സൂറിച്ച്: നീല തൊപ്പിയും വയലറ്റ് കൂളിങ് ഗ്ലാസും അണിഞ്ഞ് അടിപൊളിയായി കുർബാന നടത്തി ജർമൻ വികാരി. റാപ്പ് മോഡലിലുള്ള അച്ചന്റെ കുർബാന സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബയേണിലെ ഉണ്ടർഫ്രാങ്കനിലെ ഹമ്മെൽബുർഗ് കത്തോലിക്കാ ഇടവക വികാരിയായ തോമസ് എഷൻബാഹറുടെതായിരുന്നു ഈ യോ യോ കുർബാന. അച്ചന്റെ ഞായറാഴ്‌ച്ച കുർബാന സമൂഹ മാധ്യമങ്ങളിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലായി 15 ലക്ഷത്തോളം പേരാണ് കണ്ടത്.

കുർബാന വേഷത്തിനൊപ്പം നീലയിൽ വെള്ള വരകളുള്ള തൊപ്പി, വയലറ്റ് കൂളിങ് ഗ്ലാസ്, കട്ടി സ്വർണ്ണച്ചെയിൻ എന്നിവ അണിഞ്ഞാണ് അച്ചനെത്തിയത്. റാപ്പ് മോഡലിൽ താളത്തിലുള്ള അച്ചന്റെ സംഭാഷണം പള്ളിയിൽ കൂടിയവരുടെ ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിലും വീഡിയോ ഹിറ്റായി. ക്രിയേറ്റിവ് എന്നും, കൂൾ എന്നുമാണ് എഷൻബാഹറച്ചന്റെ കുർബാനയെകുറിച്ചു കുർബാന കൂടിയവരും, ഇന്റർനെറ്റിൽ കണ്ടവരും അധികവും വിശേഷിപ്പിക്കുന്നത്. എന്നാൽ, റാപ്പ് മോഡൽ കുർബാന ലേശം ഓവർ ആയില്ലേ എന്ന് അഭിപ്രായം പങ്കുവയ്ക്കുന്നവരും കുറവല്ല.

പ്രച്ഛന്നവേഷം ധരിച്ചുള്ള പ്രാദേശിക ആഘോഷത്തിന്റെ ഭാഗമായി, ഞായറാഴ്‌ച്ച കുർബാനയും വ്യത്യസ്തമാക്കിയെന്നാണ് ഇതേക്കുറിച്ചു ഫാ. എഷൻബാഹറിന്റെ വിശദീകരണം. എന്നാൽ, റാപ്പ് സംഗീതം താൻ കേൾക്കാറില്ലെന്നും തോമസച്ചൻ പറയുന്നു.