- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാഴ്ച്ച തികയും മുമ്പ് ഫേസ്ബുക്കിന്റെ ട്വിറ്റർ എതിരാളി ത്രെഡ്സിനോടുള്ള ആവേശം കുറഞ്ഞു; 50 മില്യൻ വരെ ഡെയ്ലി വിസിറ്റേഴ്സ് ഉണ്ടായിരുന്ന ത്രെഡിന് ഇപ്പോൾ വെറും 20 മില്യൻ; ആപ്പുകളുടെ ചരിത്രത്തിൽ റെക്കോർഡിട്ട ത്രെഡ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ കീഴോട്ടു പോകുന്നു
മല പോലെ വന്നത് എലി പോലെ പോകുമോ എന്നാണ് സാങ്കേതികവിദ്യാ രംഗത്തെ നിരീക്ഷകർ സസൂക്ഷ്മം നോക്കി കാണുന്നത്. എലൻ മസ്കിന്റെ ട്വിറ്ററിന് എതിരാളിയായി മാർക്ക് സുക്കർബെർഗ് അവതരിപ്പിച്ച ട്രെഡ്സ് സമൂഹമാധ്യമ രംഗത്ത് ഒരു കൊടുങ്കാറ്റായിട്ടായിരുന്നു കടന്നുവന്നത്. ജൂലായ് 5 ന് ആരംഭിച്ച ഈ പുതിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോം കേവലം അഞ്ച് ദിവസം കഴിഞ്ഞപ്പോൾ തന്നെ 100 മില്യൺ ഉപയോക്താക്കളെ ആകർഷിക്കുന്ന നിലയിലെത്തിയിരുന്നു.
ആരംഭിച്ച് രണ്ടാം ദിവസം തന്നെ പ്രതിദിനം 50 മില്യണിനടുത്ത് ഉപയോക്താക്കളെ ആകർഷിക്കുക എന്ന നേട്ടം കൈവരിച്ചിരുന്നു. എന്നാൽ, ഒരാഴ്ച്ച കഴിയുമുൻപ് തന്നെ ഈ ആരംഭ ശൂരത്വം അവസാനിക്കുന്നതാണ് കാണുന്നത്. ജൂലായ് 14 ആയപ്പോഴേക്കും പ്രതിദിന സന്ദർശകരുടെ എണ്ണം നേർ പകുതിയായി കുറയുകയായിരുന്നു. സിമിലർവെബിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് ജൂലായ് 14 ന് ത്രെഡ്സിലെത്തിയ ഉപയോക്താക്കളുടെ എണ്ണം 23.6 മില്യൺ മാത്രമായിരുന്നു എന്നാണ്.
ഈ വീഴ്ച്ച സമ്മതിച്ചുകൊണ്ട് മാർക്ക് സുക്കർബെർഗ് തന്നെ ത്രെഡ്സിൽ എത്തിയിരുന്നു. ഈ വർഷത്തെ വരും നാളുകളിൽ ഇപ്പോഴുള്ള ഉപയോക്താക്കളെ തങ്ങൾക്കൊപ്പം പിടിച്ചു നിർത്തുക എന്നത് കനത്ത വെല്ലുവിളി ആയിരിക്കുമെന്നും അതിൽ അദ്ദേഹം പറയുന്നുണ്ട്. താൻ ശുഭാപ്തി വിശ്വാസിയാണെന്നും ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇപ്പോൾ തിരിച്ചു വരുന്നുണ്ടെന്നും അദ്ദെഹം പറഞ്ഞു.
ആദ്യം ലഭിച്ച പ്രതികരണം പ്രതീക്ഷക്കും അപ്പുറത്തുള്ളതായിരുന്നു എന്ന് പറഞ്ഞ സുക്കർബെർഗ്, വരും നാളുകളിൽ, അടിസ്ഥാനപരമായ കാര്യങ്ങളും, ആളുകളെ പിടിച്ചു നിർത്തുന്നതിനുള്ള ഉപാധികളും മെച്ചപ്പെടുത്താനായിരിക്കും ശ്രമിക്കുക എന്നും പറഞ്ഞു. സ്ഥിരത ലഭിക്കുവാൻ അല്പം സമയമെടുക്കും, സ്ഥിരത കൈവരിച്ചതിന് ശേഷമായിരിക്കും കമ്മ്യുണിറ്റി വിപുലീകരിക്കാൻ ശ്രമിക്കുക എന്നും സുക്കർബെർഗ് പറഞ്ഞു.
പ്രതിദിനം ഈപ്ലാറ്റ്ഫോം സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു എന്ന് മാത്രമല്ല, സന്ദർശിക്കുന്നവർ ഇതിൽ ചെലവഴിക്കുന്ന സമയവും കുറഞ്ഞു വരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. സിമിലർവെബിൽ നിന്നുള്ള കണക്കുകൾ പറയുന്നത് ജൂലായ് 6, 7 തീയതികളിൽ ഒരു ശരാശരി ഉപയോക്താവ് 20 മിനിറ്റ് സമയം ഈ പ്ലാറ്റ്ഫോമിൽ ചെലവഴിച്ചിരുന്നത് ജൂലായ് 13, 14 തീയതികൾ ആയപ്പോഴേക്കുന്മ് അഞ്ച് മിനിറ്റായി കുറഞ്ഞു എന്നാണ്.
മറുനാടന് മലയാളി ബ്യൂറോ