- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പനും കോശിയിലെ ആ റോൾ ചെയ്യണ്ടിയിരുന്നത് ഞാൻ; ആ സിനിമ ചെയ്യാൻ അവസാന നിമിഷം വരെ ആഗ്രഹിച്ചിരുന്നു: സിദ്ദിഖ്
അയ്യപ്പനും കോശിയും സിനിമയിൽ രഞ്ജിത് അവതരിപ്പിച്ച കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനായിരുന്നെന്ന് നടൻ സിദ്ദീഖ്. സിനിമ കമ്മിറ്റ് ചെയ്‌തെങ്കിലും ആ സമയത്ത് അഭിനയിച്ചുകൊണ്ടിരുന്ന സിനിമയിൽനിന്നു മാറി നിൽക്കാൻ കഴിയാത്തതുകൊണ്ട് മാത്രമാണ് ആ കഥാപാത്രം ചെയ്യാൻ കഴിയാതെ പോയതെന്നും സിദ്ദീഖ് പറഞ്ഞു. ആ കഥാപാത്രം ചെയ്യാനാകുമെന്ന് അവസാന നിമിഷം വരെ വിചാരിച്ചിരുന്നെന്നും താരം വെളിപ്പെടുത്തി. ന്നാലും ന്റെളിയാ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് സിദ്ദീഖ് ഇക്കാര്യം തുറന്നുപറഞ്ഞത്.
''അയ്യപ്പനും കോശിയിലും രഞ്ജിത് ചെയ്ത റോൾ ചെയ്യേണ്ടത് ഞാനായിരുന്നു. അതിന് കമ്മിറ്റ് ചെയ്തതാണ്. ഷൂട്ടിങ്ങ് ഡേറ്റും എല്ലാം ഓക്കെ ആയതാണ്. പക്ഷേ ആ സമയത്ത് ഞാൻ 'മോഹൻ കുമാർ ഫാൻസ്' എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. ആ സിനിമ കുറച്ച് വൈകിയാണ് തുടങ്ങിയത്. അതിൽ ജോയിൻ ചെയ്തപ്പോഴും സംവിധായകനോട് ഞാൻ സച്ചിയുടെ സിനിമയിൽ അഭിനയിക്കേണ്ടതിനെക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ ഇക്ക പോയാൽ ഇവിടെ ശരിയാവില്ലെന്നു തന്നെ അദ്ദേഹം പറഞ്ഞു.
രഞ്ജിത്തും ഇടയ്ക്കിടെ വിളിക്കുന്നുണ്ട്. സിനിമയിലെ ഒരു സുപ്രധാന സീനാണ് അത്, വരുമോയെന്ന് ഇടയ്ക്കിടെ ചോദിച്ചു. ഇതൊന്ന് ഒതുക്കിയിട്ടു വരാമെന്ന് ഞാൻ പറഞ്ഞു. കാരണം എനിക്ക് അത് ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. സച്ചി അത്രയും മനോഹരമായിട്ടാണ് അതിന്റെ കഥ എന്നോടു പറഞ്ഞത്. പക്ഷേ അവർക്ക് ഒരു ദിവസം പെട്ടെന്ന് എന്റെ കഥാപാത്രത്തിന്റെ ഷൂട്ട് എടുത്തേ മതിയാകൂ എന്ന ഘട്ടം വന്നു. അത് പൃഥ്വിരാജും കൂടിയുള്ള കോംബിനേഷൻ സീനാണ്. അവർക്ക് അത് അന്നു തന്നെ ചെയ്തെ മതിയാകൂ എന്നായിരുന്നു. നാളെ എത്തിയേ പറ്റൂ എന്ന് എന്നെ വിളിച്ചു പറഞ്ഞു. പക്ഷേ ഈ സിനിമയിൽ നിന്ന് എനിക്ക് പോവാൻ പറ്റിയില്ല.
പിന്നീട് രഞ്ജിത് ആ വേഷം അഭിനയിച്ചു. അത് അഭിനയിച്ച് കഴിഞ്ഞിട്ടും ഇടയ്ക്ക് രഞ്ജിത് എന്നെ വിളിച്ച് ഓരോന്ന് പറയും. ചില ഡയലോഗൊക്കെ പറയുമ്പോൾ നിന്നെത്തന്നെയാ ഓർമ വന്നതെന്നും ''ചവിട്ടിയങ്ങ് കൊന്നേനെ നിന്നെ'' എന്നൊക്കെ പറയും. ഇപ്പോഴും അത് ഇടയ്ക്ക് എന്നോട് പറയും. ഞാൻ അപ്പോഴും അദ്ദേഹം ചെയ്ത് നന്നായതിനെക്കുറിച്ച് പറയും. ''നീ കൂടുതൽ വർത്താനം പറയേണ്ട, നീ എന്നെ ചതിച്ചതല്ലേ'' എന്ന് എന്നോട് പറയും. ആ സിനിമ ചെയ്യാൻ കഴിയാത്തതിൽ എനിക്ക് നല്ല വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോഴും ഇടയ്ക്ക് തോന്നും.'' സിദ്ദീഖ് പറഞ്ഞു.