- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത കുരുക്കിൽ കുടങ്ങി; ആരാധകന്റെ ബൈക്കിൽ ലിഫ്റ്റ് അടിച്ച് ലൊക്കേഷനിലെത്തി അമിതാഭ് ബച്ചൻ: 'പ്രൊജക്ട് കെ'യുടെ ലൊക്കേഷനിലെത്തിച്ച ആരാധകന് നന്ദി പറഞ്ഞ് താരം
വൻ ഗതാഗത കുരുക്കിൽറോഡിൽ കുടങ്ങിയ അമിതാഭ് ബച്ചനെ ബൈക്കിൽ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിച്ച് ആരാധകൻ. ഗതാരഗത കുരുക്ക് നീണ്ടതോടെ കൃത്യസമയത്ത് ലൊക്കേഷനിലെത്താൻ പറ്റില്ലെന്ന് മനസ്സിലായതോടെയാണ് റോഡിൽ കണ്ട ബൈക്ക് യാത്രികനോട് ബച്ചൻ ലിഫ്റ്റ് ചോദിച്ചത്. പ്രിയതാരത്തെനേരിൽ കണ്ട ആ ചെറുപ്പക്കാരൻ ബൈക്കിൽ കയറ്റുകയും ചെയ്തു.
തന്നെ കൃത്യസമയത്ത് ലൊക്കേഷനിലെത്താൻ സഹായിച്ച ചെറുപ്പക്കാരന് നന്ദി അറിയിച്ച് ബച്ചൻ സമൂഹമാധ്യമത്തിൽ ചിത്രവും കുറിപ്പും പങ്കുവെച്ചതോടെ അത് വൈറലാവുകയും ചെയ്തു. ആരാധകന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന തന്റെ ചിത്രവും അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്തു
''സൗജന്യയാത്രയ്ക്ക് നന്ദി. നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല. എന്നാൽ നിങ്ങൾ എന്നെ ജോലി സ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു. പരിഹരിക്കാനാകാത്ത ഗതാഗതക്കുരുക്കിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി. തൊപ്പിയും ഷോർട്ട്സും അണിഞ്ഞ മഞ്ഞ നിറത്തിലുള്ള ടീ ഷർട്ടിനും ഉടമയായ നിങ്ങൾക്ക് നന്ദി.'' ബച്ചൻ കുറിച്ചു.
അണിയറ പ്രവർത്തകരെ ബുദ്ധിമുട്ടിക്കാതെ കൃത്യ സമയം കാത്തുസൂക്ഷിക്കാൻ ശ്രമിച്ച ബച്ചനെ പ്രശംസിച്ചാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ''മിസ്റ്റർ ബച്ചൻ എപ്പോഴും ഏറ്റവും കൃത്യനിഷ്ഠയുള്ള ആളാണെന്ന് കേട്ടിട്ടുണ്ട്. സമയത്തെ ബഹുമാനിക്കുന്നതിൽ നിങ്ങൾക്ക് യഥാർഥത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന് കാണാൻ കഴിയും. അഭിനേതാക്കൾക്ക് ഇതിൽ നിന്ന് ഏറെ പഠിക്കാനുണ്ട്.'' നടി സയാനി ഗുപ്ത അഭിപ്രായപ്പെട്ടു.
എന്നാൽ ഹെൽമെറ്റ് ധരിക്കാതെ ബച്ചൻ ബൈക്ക് യാത്ര നടത്തിയതിലും വിമർശനമുണ്ട്. തിരക്കുണ്ടെങ്കിലും ഹെൽമറ്റ് കൂടി വച്ചിരുന്നെങ്കിൽ ഇത് എല്ലാവർക്കും പ്രചോദനമാകുമായിരുന്നെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഇനി ഇതും സിനിമയുടെ പ്രമോഷൻ തന്ത്രമാണോ എന്ന് സംശയിക്കുന്നവരുണ്ട്.
നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'പ്രൊജക്ട് കെ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ബച്ചൻ ലിഫ്റ്റടിച്ച് എത്തിയത്. ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ദീപിക പദുക്കോണും പ്രഭാസും പ്രധാന വേഷത്തിലെത്തുന്നത്. റിഭു ദാസ് ഗുപ്തയുടെ കോർട്ട് ഡ്രാമ ചിത്രം 'സെക്ഷൻ 84' ആണ് വരാനിരിക്കുന്ന മറ്റൊരു അമിതാഭ് ചിത്രം.