ടി ഗൗതമി നായരും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും വിവാഹമോചിതരായി. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം. തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും ഗൗതമി പറഞ്ഞു. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2017 ലായിരുന്നു ഇരുവരുടെയും വിവാഹം. ഐ ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടി വിവാഹമോചന വാർത്ത വെളിപ്പെടുത്തിയത്.

സെക്കൻഡ് ഷോ, കുറുപ്പ് എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീനാഥ്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയും അഭിനയരംഗത്തെത്തുന്നത്. ഈ സിനിമയിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ''എന്റെ പ്രൈവറ്റ് കാര്യങ്ങൾ തീർത്തും പ്രൈവറ്റാക്കി വയ്ക്കാനാണ് ശ്രമിച്ചത്. ഇത്തരം കാര്യങ്ങൾ പുറത്ത് എത്തിയാൽ ആളുകൾ പലതും ചിന്തിച്ച് ഉണ്ടാക്കും. അതുകൊണ്ടാണ് ഇത് നടന്നത്, ഇതുകൊണ്ടാണ് അത് നടന്നത് എന്നൊക്കെ. ആരുടെയെങ്കിലും വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് അറിയില്ല. അതുകൊണ്ട് ജനങ്ങൾ സ്വയം വിധിക്കും. പക്ഷേ പ്രശ്‌നങ്ങൾ നേരിടുന്നവരുടെ ജീവിതാവസ്ഥയെക്കുറിച്ച് ഇവരൊന്നും ചിന്തിക്കാറില്ല.

വിവാഹം കഴിഞ്ഞ് മൂന്ന് വർഷമാണ് ഒന്നിച്ച് ജീവിച്ചത്. സിനിമയിൽ കാണുന്നതുപോലെ യാതൊരു ബഹളങ്ങളുമില്ലാതെ പരസ്പര സമ്മതത്തോടെയായിരുന്നു ഞങ്ങളുടെ വിവാഹമോചനം. മാത്രമല്ല ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പക്ഷേ ആ അവസ്ഥ അഭിമുഖീകരിക്കാൻ എനിക്ക് തെറാപ്പി ആവശ്യമായി വന്നിരുന്നു. രണ്ട് മാസം തെറാപ്പി ചെയ്തു. വിഡിയോ കോൾ വഴിയാണ് തെറാപ്പി ചെയ്തത്.

2012 മുതൽ ഞങ്ങൾ തമ്മിൽ അറിയാമായിരുന്നു. പിന്നീട് ഡേറ്റിങിലായിരുന്നു. എല്ലാം നല്ലതായിരുന്നു. എന്തിനാണ് ഈ വിവാഹത്തിൽനിന്നു പുറത്തുവന്നത് എന്ന് അച്ഛനും അമ്മയും ചോദിച്ചു. ഞങ്ങൾ തമ്മിൽ ശരിക്കും പ്രശ്‌നമൊന്നും ഇല്ല. എന്നാൽ ഞങ്ങളുടെ ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോൾ രണ്ടു രീതിയിലായി. എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നതിൽ അത് ബാധിച്ചു. എങ്ങനെയെങ്കിലും ഇതിൽ ഒരു ബാലൻസ് കണ്ടെത്താൻ കഴിയുമോ എന്ന് ഞങ്ങൾ കുറേ നോക്കി. എന്നാൽ അതിന് ഞങ്ങളിലൊരാൾ കോംപ്രമൈസ് ചെയ്യണമായിരുന്നു.

ചിലപ്പോൾ കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോകാം. എന്നാൽ കുറേ കഴിയുമ്പോൾ എന്തെങ്കിലും വിഷയം വരുമ്പോൾ നീ കാരണം ഇത് സംഭവിച്ചെന്ന് പറഞ്ഞ് തമ്മിൽ വിരൽ ചൂണ്ടേണ്ടി വരും. അതുകൊണ്ടുതന്നെ സന്തോഷമില്ലാതെ ഇങ്ങനെനിന്നിട്ടു കാര്യമില്ലെന്നും, രണ്ടാളും അവരുടെ വഴിക്ക് പോയി ഹാപ്പിയായി ജീവിക്കാൻ തീരുമാനിച്ചതോടെയുമാണ് ഞങ്ങൾ പിരിഞ്ഞത്. കമ്യൂണിക്കേഷൻ ഒരു പ്രധാന കാര്യമാണെന്ന് ഇതിൽ നിന്നും പഠിച്ചു.

23 മുതൽ 26 വയസ്സ് വരെയുള്ള പ്രായത്തിൽ നമുക്കു വേണ്ടത് എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയില്ല. ഇപ്പോൾ എനിക്ക് 31 വയസ്സായി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ 27 വയസ്സിനു ശേഷമെ തീരുമാനം എടുക്കാൻ പാടുള്ളു.'' ഗൗതമി നായർ പറഞ്ഞു.

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് ആയിരുന്നു ഗൗതമിയുടെ രണ്ടാമത്തെ ചിത്രം. പിന്നീട് പഠനത്തിനായി സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം പിഎച്ച്ഡി പൂർത്തീകരിച്ചു. എംഎസ്എസി ക്ലിനിക്കൽ സൈക്കോളജി പൂർത്തിയാക്കിയ നടി ഇപ്പോൾ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ന്യൂറോ സയൻസിൽ റിസേർച്ച് ചെയ്യുകയാണ്.