- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മൃതി മന്ദാന പ്രണയത്തിലെന്ന് ആരാധകർ; ഇന്ത്യൻ താരത്തിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പലാഷ് മുഛൽ; സ്മൃതിപലാഷ് എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റർമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സ്മൃതി മന്ദാന. ഇടം കൈയൻ ഓപ്പണറായ സ്മൃതി വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് മാത്രമല്ല സൗന്ദര്യംകൊണ്ടും ആരാധക മനസിൽ സ്ഥാനം പിടിച്ചയാളാണ്. 26കാരിയായ സ്മൃതി ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. ഒരുകാലത്ത് ഇന്ത്യൻ യുവാക്കളുടെ ഫേസ്‌ബുക്ക് സ്റ്റോറികളിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലുമെല്ലാം നിറഞ്ഞുനിന്നത് സ്മൃതിയായിരുന്നു.
കോവിഡ് കാലത്ത് മത്സരങ്ങൾ നടക്കാതിരുന്നപ്പോൾ സ്മൃതി ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. അന്ന് സ്മൃതിയോട് പ്രണയത്തെ കുറിച്ചും ഭാവി ഭർത്താവിനെ കുറിച്ചുമെല്ലാമാണ് അധികപേരും ചോദിച്ചത്. 'നിങ്ങളുടെ ജീവിതപങ്കാളിയാകാനുള്ള മാനദണ്ഡം എന്താണ്' എന്ന ചോദ്യത്തിന് അയാൾ തന്നെ സ്നേഹിക്കണം എന്നായിരുന്നു താരത്തിന്റെ ഉത്തരം.
മൂന്ന് വർഷങ്ങൾക്കിപ്പുറം സ്മൃതിയുടെ പ്രണയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് ആരാധകർ പങ്കുവയ്ക്കുന്നത്. ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരൻ പലാഷ് മുഛലാണ് സ്മൃതിയുടെ കാമുകൻ എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
നാല് ദിവസം മുമ്പ് സ്മൃതിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പലാഷ് കുറിച്ചത് '4' എന്നാണ്. ഇതിന് താഴെ ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ തുടങ്ങിയ ഇന്ത്യൻ താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് നാല് വർഷമായി എന്നതാണ് പലാഷ് ഈ പോസ്റ്റ്കൊണ്ട് ഉദ്ദേശിച്ചതെന്നും ആരാധകർ പറയുന്നു.
നേരത്തേയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പലാഷിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയ സ്മൃതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ നവംബർ ആറിന് നടന്ന പലകിന്റെ വിവാഹവേളയിലും നിറസാന്നിധ്യമായിരുന്നു സ്മൃതി.
സ്മൃതിപലാഷ് എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും നിലവിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഒരുമിച്ചുപോയ യാത്രയിൽ നിന്നെടുത്ത ചിത്രങ്ങളുമെല്ലാം ഇതിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്മൃതിയുടെ ആരാധകരാണ് ഈ അക്കൗണ്ടിന് പിന്നിൽ.
പ്രൊഫഷണൽ ഗായകനും സംഗീത സംവിധായകനുമാണ് 27-കാരനായ പലാഷ്. സീഫൈവിൽ സംപ്രേഷണം ചെയ്ത അർഥ് എന്ന വെബ് സീരീസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്. രാജ്പാൽ യാദവും റുബീന ദിലകും അഭിനയിച്ച ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദാദാ സാഹെബ് ഫാൽകെ പുരസ്‌കാരവും പലാഷ് നേടി.
ബോളിവുഡിലെ മുൻനിര ഗായികയായ പലക് നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്. സംഗീത സംവിധായകൻ മിഥൂൻ ശർമയെയാണ് പലക് വിവാഹം ചെയ്തത്.
സ്മൃതിയുടെ ആസ്തി 40 കോടിയാണെന്നാണ് റിപ്പോർട്ടുകളുള്ളത്. പ്രധാന വരുമാന മാർഗം ബിസിസി ഐയുടെ കരാറിലൂടെയാണ്. ഇപ്പോൾ പുരുഷ ടീമിന്റെ അതേ പ്രതിഫലം വനിതാ ടീമുകൾക്കുമുണ്ട്. ബിസിസി ഐയുടെ ഗ്രേഡ് എ കരാറാണ് സ്മൃതിക്കുള്ളത്.
വനിതാ ടി20 ചലഞ്ചിൽ 3 ലക്ഷം രൂപക്കാണ് സ്മൃതി കളിച്ചത്. ബിഗ് ബാഷ് ലീഗിലും 3 ലക്ഷത്തിനാണ് സ്മൃതി കളിച്ചത്. ആധുനിക വനിതാ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും ആരാധക പിന്തുണയുള്ള കളിക്കാരിയാണ് സ്മൃതിയെന്ന് പറയാം.
വലിയ ആരാധക പിന്തുണയുള്ള വനിതാ താരമെന്ന നിലയിൽ നിരവധി ബ്രാന്റുകളുടെ അംബാസഡറാവാനും സ്മൃതിക്ക് സാധിച്ചിട്ടുണ്ട്. നൈക്ക്, ഗുവി, ഹീറോ മോട്ടോകോർപ്പ്, ബാസ്, ഹ്യുണ്ടായ്, ബൂസ്റ്റ്, കോയിൻസ്വിച്ച് കൂബർ, മാസ്റ്റർകാർഡ് ഇന്ത്യ, ഇക്വുറ്റാസ് ബാങ്ക്, റെഡ്ബുൾ എന്നിവരുടെയെല്ലാം ബ്രാന്റ് അംബാസഡറാണ് സ്മൃതി.
ഇതിലൂടെ വലിയൊരു പ്രതിഫലം സ്മൃതിക്ക് ലഭിക്കുന്നുണ്ട്. കണക്കുകൾ നോക്കിയാൽ ബിസിസിഐയുടെ വരുമാനത്തെക്കാൾ ബ്രാന്റ് അംബാസഡറെന്ന നിലയിലും പരസ്യ വരുമാനത്തിലൂടെയും സ്മൃതിക്ക് ലഭിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്