2018ൽ ഷാരൂഖ് ഖാൻ അഭിനയിച്ച ചിത്രമായിരുന്നു 'സീറോ'. എന്നാൽ ബോക്‌സ് ഓഫിസിൽ ആ ചിത്രം തകർന്നടിഞ്ഞു. സീറോ'യ്ക്ക് ശേഷം തനിക്ക് ആത്മവിശ്വാസം തീരെ ഉണ്ടായിരുന്നില്ലെന്നും ചിലപ്പോഴൊക്കെ പേടിയുണ്ടായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരുഖ് ഖാൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ പഠാനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം ഹിന്ദി ചലച്ചിത്ര വ്യവസായത്തിന് പുതു ജീവൻ നൽകിയതിന് പ്രേക്ഷകരോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

ഷാരുഖിന്റെ വാക്കുകൾ ഇങ്ങനെ: ''സിനിമാ വ്യവസായത്തിന് ജീവൻ നൽകിയതിന് നന്ദി, ഒന്നും അസ്തമിച്ചിട്ടില്ല. എന്നെ സ്‌നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ട്, സിനിമ അനുഭവം ഒരു പ്രണയാനുഭവമാണ്. അത് ആരെയും വേദനിപ്പിക്കാൻ പാടില്ല. ഞങ്ങളെല്ലാം നിങ്ങളെ രസിപ്പിക്കാൻ എത്തുന്നവരാണ്. സിനിമയിൽ വില്ലന്മാരായി വേഷമിടേണ്ടി വരും. പക്ഷേ ജീവിതത്തിൽ അവരെല്ലാം അങ്ങനാണെന്ന് കരുതരുത്. സിനിമയെ വിനോദോപാദിയായി മാത്രം കാണുക.''

പഠാന്റെ റിലീസിനെ തടസപ്പെടുത്തുന്ന പലതും സംഭവിച്ചെങ്കിലും ഇത്രയധികം പിന്തുണ നൽകിയതിന് പ്രേക്ഷകരോടും മാധ്യമങ്ങളോടും ഞങ്ങളെല്ലാം അങ്ങേയറ്റം നന്ദിയുള്ളവരാണെന്നും ഷാരൂഖ് പറഞ്ഞു. റെക്കോർഡുകൾ തകർത്ത് സിനിമ കുതിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് 542 കോടി രൂപയുടെ കലക്ഷനാണ് സിനിമ നേടിയത്. ഇന്ത്യയിൽ നിന്ന് 335 കോടിയും വിദേശ രാജ്യങ്ങളിൽ നിന്നായി 207 കോടിയും നേടി.