- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാംസാഹാരം വിളമ്പിയ സ്പൂൺ കൊണ്ട് വെജിറ്റേറിയൻ വിളമ്പുമെന്ന് പേടി; ട്രാവൽ ബാഗിൽ ചെറിയ കുക്കറും കൊണ്ടുപോകും'; സുധാ മൂർത്തിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം; സ്വന്തം വീട് തന്നെ യാത്രകളിൽ കൊണ്ടുപോകുമെന്ന് പരിഹാസം
ബംഗളുരു: പ്രശസ്ത ഇന്ത്യൻ എഴുത്തുകാരിയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയുമായ സുധ മൂർത്തി ലളിതമായ ജീവിതശൈലി പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭക്ഷണങ്ങളിലെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുള്ള എഴുത്തുകാരി സുധാ മൂർത്തിയുടെ അഭിപ്രായപ്രകടനം ട്വിറ്ററിലെ വലിയ ചർച്ചയായിരിക്കുകയാണ്.
താൻ ശുദ്ധസസ്യാഹാരിയാണെന്നും പോകുന്നിടത്തെല്ലാം ഭക്ഷണം കരുതുമെന്നും ഇൻഫോഫിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ കൂടിയായ സുധാ മൂർത്തി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന സ്പൂണുകൾ ചിലപ്പോൾ മാംസാഹാരം കഴിക്കുന്നവരും ഉപയോഗിക്കുന്നതാകുമെന്ന ആശങ്കയും അവർ പങ്കുവച്ചിരുന്നു.
'ഭക്ഷണത്തിലല്ല, ജോലിയിലാണ് ഞാൻ സാഹസികത കാണിക്കുന്നത്. സത്യത്തിൽ എനിക്ക് പേടിയാണ്. ഞാനൊരു ശുദ്ധ സസ്യാഹാരിയാണ്. മുട്ടയോ വെളുത്തുള്ളിയോ പോലും കഴിക്കാറില്ല. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് ഒരേ സ്പൂൺ ഉപയോഗിക്കുമെന്നതാണ് എനിക്ക് പേടി. അത് എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നു'- സുധാ മൂർത്തി പറഞ്ഞു.
അത് എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു! അതുകൊണ്ട് ഞങ്ങൾ പുറത്തുപോകുമ്പോൾ വെജ് റസ്റ്റോറന്റുകൾ മാത്രമേ തിരയാറുള്ളൂ. അല്ലെങ്കിൽ, ഒരു ബാഗ് നിറയെ റെഡി ടു ഈറ്റ് സാധനങ്ങൾ കൊണ്ടുപോകും, സുധ മൂർത്തി പറയുന്നു. ലോകത്ത് എവിടെ പോയാലും 25-30 ചപ്പാത്തിയും ഒരു കുക്കറും കൊണ്ടുപോകുമെന്നും മുത്തശ്ശിയിൽനിന്ന് പഠിച്ച ശീലമാണിതെന്നും അവർ പറയുന്നു.
തന്റെ ട്രാവൽ ബാഗിൽ ചെറിയ കുക്കറും കൊണ്ടുപോകുമെന്നും സുധാ മൂർത്തി പറയുന്നു. പുറത്തുനിന്നുള്ള ആഹാരം കഴിക്കരുതെന്ന മുത്തശ്ശിയുടെ ശീലമാണ് താനിപ്പോൾ പിന്തുടരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സുധാ മൂർത്തിയുടെ ആശങ്ക ട്വിറ്ററിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സുധാ മൂർത്തിയുടെ വാക്കുകൾക്ക് എതിരെ ചിലർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയപ്പോൾ, പറഞ്ഞത് നല്ലതാണെന്ന അഭിപ്രായവുമായി വെജിറ്റേറിയൻ അനുകൂലികളും രംഗത്തെത്തി. യാത്രകളിൽ വീട്ടിൽനിന്നുള്ള ഭക്ഷണം തയ്യാറാക്കി കൊണ്ടുപോയി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് വെജിറ്റേറിയൻ അനുകൂലികൾ വാദിക്കുന്നത്.
വിദേശായത്രകളിൽ സുധാമൂർത്തി തന്റെ കൂടെ മുഴുവൻ വീട്ടു സാധനങ്ങളും കൊണ്ടുപോകാറുണ്ട് എന്നാണ് ചിലർ പരിഹസിക്കുന്നത്. ഹോട്ടൽ മുറി മറ്റൊരാൾ ഉപയോഗിച്ചതിനാൽ സ്വന്തം വീട് തന്നെ ഇവർ യാത്രകളിൽ കൊണ്ടുപോകും എന്നും ചിലർ പരിഹസിക്കുന്നു.
നിരവധി ഉപയോക്താക്കൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയും സുധാമൂർത്തിയുടെ മരുമകനുമായ ഋഷി സുനക്കിന്റെ മാംസാഹാരം കഴിക്കുന്ന നിൽക്കുന്ന ചിത്രം പങ്കിട്ടു. മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽനിന്ന് സുധാ മൂർത്തി ചായ കുടിക്കുമോ എന്നും കമെന്റുകളായി വരുന്നുണ്ട്
മറുനാടന് ഡെസ്ക്