ഴിഞ്ഞ 12 മാസക്കാലയളവിലെ ഗൂഗിൾ സെർച്ച് ഡാറ്റയുടെ അടിസ്ഥാനത്തിൽ നടത്തിയ പുതിയ വിശകലനത്തിൽ ലോക യുവതയുടെ ഇഷ്ടപ്പെട്ട തൊഴിലുകൾ ഏതൊക്കെയാണെന്ന ലിസ്റ്റ് പുറത്തു വന്നിരിക്കുന്നു. ആഗോളാടിസ്ഥാനത്തിൽ നോക്കിയാൽ ഏറ്റവും അധികം യുവാക്കൾ കൊതിക്കുന്ന ജോലി പൈലറ്റിന്റേതാണ്. വിവിധ രജ്യങ്ങളിലെ യുവാക്കൾ ഏറ്റവുമധികം താത്പാര്യപ്പെടുന്ന ജോലികൾ, അതത് രാജ്യങ്ങളുടെ പേരിനൊപ്പം ലിസ്റ്റിലുണ്ട്.

എങ്ങനെ ഒരു പൈലറ്റ് ആകാം എന്ന സേർച്ചാണ് ഇക്കഴിഞ്ഞ 12 മാസത്തിൽ ഏറ്റവും അധികമായി ഗൂഗിളിൽ എത്തിയത്. അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഈ കീവേർഡുകളാണ് സെർച്ചിനായി എറ്റവും അധികം ഉപയോഗിച്ചിരിക്കുന്നത്. ആഗോളാടിസ്ഥാനത്തിൽ 9,30,630 പേരാണ് എങ്ങനെ പൈലറ്റ് ആകാം എന്ന് കണ്ടുപിടിക്കാൻ ശ്രമിച്ചിരിക്കുന്നത്.

എഴുത്തുകാരനാകണമെന്നായിരുന്നു രണ്ടാമത്തെ വലിയ ആഗ്രഹം. 8,01,200 പേരാണ് ലോകമാകമാനമയി എങ്ങനെ ഒരു എഴുത്തുകാരനാകാം എന്നറിയുവാൻ ഗൂഗിളിന്റെ സഹയം തേടിയിരിക്കുന്നത്. ഇന്ത്യ, ന്യുസിലാൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ ഏറിയ പങ്കും. യുവാക്കൾക്ക് ഇഷ്ടമുള്ള തൊഴിലുകളിൽ മൂന്നാം സ്ഥാനത്തുള്ളത് ഡാൻസറുടേതാണ്. 2,78,720 പേരാണ് ഇതിനുള്ള താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ ഏറിയഭാഗവും.

കുടിയേറ്റക്കാർക്ക് വിവിധ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്ന റെമിറ്റി എന്ന സ്ഥാപനമാണ് ഈ പുതിയ തൊഴിൽ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് പ്രചാരത്തിലുള്ള ഏകദേശം 200 തൊഴിലുകളോളം പരിഗണനക്കെടുത്തായിരുന്നു ഗൂഗിൾ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഈ പഠനം നടത്തിയത്. ഉയർന്ന ശമ്പളം, തൊഴിലിൽ കൂടുതൽ ഉന്നതങ്ങളിൽ എത്തുവാനുള്ള സാധ്യത, അതുപോലെ യാത്ര ചെയ്യുവാനുള്ള അവസരങ്ങൾ എന്നിവയാന് പൈലറ്റിനെ ഏറ്റവും അധികം യുവാക്കൾ ഇഷ്ടപ്പെടുന്ന തൊഴിൽ ആക്കി മാറ്റിയിരിക്കുന്നത്.

എന്നാൽ, മേഖലകൾ തിരിച്ച് പരിശോധിച്ചാൽ കല-സാംസ്‌കാരിക രംഗവുമായി ബന്ധപ്പെട്ട തൊഴിലുകൾക്കാണ് ഏറെ പ്രിയം എന്നു കാണാം. യൂട്യുബർ ആകുക എന്നതാണ് ഏറേ യുവാക്കൾ ഇഷ്ടപ്പെടുന്ന തൊഴിലുകളിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 1,95,070 പേരാണ് ഇക്കാര്യം ഗൂഗിളിൽ തിരഞ്ഞിരിക്കുന്നത്. സ്വന്തമായി വ്യവസായ സംരംഭങ്ങൾ തുടങ്ങി വ്യവസായി ആകണമെന്ന് ആഗ്രഹിക്കുന്നവർ അഞ്ചാം സ്ഥാനത്താണ്.

നടൻ/ നടി, സാമൂഹ്യ പ്രവർത്തകൻ, പ്രോഗ്രാമർ, ഗായകൻ/ ഗായിക എന്നീ തൊഴിലുകളാണ് ഇതിനു പിന്നിൽ ഇതേ ക്രമത്തിൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. തൊട്ടു താഴെ അദ്ധ്യാപകരുമുണ്ട്. ഇന്ത്യാക്കാരായ യുവാക്കൾ എഴുത്തുകാരാകാൻ ഇഷ്ടപ്പെടുമ്പോൾ അയൽവക്കത്തുള്ള ചൈനയിൽ ഏറ്റവും കൂടുതൽ യുവാക്കൾ ആഗ്രഹിക്കുന്നത് ഡയറ്റീഷൻ ആകാനാണ്. അറേബ്യൻ രാജ്യങ്ങളിൽ ഏറ്റവും അധികം യുവാക്കൾ ആഗ്രഹിക്കുന്നത് കവികൾ ആകാനും.