ശ്രീനഗർ: ലഡാക്കിലെ പാൻഗോങ് തടാകത്തിലേക്ക് ബൈക്ക് യാത്ര നടത്തി കോൺഗ്രസ് എംപി. രാഹുൽ ഗാന്ധി. ഓഗസ്റ്റ് 20-ന് രാജീവ് ഗാന്ധിയുടെ ജന്മദിനം പാൻഗോങ് തടാകത്തിലാകും രാഹുൽ ആഘോഷിക്കുക. കെടിഎമ്മിന്റെ 390 അഡ്വഞ്ചർ ബൈക്കിലാണ് രാഹുൽ ഗാന്ധിയുടെ യാത്ര. ബൈക്കിങ് ഗിയർ അണിഞ്ഞുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് രാഹുൽ പങ്കുവച്ചത്.

 
 
 
View this post on Instagram

A post shared by Rahul Gandhi (@rahulgandhi)

സുരക്ഷയ്ക്ക് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്ന് വ്യക്തമാക്കുന്നതാണ് യാത്രാ ചിത്രങ്ങൾ. ഓഗസ്റ്റ് 25 വരെ ലാഹുൽ ലഡാക്കിൽ തുടരുമെന്നാണ് വിവരം. കെടിഎം 390 അഡ്വഞ്ചർ 373 സിസി ബൈക്കാണ് രാഹുലിന്റെ ലഡാക്ക് യാത്രയ്ക്ക് ഊർജമായിട്ടുള്ളത്. നേരത്തെ കെടിഎം 390 ബൈക്ക് സ്വന്തമായുള്ളതായി രാഹുൽ വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ അത് ഉപയോഗിക്കാൻ കഴിയാത്തതിലെ നിരാശയും രാഹുൽ പങ്കുവച്ചിരുന്നു.

പാൻഗോങ് തടാകത്തിലേക്കുള്ള യാത്രയിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണതെന്ന് അച്ഛൻ പറയാറുണ്ടെന്നും രാഹുൽ എക്സിൽ കുറിച്ചു. 'തടയാനാവാതെ മുന്നോട്ട് 'എന്ന കുറിപ്പുമായി കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധി ലഡാക്കിലെത്തിയത്. ദ്വിദിന സന്ദർശനമാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സന്ദർശനം ഓഗസ്റ്റ് 25 വരെ നീട്ടുകയായിരുന്നു. ലേയിൽ 500-ൽ അധികംവരുന്ന യുവാക്കളുമായി സംവദിക്കുകയും ചെയ്തു. ഓഗസ്റ്റ് 25-ന് നടക്കുന്ന ലഡാക്ക് ഹിൽ ഡെവലപ്പ്മെന്റ് കൗൺസിലിന്റെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുലിന്റെ ലഡാക്ക് സന്ദർശനം. ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തശേഷം ലഡാക്കിലേക്കുള്ള രാഹുലിന്റെ ആദ്യസന്ദർശനമാണിത്.