജീവിതത്തിൽ ഇത്രയധികം നെയ്യ് ഞാൻ കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്ര രുചികരമായി മറ്റാർക്കും ചപ്പാത്തി തയ്യാറാക്കാൻ കഴിയില്ലെന്നും സച്ചിൻ വീഡിയോയിൽ പറയുന്നു.

ജയ്പുരിലെത്തിയ സച്ചിൻ തന്റെ പ്രഭാതഭക്ഷണത്തെക്കുറിച്ച് പങ്കുവച്ച വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്വാദിഷ്ഠമായ സമൂസയും കച്ചോറീസും ചട്ണിയുമടങ്ങുന്ന പ്രഭാതഭക്ഷണത്തോടൊപ്പമാണ് സച്ചിന്റെ ജയ്പുരി ദിനം ആരംഭിച്ചത്. മൺഗ്ലാസിൽ പകർന്ന് വെച്ച മലായ് ലസിയും അദ്ദേഹം കുടിക്കുന്നത് വീഡിയോയിൽ കാണാം. പ്രാതൽ ഏറെ രുചികരമെന്നും മയിലുകൾക്ക് പോലും കഴിക്കാൻ തോന്നുന്നുണ്ടെന്നും അതാണ് അവർ ഇങ്ങനെ പാടുന്നത് എന്നുമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്ക് താഴെ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.