മുംബൈയിലെ ചേരിയിൽ ജനിച്ച് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ് സ്വപ്‌നങ്ങളെ മുറുകെ പിടിച്ച ഒരു പതിനാലുകാരി. ധാരാവിയിലെ ചേരിയിൽ നിന്നും നിറമുള്ള സ്വപ്‌നങ്ങൾ കണ്ട മലീഷാ കാർവെ ലോകം അറിയുന്ന മോഡലിലേക്കുള്ള പാതയിലാണ്. ഇന്ന് ഇന്ത്യയിലെ മാധ്യമങ്ങളുടെ എല്ലാം തലക്കെട്ടായി മാറുകയാണ് ഈ കൊച്ചു സുന്ദരി. ലോകോത്തര സൗന്ദര്യ വർധക കമ്പനിയുടെ മോഡലായാണ് മലീഷ തിളങ്ങുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ചേരിയിലെ ഇല്ലായ്മകൾ മാത്രമുള്ള ഒരു കുടുംബത്തിലെ അംഗമാണ് മലീഷ. അച്ഛൻ, അമ്മ, മുത്തച്ഛൻ, മുത്തശ്ശി, സഹോദരൻ, അമ്മാവൻ എന്നിവരടങ്ങുന്നതാണ് മലീഷയുടെ കുടുംബം. കടൽതീരത്തിന്റെ ഭാഗമായ ചേരിയിലാണ് ജീവിതം. പലപ്പോഴും വയറു നിറച്ച് ഭക്ഷണം പോലും കഴിക്കാൻ ഇല്ലാത്ത അവസ്ഥ. മഴ പെയ്താൽ മേൽക്കൂരയില്ലാത്ത ആ വീട്ടിൽ കിടന്ന് ഉറങ്ങാൻ പോലുമാവില്ലെന്ന് മലീഷ പറയുന്നു.

അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോഴാണി മലീഷ അമേരിക്കൻ നടനായ റോബർട്ട് ഹോഫ്മാന്റെ കണ്ണിൽപ്പെടുന്നത്. ചേരിയിൽ നിന്നുള്ള രാജകുമാരി എന്ന കുറിപ്പോടെ മലീഷയുടെ ചിത്രം ഹോഫ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലായി. ഇപ്പോൾ പ്രശസ്ത സ്‌കിൻകെയർ ബ്രാൻഡായ ഫോറസ്റ്റ് എസൻഷ്യൽസിന്റെ മോഡലായി മലീഷയെ തിരഞ്ഞെടുത്തിരിക്കുകയാണ്. 'യുവതി സെലക്ഷൻസ്' എന്ന പുതിയ ക്യാംപെയ്‌നിന്റെ ഭാഗമായാണ് മലീഷയെ തിരഞ്ഞെടുത്തത്. ഫോറസ്റ്റ് എസൻഷ്യലിന്റെ ഷോറൂമിലേക്ക് മലീഷ കയറി വരുന്നതും തന്റെ ചിത്രം കണ്ട് അദ്ഭുതത്തതോടെ നോക്കുന്നതുമായ വിഡിയോ നെറ്റിസൺസിന്റെ മനംകവർന്നു.

ജീവിതത്തിലെ പ്രയാസങ്ങളെല്ലാം ഒരു പുഞ്ചിരിയോടെ വിവരിക്കുന്ന മലീഷയുടെ രീതിയായിരുന്നു ഹോഫ്മാനെ ആകർഷിച്ചത്. നൃത്തവും മോഡലിങ്ങും മലീഷ ഇഷ്ടപ്പെടുന്നു എന്ന് ഹോഫ്മാനു മനസ്സിലായി. അവളെ സഹായിക്കാൻ ഹോഫ്മാൻ തയാറായി. 'കോസ്‌മോപൊളിറ്റൻ' പോലുള്ള പ്രശസ്ത ഫാഷൻ മാസികകളുടെ മോഡലായി മലീഷ. സിനിമയുമായോ മോഡലിങ്ങുമായോ യാതൊരു ബന്ധവുമില്ലാത്ത കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് മലീഷ എന്ന 14കാരി എത്തുന്നത്.

പ്രാദേശികമായ ഒരു സർക്കാർ സ്‌കൂളിലാണ് മലീഷ പഠിക്കുന്നത്. 'പഠിക്കാൻ എനിക്കു വളരെ ഇഷ്ടമാണ്. സ്‌കൂളിൽ നിന്ന് നല്ലമാർക്ക് ലഭിക്കുമ്പോൾ എന്റെ അച്ഛന് വളരെ സന്തോഷമായിരിക്കും. അതുകൊണ്ടു തന്നെ നല്ലമാർക്കു വാങ്ങാൻ ഞാൻ എപ്പോഴും ശ്രദ്ധിക്കും. ഇംഗ്ലിഷാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം.' അവൾ പറയുന്നു.