ഗോൾഡ് സിനിമയ്‌ക്കെതിരെയുള്ള വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് അൽഫോൻസ് പുത്രൻ. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. സ്വന്തം സംതൃപ്തിക്ക് വേണ്ടി തന്നെ പരിഹസിക്കുന്നവരോട് ഇനി ക്ഷമിക്കില്ലെന്നും അൽഫോൻസ് പുത്രൻ പറയുന്നു. പരിഹാസം പരിധിവിട്ടാൽ ഇന്റ്റർനെറ്റിൽ നിന്നുതന്നെ അപ്രത്യക്ഷമാകും. ആരും തോൽവി സ്വയം ഏറ്റുവാങ്ങുന്നതല്ലെന്നും തന്നെ തോൽപ്പിച്ച പ്രകൃതി തന്നെ ഉയർത്തെഴുന്നേൽക്കാനുള്ള ഊർജം തനിക്ക് നൽകുമെന്നും അൽഫോൻസ് പുത്രൻ പറയുന്നു.

''നിങ്ങൾ എന്നെ ട്രോളുകയും എന്നെയും ഗോൾഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്... അത് നിങ്ങൾക്ക് ഇഷ്ടമായിരിക്കാം. എന്നാൽ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ ഞാൻ എന്റെ മുഖം കാണിക്കില്ല. ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല. എന്റെ സൃഷ്ടികൾ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ കണ്ടാൽ മതി അല്ലാതെ എന്റെ പേജിൽ വന്ന് ദേഷ്യം കാണിക്കരുത്. ഇനി അങ്ങനെ ചെയ്താൽ, ഞാൻ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകും.

ഞാൻ പഴയതുപോലെയല്ല. എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തുന്നയാളാണ്. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നെ വീഴ്‌ത്തിയ പ്രകൃതി തന്നെ വീണ്ടും എന്നെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് കരുതുന്നു. നല്ലൊരു ദിനം ആശംസിക്കുന്നു.''അൽഫോൻസ് പുത്രൻ പറഞ്ഞു.