ന്യൂഡൽഹി: കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്ത് ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഡൽഹിയുടെ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി. സ്വന്തം ടീമിന്റെ കളി കാണാൻ ഹോം ഗ്രൗണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെത്തിയ പന്തിനെ ആരാധകർ ആർപ്പുവിളികളോടെ കയ്യടിച്ചാണ് സ്വീകരിച്ചത്.

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പന്ത് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് സ്റ്റേഡിയത്തിലെത്തിയത്. മത്സരം കാണാനെത്തിയ പന്തിന് വലിയ സ്വീകരണമാണ് താരങ്ങളും ആരാധകരും നൽകിയത്. ഗുരുതരമായി പരിക്കേറ്റ പന്ത് പരിക്കിൽ നിന്ന് മോചിതനായി കളിക്കളത്തിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്.

കഴിഞ്ഞ വർഷം അവസാനം സംഭവിച്ച കാർ അപകടത്തിന് ശേഷം റിഷഭ് സുഖംപ്രാപിച്ച് വരികയാണ്. അപകടത്തിന് ശേഷം ആദ്യമായാണ് റിഷഭ് പന്ത് ഒരു പൊതുവേദിയിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കയ്യടികളോടെ ആരാധകർ റിഷഭിനെ വരവേറ്റത്. റിഷഭ് പന്തിന് പകരം ഡേവിഡ് വാർണറാണ് ഇത്തവണ ക്യാപിറ്റൽസിനെ നയിക്കുന്നത്.

അമ്മയെ കാണാൻ ഡൽഹിയിൽ നിന്ന് റൂർക്കിയിലേക്കുള്ള യാത്രയ്ക്കിടെ 2022 ഡിസംബർ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാർ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികിൽസയ്ക്കായി തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നാലെ മാക്സ് ഡെറാഡൂൺ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്ധ ചികിൽസയ്ക്കായി മുംബൈയിലെ കോകിലാ ബെൻ ആശുപത്രിയിലേക്കും മാറ്റി. കാൽമുട്ടിലെ ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ ഫിസിയോതെറാപ്പി അടക്കമുള്ള തുടർ ചികിൽസകൾക്ക് വിധേയനാവുകയാണ് റിഷഭ് പന്ത് ഇപ്പോൾ. റിഷഭിന് എപ്പോൾ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനാകും എന്ന് വ്യക്തമല്ല.

അതേസമയം, ഐപിഎല്ലിനില്ലാത്ത റിഷഭ് പന്തിനോടുള്ള സ്‌നേഹപ്രകടനമായി ഡഗ് ഔട്ടിൽ പന്തിന്റെ ജേഴ്‌സി തൂക്കിയിട്ട ഡൽഹി ക്യാപിറ്റൽസിന്റെ നടപടിയിൽ ബിസിസിഐക്ക് അതൃപ്തിയെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ഡൽഹിയുടെ ആദ്യ മത്സരത്തിൽ ഡൽഹി ടീമിന്റെ ഡഗ് ഔട്ടിന്റെ മുകളിൽ റിഷഭ് പന്തിന്റെ പേരെഴുതിയ 17-ാം നമ്പർ ജേഴ്‌സി തൂക്കിയിട്ട് ഡൽഹി ടീം നായകനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത്തരം സ്‌നേഹപ്രകടനങ്ങൾ കടന്ന കൈയാണെന്നും അത് ഒഴിവാക്കുന്നതാണ് നല്ലതെന്നും ഡൽഹി ടീം മാനേജ്‌മെന്റിനെ ബിസിസിഐ അറിയിച്ചതായാി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.