ഇസ്‌ലാമബാദ്: തന്റെ വിവാഹ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്ക് എതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് പാക്കിസ്ഥാൻ യുവപേസർ ഷഹീൻ അഫ്രീദി. ശനിയാഴ്ച കറാച്ചിയിൽ നടന്ന ചടങ്ങിലാണ് ഷഹീൻ അഫ്രീദിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയും വിവാഹിതരായത്. ഷഹീൻ അഫ്രീദി വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കും മുൻപേ, താരത്തിന്റെയും അൻഷയുടേയും ചിത്രങ്ങൾ വൈറലായിരുന്നു. ഇതാണു താരത്തെ പ്രകോപിപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിപ്പിച്ചവർ തന്റേയും ഭാര്യയുടേയും കുടുംബത്തിന്റേയും സ്വകാര്യതയെ ഹനിച്ചുവെന്നും തുടർച്ചയായ അഭ്യർത്ഥനകൾ നടത്തിയിട്ടും കുറ്റബോധമില്ലാതെ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് തുടരുകയാണെന്നും ഷഹീൻ ട്വീറ്റ് ചെയ്തു.

വളരെക്കുറച്ച് അതിഥികൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിൽ മൊബൈൽ ഫോൺ ഓഫ് ചെയ്തു വയ്ക്കണമെന്നു പ്രത്യേകം നിർദേശമുണ്ടായിരുന്നു. എന്നാൽ വിവാഹ ചിത്രങ്ങൾ എങ്ങനെയാണു ചോർന്നതെന്നു വ്യക്തമല്ലെന്ന് താരം പറയുന്നു.

''തുടർച്ചയായുള്ള അഭ്യർത്ഥനകൾക്കിടെയും ഞങ്ങളുടെ സ്വകാര്യത നഷ്ടപ്പെട്ടെന്നതു ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ആളുകൾ ഒരു കുറ്റബോധവുമില്ലാതെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതു തുടരുകയാണ്. എല്ലാവരും ഞങ്ങളോടു സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം നശിപ്പിക്കരുത്.'' ഷഹീൻ അഫ്രീദി ട്വിറ്ററിൽ കുറിച്ചു.

കറാച്ചിയിലെ സകരിയ പള്ളിയിൽവച്ചായിരുന്നു നിക്കാഹ്. അതിനുശേഷം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിവാഹസത്കാരവും നടത്തി. പാക് ക്യാപ്റ്റൻ ബാബർ അസം, സർഫ്രാസ് അഹമ്മദ്, ഷദബ് ഖാൻ, നസീം ഷാം, ഫഖർ സമാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പാക് സ്‌ക്വാഷ് താരം ജഹാംഗിർ ഖാൻ, ഐസിസിയുടെ ജനറൽ മാനേജർ വസീം ഖാൻ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

കഴിഞ്ഞ വർഷമാണ് ഷഹീൻ അഫ്രീദിയുടേയും അൻഷയുടേയും വിവാഹം നിശ്ചയിച്ചത്. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ഷഹീന്റെ കുടുംബം കറാച്ചിയിൽ എത്തിയിരുന്നു. വ്യാഴാഴ്‌ച്ചയായിയിരുന്നു മൈലാഞ്ചിയിടൽ ചടങ്ങ്. ഷാഹിദ് അഫ്രീദിയുടെ മൂത്ത മകളായ അൻഷ ഡോക്ടറാണ്. നിലവിൽ ലണ്ടനിൽ വിദ്യാർത്ഥിനിയാണ്.

ട്വന്റി 20 ലോകകപ്പിനിടെ പരുക്കേറ്റ ഷഹീൻ അഫ്രീദി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ താരം കളിക്കും. പിഎസ്എല്ലിൽ ലാഹോർ ക്വാലാൻഡേഴ്‌സ് ടീമിന്റെ ക്യാപ്റ്റനാണ് ഷഹീൻ അഫ്രീദി.