ലണ്ടൻ: കുട്ടികളുമായി യാത്ര ചെയ്യുന്നത് എളുപ്പമല്ലെന്ന് എല്ലാവർക്കും അറിയാം. അതിനൊപ്പം ലഗേജ് കൂടി ഉണ്ടെങ്കിലോ. യ്ാത്ര ഏറെ പ്രയാസകരമാകും. ഇത്തരമൊരു സാഹചര്യത്തിൽ നടൻ അജിത് ഒരു യുവതിക്ക് ചെയ്ത് നൽകിയ സഹായമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. യുവതിയുടെ ഭർത്താവ് പങ്കുവച്ച കുറിപ്പാണ് ചർച്ചയ്ക്ക വഴിവച്ചിരിക്കുന്നത്.

പത്ത് മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കൈവശമുണ്ടായിരുന്ന ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകുകയായിരുന്നു നടൻ അജിത്. ലണ്ടനിൽ നിന്നുള്ള നടന്റെ ചിത്രം വൈറലാകുകയാണ്, അതിൽ അദ്ദേഹത്തിനൊപ്പം ഒരു സ്ത്രീയും, കുഞ്ഞുമുണ്ട്.

അത്തരമൊരു സാഹചര്യത്തിൽ ലഗേജും കുട്ടിയെയും പിടിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു. യുവതിയുടെ പ്രശ്നം നേരിൽ കണ്ടതോടെയാണ് അജിത് കുമാർ യുവതിയെ സഹായിച്ചത് . യുവതിയുടെ ഭർത്താവ് തന്നെയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

'എന്റെ ഭാര്യ ഗ്ലാസ്ഗോയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവൾ തനിച്ചായിരുന്നു. ഇതിനിടയിൽ നടൻ അജിത് കുമാറിനെ കാണാൻ അവസരം ലഭിച്ചു. സ്യൂട്ട്കേസും കുട്ടിയുമായി അവൾ താരത്തെ കാണാനെത്തി. എന്നാൽ അദ്ദേഹം ഒപ്പം ചിത്രം എടുക്കുക മാത്രമല്ല എന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തു.

അദ്ദേഹം ഞങ്ങളുടെ സ്യൂട്ട്‌കേസ് പിടിച്ചു. ഭാര്യ നിരവധി തവണ വിലക്കിയെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്. എനിക്ക് മനസ്സിലാക്കാൻ കഴിയും ഈ ബുദ്ധിമുട്ടുകളെന്നും അദ്ദേഹം പറഞ്ഞു ' യുവതിയുടെ ഭർത്താവ് കുറിപ്പിൽ പറയുന്നു . അജിതിനോടൊപ്പമുള്ള യുവതിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.