ബംഗളുരു: ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച നടൻ പ്രകാശ് രാജിന് സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷവിമർശനം. ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതു കാണാനായി നിമിഷങ്ങളെണ്ണി ഇന്ത്യ കാത്തിരിക്കെയാണ് ട്രോളുമായി നടൻ പ്രകാശ് രാജ് രംഗത്ത് വന്നത്. രാഷ്ട്രീയ പരിഹാസങ്ങളെ ദേശീയ വിഷയങ്ങളുമായി ബന്ധപ്പെടുത്തരുത് എന്നതടക്കം കടുത്ത വിമർശനമാണു പ്രകാശ് രാജിനെതിരെ ഉയരുന്നത്.

'ബ്രേക്കിങ് ന്യൂസ്: ചന്ദ്രനിൽനിന്ന് വിക്രം ലാൻഡർ അയയ്ക്കുന്ന ആദ്യ ചിത്രം' എന്ന കുറിപ്പോടെ, മുണ്ട് മടക്കിക്കുത്തി ഷർട്ട് ഇട്ടൊരാൾ ചായ അടിക്കുന്ന ചിത്രമാണു പ്രകാശ് രാജ് സമൂഹമാധ്യമമായ എക്‌സിൽ (ട്വിറ്റർ) പങ്കുവച്ചത്. ഐഎസ്ആർഒയെയും ശാസ്ത്രജ്ഞരെയും അവരുടെ ആത്മസമർപ്പണത്തെയും പരിഹസിച്ചെന്നാരോപിച്ച് വിമർശനവുമായി ആളുകൾ രംഗത്തെത്തി.

മൂന്നാം ചന്ദ്രയാൻ ദൗത്യം ചന്ദ്രനിൽ മറ്റന്നാൾ സോഫ്റ്റ് ലാൻഡിങ് നടത്താൻ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിന്റെ ട്വീറ്റ് ചർച്ചാ വിഷയമാകുന്നത്. രൂക്ഷവിമർശനമാണ് പല കോണുകളിൽ നിന്നും പ്രകാശ് രാജിന്റെ പ്രതികരണത്തിനെതിരെ ഉയരുന്നത്.

ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിനെ പരിഹസിക്കുന്നത് രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം ആളുകൾ പ്രതികരിച്ചു. എന്നാൽ, ചന്ദ്രനിൽപ്പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്ന കാർട്ടൂണിന്റെ ഒരു ഭാഗം പങ്കുവച്ചതിന് പ്രകാശ് രാജിനെ വിമർശിക്കേണ്ടതില്ലെന്ന് പ്രതികരിച്ചവരുമുണ്ട്.

'പ്രകാശ്ജി, ചന്ദ്രയാൻ മിഷൻ ഐഎസ്ആർഒയുടെ ആണ്, അല്ലാതെ ബിജെപിയുടെ അല്ല. ദൗത്യം വിജയിച്ചാൽ അത് ഇന്ത്യയ്ക്കുള്ളതാണ്. അല്ലാതെ ഏതെങ്കിലും പാർട്ടിക്കുള്ളതല്ല. എന്തിനാണ് ചന്ദ്രയാൻ പരാജയപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്' ഒരാൾ ചോദിച്ചു. 'ഇത് അനാവശ്യമാണ്. മഞ്ഞിനേക്കാൾ വേഗത്തിലാണ് നിങ്ങൾ ഉരുകുന്നത്. വേഗത്തിൽ ഭേദമാകട്ടെ എന്ന് ആശംസിക്കുന്നു' മറ്റൊരാൾ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തനായ വിമർശകനാണ് പ്രകാശ് രാജ്. ചെറുപ്പത്തിൽ ചായ വിറ്റിട്ടുണ്ടെന്ന മോദിയുടെ പരാമർശമാണ് പ്രകാശ് രാജിന്റെ പോസ്റ്റിനാധാരം എന്ന മട്ടിലാണു വിമർശനം. 'ചന്ദ്രനിൽ ചായക്കടയിട്ട മലയാളി' എന്ന തമാശക്കഥ ഉദ്ദേശിച്ചാണോ, നിരവധി മലയാളം സിനിമകളിലെ സാന്നിധ്യമായ പ്രകാശ് രാജ് ഇങ്ങനെ പോസ്റ്റിട്ടതെന്ന സംശയവുമുയരുന്നുണ്ട്.

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് രണ്ട് ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഇറങ്ങും. ചന്ദ്രോപരിതലം തൊടാനുള്ള മുന്നൊരുക്കങ്ങൾ കൃത്യമായി പുരോഗമിക്കുകയാണ്. ലാൻഡറിലെ ഓരോ ഉപകരണത്തിന്റെയും പ്രവർത്തനം ഇസ്രൊ വിലയിരുത്തി. മറ്റൊരു രാജ്യത്തിനും ഇറങ്ങാൻ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ഇന്ത്യൻ ദൗത്യത്തിന്റെ ലക്ഷ്യം ഓഗസ്റ്റ് 23ന് വൈകിട്ട് 5.45 നാണ് ലാൻഡിങ്ങ് പ്രക്രിയക്ക് തുടങ്ങുക. ആറേ നാലോടെ പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്നാണ് ഇസ്രൊ അറിയിപ്പ്.