- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിച്ചിത്രത്താഴിൽ സഹകരിച്ചത് അഞ്ച് സംവിധായകർ; നാഗവല്ലിയെ കണ്ടു അലറി വിളിക്കുന്ന രംഗം ഷൂട്ട് ചെയ്തത് സിദ്ദീഖ് ലാൽ ആയിരുന്നു; ''ദാസപ്പാ നീ എന്നെ ഒന്നു നോക്കിയേ'' എന്ന രംഗം ഷൂട്ട് ചെയ്തത് സിബി മലയിൽ: വെളിപ്പെടുത്തലുമായി ഗണേശ് കുമാർ
മലയാള സിനിമാലോകത്തെ പഴയ കഥകൾ ഓർത്തെടുത്ത് മണിയൻപിള്ള രാജുവും ഗണേശും. ഫാസിലിന്റെ 'മണിച്ചിത്രത്താഴ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ സംഭവങ്ങളാണ് ഗണേശ് കുമാർ ഓർത്തെടുത്തത്. മണിച്ചിത്രത്താഴിൽ അഞ്ചു സംവിധായകർ സഹകരിച്ചിട്ടുണ്ടെന്ന് ഗണേശ് പറഞ്ഞു. ഐ.വി. ശശി എന്ന സംവിധായകന് തിരക്കഥ ഒന്നു മറിച്ചു നോക്കിയാൽത്തന്നെ എല്ലാം ഹൃദിസ്ഥമാകുമെന്നും ഗണേശ് പറഞ്ഞു. സിനിമയിൽനിന്ന് താൻ മുൻകൈ എടുത്ത് ഒരാളെ ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു മണിയൻപിള്ള രാജു ഓർത്തെടുത്തത്.
പത്മരാജന്റെ 'കൂടെവിടെ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ വന്ന പയ്യൻ ആ റോളിലേക്ക് അനുയോജ്യനല്ല എന്നു മനസ്സിലാക്കിയാണ് അയാളെ ഒഴിവാക്കി റഹ്മാനെ കാസ്റ്റ് ചെയ്തതെന്ന് മണിയൻപിള്ള രാജു പറഞ്ഞു. കേരള നിയമസഭയുടെ ഇന്റർനാഷനൽ ബുക്ക് ഫെസ്റ്റിവലിലെ സിനിമയും എഴുത്തും എന്ന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇരുവരും. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടിവ് അംഗം ടിനി ടോം, സംവിധായകൻ വിപിൻ ദാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഗണേശ് കുമാറിന്റെ വാക്കുകൾ:
''ഞാൻ അദ്ഭുതകരമായ സ്‌ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ടു സ്ഥലങ്ങളിലാണ്. ഒന്ന് ഫാസിലിന്റെ മണിച്ചിത്രത്താഴ് ആണ്. അഞ്ചു സംവിധായകരാണ് അത് സംവിധാനം ചെയ്തത്. പാച്ചിക്ക സംവിധാനം ചെയ്തിട്ടുണ്ട്, ഒരു സ്ഥലത്ത് പ്രിയദർശൻ, ഒരിടത്ത് സിബി മലയിൽ, ഒരിടത്ത് സിദ്ദീഖ് ലാൽ. ഈ അഞ്ചു പേരുടെയും കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്. ''ദാസപ്പാ നീ എന്നെ ഒന്നു നോക്കിയേ'' എന്നു പറയുന്ന രംഗം സിബി മലയിൽ ആണ് ഷൂട്ട് ചെയ്തത്. നാഗവല്ലിയെ കണ്ടു ഞാൻ അലറി വിളിച്ചു കരയുന്നത് സിദ്ദീഖ് ലാൽ ആണ് ചെയ്തത്. കുറച്ചു ഭാഗം പ്രിയദർശൻ എടുത്തിട്ടുണ്ട്. അങ്ങനെ അഞ്ചു പേരോടൊപ്പവും ഞാൻ അതിൽ വർക്ക് ചെയ്തു. ഒരു സ്‌ക്രിപ്റ്റിനെ ഒരു പരിസരത്തുള്ള ലൊക്കേഷനുകളിൽ വച്ച് വിവിധ സംവിധായകർ എടുത്ത് ആ സിനിമ സൂപ്പർ ഹിറ്റ് ആവുക എന്ന് പറയുന്നത് ഒരു അദ്ഭുതമാണ്. അതിനു മുൻപും ശേഷവും അങ്ങനെ ഒരു അദ്ഭുതം ഉണ്ടായിട്ടില്ല. ആദ്യം പാച്ചിക്ക സംവിധായകനും ക്യാമറാമാനും ഒരു ഐഡിയ കൊടുക്കും. അതു കേട്ട് മനസ്സിലാക്കിയിട്ട് അവർ ചെയ്തത് അഞ്ചും നമുക്കു തിരിച്ചറിയാൻ പറ്റില്ല.
