മ്മൂട്ടി നായകനായെത്തുന്ന 'നൻപകൽ നേരത്ത് മയക്കം' തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി എന്ന മഹാനടൻ കാഴ്ച വെച്ചിരിക്കുന്നതെന്നാണ് സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. കേരളത്തിൽ 122 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്‌ക്രീനിലെത്തിച്ചു. തേനി ഈശ്വറിന്റെ ക്യാമറയ്ക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. സിനിമയിലുടനീളമുള്ള തമിഴ് ഗാനങ്ങളുടെ അകമ്പടിക്കും കയ്യടി.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നൻപകൽ നേരത്ത് മയക്കം നിർമ്മിച്ചിരിക്കുന്നത്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്ക്കും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിങ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്‌സ് ഫസൽ എ. ബക്കർ.

പ്രശസ്ത കഥാകൃത്ത് എസ്. ഹരീഷും, നവ മലയാള സിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ ചലച്ചിത്രകാരൻ എന്നു പ്രശംസിക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയും നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ പരീക്ഷിച്ചിരിക്കുന്നത് രസകരമായൊരു ചിന്തയുടെ സാക്ഷാത്കാരമാണ്. അല്ലെങ്കിൽ എങ്ങനെയാണ് മൂവാറ്റുപുഴക്കാരൻ കുടുംബസ്ഥനനായ വ്യക്തി പെട്ടെന്ന് സുന്ദരം എന്ന വ്യക്തിയായി മാറുന്നത്. മൂവാറ്റുഴയിൽ നിന്നു തമിഴ്‌നാട്ടിലേക്കുള്ള ദൂരം. അതേ ദൂരമുണ്ട് ജെയിംസും സുന്ദരവുമായി. എന്നാൽ ആ ദൂരത്തെ തന്റെ അഭിനയശേഷി കൊണ്ട് മലയാളത്തിന്റെ മഹാനടൻ മറികടക്കാൻ ശ്രമിക്കുന്നതിന്റെ അദ്ഭുതകരമായ കാഴ്ച കൂടിയാണ് ചിത്രം.