- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തി വീണ്ടും വീഡിയോ; പാക് കാമുകനെ വിവാഹം കഴിച്ച അഞ്ജു വിനോദസഞ്ചാര കേന്ദ്രങ്ങൾ ആസ്വദിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ടു; ഞങ്ങൾക്ക് അവൾ മരിച്ചതുപോലെയെന്ന് അഞ്ജുവിന്റെ പിതാവ്
ന്യൂഡൽഹി: ഫേസ്‌ബുകിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി പാക്കിസ്ഥാൻ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച രാജസ്ഥാനിലെ അൽവാർ സ്വദേശിനിയായ അഞ്ജുവിന്റെ പുതിയ വീഡിയോ പുറത്ത്. പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്‌ത്തുന്നതിന്റെ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. നുമാൻ ഖാൻ എന്ന ബ്ലോഗർ റെക്കോർഡ് ചെയ്ത 4 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലാണ് അഞ്ജു പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്‌ത്തുന്നത്.
പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലേക്കു പോയി, പഖ്തൂൻഖ്വ സ്വദേശിയായ ഫേസ്‌ബുക് സുഹൃത്ത് നസ്‌റുല്ലയെ അഞ്ജു വിവാഹം ചെയ്തതെന്ന വിവരം പാക് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. അഞ്ജു ഇസ്ലാം മതം സ്വീകരിച്ച് നസ്റുല്ലയെ വിവാഹം കഴിച്ചതായും ഇപ്പോൾ ഫാത്തിമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നുമുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
പിന്നാലെ നസ്‌റുല്ലയുമായി ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ അപ്പർ ദിറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആസ്വദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ജൂലൈ 23നാണ് നസ്റുല്ലയെ കാണാൻ അഞ്ജു അതിർത്തി കടന്നത്. ഭർത്താവ് അരവിന്ദിനോടു കുറച്ചു ദിവസത്തേക്ക് ജയ്പുരിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. എന്നാൽ, അഞ്ജു അതിർത്തി കടന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അരവിന്ദ് അറിഞ്ഞത്. ഇവർക്ക് 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമുണ്ട്.
അതേ സമയം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പാക്കിസ്ഥാൻ യുവാവിനെ വിവാഹം കഴിച്ച അഞ്ജുവിനെതിരെ പിതാവ് ഗയാ പ്രസാദ് തോമസ് രംഗത്ത് വന്നിരുന്നു. 'ഞങ്ങൾക്ക് അവൾ മരിച്ചതുപോലെയാണ്' എന്ന് അദ്ദേഹം പറഞ്ഞു.
അഞ്ജു അവളുടെ മക്കളുടെ ഭാവി നശിപ്പിച്ചുവെന്നും മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ബൗന ഗ്രാമത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ഗയാ പ്രസാദ് തോമസ് പറഞ്ഞു. ''രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ പോയി. മക്കളെ കുറിച്ചു പോലും അവൾ ചിന്തിച്ചില്ല. അവൾക്ക് ഇത് ചെയ്യണമെങ്കിൽ, അവൾ ആദ്യം വിവാഹമോചനം നേടണമായിരുന്നു.
ഞങ്ങളെ സംബന്ധിച്ച് അവൾ ജീവനോടെ ഇല്ല. അവളുടെ മക്കൾക്കും ഭർത്താവിനും എന്ത് സംഭവിക്കും? 13 വയസ്സുള്ള മകളെയും 5 വയസ്സുള്ള മകനെയും ആരാണ് പരിപാലിക്കുക? മക്കളുടെയും ഭർത്താവിന്റെയും ഭാവി അവൾ തകർത്തു'' അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ജു ഇസ്ലാം മതം സ്വീകരിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇതുസംബന്ധിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ജുവിനെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാരിനോട് അപേക്ഷിക്കുമോ എന്ന ചോദ്യത്തിന്, താൻ അങ്ങനെയൊന്നും ചെയ്യില്ലെന്ന് അദ്ദേഹം മറുപടി നൽകി.
''ഞാൻ പ്രാർത്ഥിക്കുന്നു, അവൾ അവിടെ മരിക്കട്ടെ'' അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാം മതം സ്വീകരിച്ചതിനുശേഷം അഞ്ജു ഫേസ്‌ബുക് സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിച്ചുവെന്നും ഇപ്പോൾ ഫാത്തിമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇരുവരും തമ്മിലുള്ള വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മറുനാടന് ഡെസ്ക്