ടി. ദാമോദരൻ മാസ്റ്റർ സ്‌ക്രിപ്റ്റ് എഴുതുന്നത് സിനിമ ചെയ്യുന്നതുപോലെ ആണ്. സ്റ്റണ്ട് ഒക്കെ അതുപോലെ എഴുതി വയ്ക്കും, വലത്തോട്ടൊഴിഞ്ഞ് നാഭി നോക്കി ഒരു ചവിട്ട് വച്ചുകൊടുത്തു എന്നൊക്കെ എഴുതി വയ്ക്കും. അദ്ദേഹത്തിന്റെ ഒരു സീൻ 25-30 പേജ് ഒക്കെ കാണും. ഐ.വി. ശശി ചെയ്യുമ്പോൾ സ്‌ക്രിപ്റ്റ് ഇങ്ങോട്ട് കൊണ്ടുവരാൻ പറയും. അദ്ദേഹത്തിന്റെ കയ്യിൽ പേനയൊന്നും കാണില്ല. അസിസ്റ്റന്റ് ഡയറക്ടറുടെ കയ്യിൽ നിന്ന് ഒരു പേന വാങ്ങി സ്‌ക്രിപ്റ്റ് മറിച്ച് പത്തുപതിനഞ്ച് പേജ് അങ്ങ് വെട്ടിക്കളയും. പെട്ടെന്ന് മറിച്ചു നോക്കി ആദ്യത്തെ അഞ്ചാറ് പേജ് വെട്ടി അവസാനത്തെയും കുറെ പേജ് വെട്ടി ആഹ് ഇത്രയും മതി എന്നങ്ങു പറയും. ആ ആൾ എടുക്കുന്ന പടമാണ് അങ്ങാടി പോലെയുള്ള സിനിമകൾ. നമുക്ക് അദ്ഭുതം തോന്നിപ്പോകും.
പത്മരാജൻ ചേട്ടന്റെ അവസാനത്തെ സിനിമ ഞാൻ ഗന്ധർവനിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി. അദ്ദേഹം ഗന്ധർവനായി ജീവിക്കുകയാണ്. ഗന്ധർവ്വൻ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് അദ്ദേഹത്തെത്തന്നെയായിരുന്നു കാരണം സ്‌ക്രിപ്റ്റ് എഴുതിയത് മുതൽ അത് നമുക്ക് പറഞ്ഞു തരുമ്പോഴും അഭിനയിപ്പിക്കുമ്പോഴും എല്ലാം അദ്ദേഹം ഗന്ധർവനായി മാറുകയായിരുന്നു.''ഗണേശ് പറയുന്നു.
മണിയൻപിള്ള രാജു പറഞ്ഞത്
''സിനിമയിൽനിന്ന് ഒരാളെ ഞാൻ കട്ട് ചെയ്തിട്ടുണ്ട്. പത്മരാജൻ ചേട്ടൻ, ഞാൻ അങ്ങനെ എല്ലാവരും കൂടി ഊട്ടിയിൽ 'കൂടെവിടെ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പോയതാണ്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്ന് കയറി കോയമ്പത്തൂരിൽ ഇറങ്ങും. അവിടെ കാർ വരും. അപ്പോൾ എന്നോട് പത്മരാജൻ ചേട്ടൻ പറഞ്ഞു ''കൂടെവിടെ എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഒന്ന് വായിച്ചു നോക്കൂ'' എന്ന്. എന്നിട്ട് അദ്ദേഹം ഒരു പയ്യനെ പരിചയപ്പെടുത്തി. ഇതാണ് ഇതിൽ അഭിനയിക്കുന്ന പയ്യൻ എന്ന് പറഞ്ഞു. ഞാൻ സ്‌ക്രിപ്റ്റ് മുഴുവൻ വായിച്ചു നോക്കി. അതിഗംഭീര സ്‌ക്രിപ്റ്റ്. പത്മരാജൻ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ''ചേട്ടാ സ്‌ക്രിപ്റ്റ് വായിച്ചു ഗംഭീരമായിരുന്നു. ഇതിൽ ഒരു പയ്യൻ അഭിനയിക്കുന്നു എന്ന് പറഞ്ഞില്ലേ, ആ പയ്യനും സുഹാസിനിയും കൂടി നടന്നുവന്നാൽ മമ്മൂട്ടിക്ക് ഒരു സംശയവും തോന്നില്ല. കാരണം ഇവൻ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന പയ്യനെപോലെ ഇരിക്കുന്നു. അത്യാവശ്യം കുഴപ്പമുണ്ട്, സുഹാസിനിയുമായി ശാരീരികമായി ബന്ധമുണ്ട് എന്ന് തോന്നുന്ന ഒരു പയ്യൻ വന്നാലേ ആ റോളിൽ നിൽക്കൂ.''
