മൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്കിടയിൽ മത്സരം കടുക്കുമ്പോൾ ആത്യന്തികമായി അതിന്റെ ഗുണം എത്തിച്ചേരുന്നത് ഉപയോക്താക്കൾക്കായിരിക്കും എന്നതിന് മറ്റൊരു ഉദാഹരണം കൂടി. ഭാവിയിൽ ഒരുപക്ഷെ ഭീഷണിയെക്കാവുന്ന ത്രെഡിനെ നേരിടാൻ ഒരുമുഴം മുൻപെ കല്ലെറിയുകയാണ് ട്വിറ്റർ ഉടമ എലൻ മസ്‌ക്. വെരിഫൈ ചെയ്ത പ്രൊഫൈലുകളിൽ വരുന്ന ഇംപ്രഷനുകൾക്ക് അനുസരിച്ച് പ്രൊഫൈൽ ഉടമകൾക്ക് പണം നൽകുന്ന പദ്ധതി ഒരുക്കിയിരിക്കുകയാണ് ട്വിറ്റർ. ഒരു ഉപയോക്താവിന് അപ്രകാരം 1 ലക്ഷം ഡോളർ വരെ ലഭിച്ചെന്ന അവകശവാദവും ഉയർന്നിട്ടുണ്ട്.

ഇപ്പോഴിതാ, എല്ലാ ട്വിറ്റർ ഉപയോക്താക്കൾക്കും പണം സമ്പാദിക്കാനായി സഹായിക്കുന്ന പുതിയ മോണിട്ടൈസേഷൻ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. നിലവിൽ ഇത് പ്രമുഖരായ ട്വിറ്റർ ബ്ലൂ സബ്സ്‌ക്രൈബർമാർക്ക് മാത്രമായിരിക്കും. കഴിഞ്ഞ മൂന്ന് മാസക്കാലത്തിനിടയിൽ ചുരുങ്ങിയത് അഞ്ച് ലക്ഷം ഇംപ്രഷനുകൾ എങ്കിലും ലഭിച്ചവർക്ക് മാത്രമായിരിക്കും ഈ ഫീച്ചർ ലഭിക്കുക. ഒരു ട്വീറ്റ് എത്ര തവണ കണ്ടു എന്നതിന്റെ ടാലിയാണ് ഇംപ്രഷൻസ്. ഈ ഫീച്ചറിന് അർഹരാകുന്നവർക്ക്‌നൽകാനുള്ള പണം ട്വിറ്ററിന്റെ പരസ്യ വരുമാനത്തിൽ നിന്നായിരിക്കും നൽകുക.

എതിരാളിയായ മാർക്ക് സുക്കർബെർഗിന്റെ മെറ്റ ത്രെഡ്സ് എന്ന പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം ആരംഭിച്ച് ഒരാഴ്‌ച്ച കഴിഞ്ഞപ്പോഴാണ് ട്വിറ്റർ പുതിയ നയവുമായി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ത്രെഡ്സിൽ ഇതുവരെ ഏകദേശം 100 മില്യൺ പുതിയ ഉപയോക്താക്കൾ എത്തിച്ചേർന്നിരിക്കുന്നു.പരസ്യ വരുമാനം കണ്ടന്റ് ക്രിയേറ്റർമാരുമായി പങ്കുവയ്ക്കാനായി ക്രിയേറ്റർ മോണിട്ടൈസേഷൻ നയം വിപുലീകരിക്കുന്നു എന്നായിരുന്നു ട്വിറ്റർ ട്വീറ്റ് ചെയ്തത്.

ഈ മാസം അവസാനത്തോടെ, അല്ലെങ്കിൽ അടുത്ത മാസം ആദ്യത്തോടെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ പാകത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ട്വിറ്റർ പറയുന്നു. ഇതിനോടകം തന്നെ ട്വിറ്ററിൽ ഏറെ സജീവമായിരുന്ന ചിലർക്ക് ഇത്തരത്തിൽ പരസ്യത്തിന്റെ പങ്ക് ലഭിച്ചതായിറിപ്പോർട്ടുകൾ വരുന്നുണ്ട്. സുപ്രസിദ്ധ കാർട്ടൂണിസ്റ്റ് ഷിബെറ്റോഷി നകമോട്ടോ തനിക്ക് 37,050 ഡോളർ ലഭിച്ചതായി ട്വീറ്റ് ചെയ്തു. അടുത്ത 72 മണിക്കൂറിനുള്ളിൽ തുക അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും എന്ന അറിയിപ്പാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

എഴുത്തുകാരൻ ആഷ്ലി സെയിന്റ് ക്ലെയർ 7,153 ഡോളറും പോഡ്കാസ്റ്റർ ബെന്നി ജോൺസൺ 9,546ഡോളറും നേടിയതായി അവകാശപ്പെടുന്നു. മറ്റൊരാൾ തനിക്ക് 1 ലക്ഷത്തിലധികം ഡോളർ ലഭിച്ചെന്നും അവകാശപ്പെടുന്നുണ്ട്. ഏതടിസ്ഥാനത്തിലായിരിക്കും ഉപയോക്താക്കൾക്കുള്ള വരുമാനം കണക്കാക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.