തിരുവനന്തപുരം: പൂർണമായും ചാണകം മാത്രം ഉപയോഗിച്ച് വാണിജ്യ അടിസ്ഥാനത്തിൽ സി എൻ ജി ഉൽപ്പാദിപ്പിക്കുന്ന ഗുജറാത്തിലെ ബനാസ് ഡയറിയുടെ പ്ലാന്റിലെ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി ജെ ചിഞ്ചുറാണി. ദിവസവും 40 ടൺ ചാണകം കൊണ്ട് 800 കിലോ ഗ്യാസ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. കർഷകരുടെ വീടുകളിൽ പോയി ചാണകം വാങ്ങി കൊണ്ടുവരുന്നതാണ് പ്ലാന്റിലെ രീതിയെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

മന്ത്രി ചിഞ്ചുറാണി പറഞ്ഞത്: 'ഗുജറാത്തിലെ ബനാസ് ഡയറിയുടെ സി എൻ ജി പ്ലാന്റ് ആണ് ചിത്രത്തിൽ കാണുന്നത്. കർഷകരുടെ വീടുകളിൽ പോയി ചാണകം വാങ്ങി പ്ലാന്റിൽ കൊണ്ടുവരുന്നു. കർഷ്‌കർക്ക് അതിന് അധിക വരുമാനവും ലഭിക്കുന്നു. പൂർണമായും ചാണകം മാത്രം ഉപയോഗിച്ച് വാണിജ്യ അടിസ്ഥാനത്തിൽ സി എൻ ജി ഉൽപ്പാദിപ്പിക്കുന്നു. പ്രതിദിനം 40 ടൺ ചാണകം കൊണ്ട് 800 കിലോ ഗ്യാസ് ഉൽപ്പാദിപ്പിക്കുന്നു. ഉപ ഉൽപ്പന്നങ്ങളായി ഓർഗാനിക് വളവും ഉണ്ടാക്കുന്നു.'

സംസ്ഥാനത്ത് നിന്നുള്ള ഉന്നതതല സംഘത്തോടൊപ്പം ഗുജറാത്തിലുള്ള ദേശീയ ക്ഷീര വികസനബോർഡ് ആസ്ഥാനവും മന്ത്രി കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. കിസാൻ റെയിൽ ഗതാഗത സംവിധാനം ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ കാലിത്തീറ്റയുടെ അസംസ്‌കൃത വസ്തുക്കൾ സംസ്ഥാനത്ത് എത്തിക്കുന്നതിനായി കേരളം നൽകിയ പ്രൊപ്പോസൽ ക്ഷീരവികസന ബോർഡ് വഴി കേന്ദ്രസർക്കാരിന് സമർപ്പിച്ച് അംഗീകാരം ലഭ്യമാക്കാമെന്ന് ചെയർമാൻ മീനേഷ് ഷാ ഉറപ്പ് നൽകിയെന്നും മന്ത്രി പറഞ്ഞു.

''കേരളത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരകർഷകർക്ക് 100 തൊഴിൽ ദിനം നൽകുന്ന മാതൃകയിൽ കേന്ദ്രസർക്കാരിനെ കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലും ക്ഷീര കർഷകരെ ഉൾപ്പെടുത്തിക്കാൻ വേണ്ട ഇടപെടൽ നടത്താമെന്നും ചെയർമാൻ ഉറപ്പ് നൽകി. കേരളത്തിലെ പശുക്കളുടെ ഉത്പാദനക്ഷമ ഉയർത്താനായി ലിംഗനിർണയം നടത്തിയ ബീജത്തിന്റെ ഉപയോഗം കേരളത്തിൽ വ്യാപിപ്പിക്കുന്നത്, കോഴിക്കോട് ഡോ. വർഗീസ് കുര്യൻ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത്, ഗുജറാത്തിൽ വിജയകരമായി നടപ്പിലാക്കിവരുന്ന ചാണക സംസ്‌കരണത്തിന്റെ പൈലറ്റ് പദ്ധതി കേരളത്തിൽ തുടങ്ങുന്നത്, പാലിലെ അഫ്ലാടോക്സിൻ ഉൾപ്പെടെയുള്ള ഗുണനിലവാര പ്രശ്നങ്ങൾ പരിഹരിക്കുന്നത്, പശുക്കളിലെ ഭ്രൂണമാറ്റ സാങ്കേതികവിദ്യ കേരളത്തിൽ വ്യാപിപ്പിക്കുന്നത്, കൊല്ലം ജില്ലയിൽ ഒരു ആധുനിക ഡയറി പ്ലാന്റ് സ്ഥാപിക്കുന്നത്, കേരള സർക്കാരിന്റെ കന്നുകാലി വികസന ബോർഡിന്റെ വിവിധ പദ്ധതികളുമായി ദേശീയ ക്ഷീര വികസന ബോർഡ് യോജിച്ചു പ്രവർത്തിക്കുന്നത്,'' തുടങ്ങിയ വിവിധ വിഷയങ്ങളിൽ ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ ധാരണയായെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞിരുന്നു.