- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭഗവതിയുടെ വേഷം അഭിനയിക്കാൻ മലയാളത്തിലെ അപ്രശസ്തരായ നടിമാർ പോലും വിസമ്മതിച്ചു; 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ഈസ്റ്റ് കോസ്റ്റ് വിജയൻ
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കള്ളനും ഭഗവതിയും'. ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും. ഈ ചിത്രത്തിൽ ഭഗവതിയുടെ വേഷം അഭിനയിക്കാൻ മലയാളത്തിലെ അപ്രശസ്തരായ നടിമാർ പോലും വിസമ്മതിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. മലയാളത്തിൽ നിന്നും നായികയെ കിട്ടാതെ വന്നതോടെയാണ് ബംഗാളിയായ മോക്ഷ ആ കഥാപാത്രം ചെയ്തതെന്നും അദ്ദേഹം പറയുന്നു.
ആ കഥാപാത്രത്തോട് പൂർണമായും നീതിപുലർത്തുന്ന സമീപനമായിരുന്നു മോക്ഷയുടേതെന്നും പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ പറഞ്ഞു. ''കള്ളനും ഭഗവതിയും എന്നചിത്രത്തിലെ നായകനായി വിഷ്ണു ഉണ്ണികൃഷ്ണനെ നിശ്ചയിച്ചപ്പോൾ ഭഗവതിയുടെ വേഷം ചെയ്യാൻ മലയാളത്തിലെ പ്രശസ്തരും അപ്രശസ്തരുമായി നടിമാരെ സമീപിച്ചിരുന്നു. ചിലർ പ്രതികരിക്കാൻ പോലും തയാറായില്ല. കണ്ടു പരിചിതമല്ലാത്തൊരു മുഖം വേണമെന്ന് മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ദുർഗയുടെ നാട്ടിൽനിന്ന് മോക്ഷ മലയാളത്തിലെത്തിയത്. ദൈവികമായൊരു അദൃശ്യ ശക്തി മോക്ഷയിൽ ഉണ്ടായിരുന്നു. ആ വേഷം അവർ മനോഹരമാക്കുകയും ചെയ്തു.''ഈസ്റ്റ്കോസ്റ്റ് വിജയൻ പറഞ്ഞു.
ചിത്രത്തിൽ അനുശ്രീയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുപ്പത്തിയേഴ് ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയതെന്നും സംവിധായകൻ പറഞ്ഞു. ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ,മോക്ഷ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സലിം കുമാർ, ജോണി ആന്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി തുടങ്ങിയവരും സിനിമയിലുണ്ട് .കെ.വി. അനിൽ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രതീഷ് റാം ഛായാഗ്രാഹണവും രഞ്ജിത് രാജ സംഗീതവും ഒരുക്കുന്നു.