അദ്ദേഹം പറഞ്ഞു, ''ഓ അങ്ങനെയാണോ അത് ശരി''. പിറ്റേന്ന് രാവിലെ അദ്ദേഹം എന്നെ ഒരു ഫോട്ടോ കാണിച്ചു. ഞാൻ പറഞ്ഞു ''ഫോട്ടോ കണ്ടാൽ മനസ്സിലാകില്ല''. പുള്ളി പറഞ്ഞു ''ആളിപ്പോ വരും''. അപ്പോൾ റെക്‌സ് സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് ഒരു പയ്യൻ ചെറിയ താടി ഒക്കെ വച്ച് നടന്നു വരുന്നു. പത്മരാജൻ ചേട്ടൻ എന്നോട് ചോദിച്ചു ''ഇവൻ എങ്ങനെ ഉണ്ട്''. ഞാൻ പറഞ്ഞു, ''ഇവൻ സുഹാസിനിയോടൊപ്പം നടന്നാൽ തീർച്ചയായിട്ടും മമ്മൂട്ടി സംശയിക്കും ഇല്ലാത്ത പ്രശ്‌നങ്ങൾ ഉണ്ടാക്കും. പക്ഷേ മറ്റേപ്പയ്യനെ അങ്ങനെ തോന്നില്ല''. മറ്റേ പയ്യൻ കോവളത്ത് ഉള്ള ഒരു ഹോട്ടൽ മുതലാളിയുടെ മകൻ ആയിരുന്നു. അവനെ അന്ന് പറഞ്ഞുവിട്ടു. അന്നു വന്ന പയ്യനെ അഭിനയിപ്പിച്ചു. അതാണ് റഹ്മാൻ. റഹ്മാൻ അതിനു വളരെ കറക്ട് കാസ്റ്റിങ് ആയിരുന്നു. അങ്ങനെ, ഒരു പയ്യനെ ഞാൻ സിനിമയിൽനിന്നു കട്ട് ചെയ്തിട്ടുണ്ട്. പക്ഷേ പത്തിരുപതു വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു തുണിക്കടയിൽ ഡ്രസ്സ് എടുത്തുകൊണ്ടു നിന്നപ്പോൾ ഒരാൾ വന്നു പരിചയപ്പെട്ട് ഞാൻ ഇന്നാരുടെ മകനാണ് എന്നു പറഞ്ഞു. ഞാൻ ചോദിച്ചു, ''അന്ന് ട്രെയിനിൽ അഭിനയിക്കാൻ വന്നതല്ലേ? ഞാനാണ് അന്നു പറഞ്ഞു മാറ്റി റഹ്മാനെ ആക്കിയത്, ഇയാൾ ആ റോളിന് ശരിയല്ലായിരുന്നു. അതാണ്''. അപ്പോൾ അവൻ പറഞ്ഞു: ''ചേട്ടാ നല്ല കാര്യം. എന്റെ അച്ഛന്റെയും അമ്മയുടെയും നിർബന്ധം കൊണ്ടാണ് ഞാൻ അന്ന് അഭിനയിക്കാൻ വന്നത്, ചേട്ടൻ എന്നെ കട്ട് ചെയ്തത് വലിയ കാര്യമായി. ഞാനിപ്പോ ബിസിനസ് നോക്കി നടത്തുകയാണ്.''മണിയൻപിള്ള രാജു പറഞ്ഞു.