- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും റാപ്പറുമായ 14 കാരി പറയുന്നു ഞാൻ മരിച്ചിട്ടില്ല; ഒരു ദിവസം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ റാപ്പറും സഹോദരനും മരിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്തവർ ഇളിഭ്യരായി; വിവാദ സോഷ്യൽ മീഡിയ താരത്തിന്റെ കഥ
ജീവിച്ചിരിക്കുന്നവരുടെ ചരമവാർത്ത നിർദ്ദയം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കാര്യത്തിൽ എല്ലാ രാജ്യക്കാരും, എല്ലാ ഭാഷക്കാരും ഒരുപോലെ മടിയില്ലാത്തവരാണ്. നമ്മൾ മലയാളികൾ തന്നെ എത്രയോ പ്രമുഖരുടെ മരണവാർത്തകൾ അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രണാമം അർപ്പിച്ച് ഷെയർ ചെയ്തിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ മറ്റൊരു സംഭവം വിവാദമായി മാറിയിരിക്കുകയാണ്,.
തന്റെ ഒൻപതാം വയസ്സിൽ, അശ്ലീല ചുവയുള്ള റാപ്പ് സ്റ്റൈൽ വീഡിയോകളുമായി സമൂഹമാധ്യമങ്ങളിൽ എത്തി താരമായി തിളങ്ങിയ ഇപ്പോൾ 14 വയസ്സുള്ള ഓൺലൈൻ താരത്തിന്റെ മരണവാർത്തയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. താരവും സഹോദരനും മരണമടഞ്ഞു എന്നായിരുന്നു വാർത്ത. മരണവാർത്ത പ്രസിദ്ധപ്പെടുത്തി 24 മണിക്കൂർ കഴിഞ്ഞപ്പോൾ ടേ ടിയാൻ എന്ന ഈ 14 കാരി സത്യം വിശദീകരിച്ച് രംഗത്തെത്തി.
താനും തന്റെ സഹോദരനും സുരക്ഷിതരാണെന്നും, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച മരണവാർത്ത, തങ്ങളെ തളർത്തി എന്നും അവർ പറയുന്നു. തന്നെ ഒരുപാട് സ്നേഹിക്കുന്നവർ ഹൃദയ ഭേദകമായ സന്ദേശങ്ങൾ അയച്ചു കൊണ്ടിരിക്കുകയാണെന്നും ആ കൗമാരക്കാരി പറഞ്ഞു. 2018-ൽ തന്റെ പിതാവ് ക്രിസ്റ്റഫർ ഹോപ്പ് തന്നെ പീഡിപ്പിച്ചുവെന്നും സഹോദരൻ തന്നെ ദുരുപയോഗം ചെയ്തു എന്നും അവകാശപ്പെട്ട് തലക്കെട്ടുകളിൽ ഇടം നേടിയ ഈ താരം പക്ഷെ മരണ വാർത്ത നിഷേധിക്കാൻ 24 മണിക്കൂറോളം സമയം എടുത്തത് എന്തിനാണെന്നാണ് പലരും ചോദിക്കുന്നത്.
ഇവരുടെ തന്നെ ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു മരണവാർത്ത ആദ്യം പുറത്ത് വന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയായിരുന്നു എന്നാണ് ടേ ടിയാൻ വിശദീകരിക്കുന്നത്. ഇപ്പോഴാണ് തന്റെ അക്കൗണ്ടിലെക്കുള്ള ആക്സസ് തിരികെ കിട്ടിയതെന്നും 14 കാരി പറയുന്നു. എന്നാൽ, പലരും അത് വിശ്വസിക്കാൻ തയ്യാറായിട്ടില്ല. ഹാക്ക് ചെയ്തതാണെങ്കിൽ, സഹോദരൻ മരണപ്പെട്ടു എന്ന് പറഞ്ഞതെന്തുകൊണ്ട് എന്നാണ് ഒരാൾ സംശയം ഉയർത്തുന്നത്.
തികച്ചും സത്യ വിരുദ്ധമായ വാർത്ത നിഷേധിക്കാനും സത്യം പുറത്ത് പറയാനും ടേ 24 മണിക്കൂർ എടുത്തു എന്നതു തന്നെയാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്ന വൈരുദ്ധ്യം. അതുകൊണ്ടു തന്നെ ഇത് വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് പറയുന്നവരും ഉണ്ട്. 2018 ജൂൺ മുതൽ സജീവമല്ലായിരുന്നു ടേയുടെ ഇൻസ്റ്റാ അക്കൗണ്ട്. ഏതായാലും മരണ വാർത്ത വന്നതോടെ 2 ലക്ഷത്തോളം പുതിയ ഫോളോവേഴ്സിനെയാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