- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ഹാക്കർമാരിൽ നിന്നും സൈബർ മോഷ്ടാക്കളിൽ നിന്നും എങ്ങനെ നിങ്ങൾക്ക് സുരക്ഷിതരാവാം? വർഷം അര മില്യൻ ഡോളർ വരെ സൈബർ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച് ഇപ്പോൾ സൈബർ സെക്യുരിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ഐ റ്റി വിദഗ്ധന്റെ ടിപ്പുകൾ
മുള്ളെടുക്കാൻ നല്ലത് മുള്ളു തന്നെയെന്ന് പറയുന്നത് പോലെ, സൈബർ ക്രൈം തടയുവാൻ ഏറ്റവും നല്ലത് അതിന്റെ ഉള്ളറകൾ നന്നായി അറിയാവുന്ന, സൈബർ കുറ്റവാളികൾ തന്നെയാണ്. സൈബറിടത്തിലെ ചതിക്കുഴികളിലൂടെ ഒരു വർഷം കൊണ്ട് അര മില്യൻ ഡോളറോളം സമ്പാദിച്ച്, ഇപ്പോൾ മനംമാറ്റം വന്ന ഒരു മുൻ ഹാക്കർ ഇപ്പോൾ അത്തരം ചതികളിൽ നിന്നും രക്ഷപ്പെടാനുള്ള വഴികളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
കമ്പ്യുട്ടറുകളോടും, സാങ്കേതിക വിദ്യയോടും ചെറുപ്പം മുതൽ തന്നെ കടുത്ത ആവേശമുണ്ടായിരുന്ന ഇയാൾ തന്റെ 18 -ാം വയസ്സിലായിരുന്നു സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്നു വരുന്നത്. യൂണിവേഴ്സിറ്റിയിൽ കമ്പ്യുട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന കാലത്തായിരുന്നു സൈബർ ലോകത്തിലെ ഇരുണ്ട ഇടനാഴികളിലേക്ക് ഇയാൾ നയിക്കപ്പെടുന്നത്. 404 എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇയാൾ പറയുന്നത് ഏട്ട് വർഷത്തോളം നീണ്ട നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും സൈബർ കുറ്റവാളികളുടെ മനോനിലയിലെക്ക് നല്ലൊരു ഉൾക്കാഴ്ച്ച ലഭിച്ചു എന്നാണ്.
കമ്പ്യുട്ടറും ഐ ടി സാങ്കേതിക വിദ്യയുമൊക്ക് ഉപയോഗിക്കുന്ന പലർക്കും തങ്ങളുടെ എത്രമാത്രം വിവരങ്ങൾ പുറത്തുള്ളവർക്ക് ലഭ്യമാകും എന്നതിനെ കുറിച്ച് അറിവില്ല എന്ന് അയാൾ പറയുന്നു. എവിടെയാണ് തിരയേണ്ടതെന്ന് അറിയാവുന്നവർ തിരഞ്ഞാൽ എന്തൊക്കെ വിവരങ്ങൾ ലഭ്യമാകുമെന്നും പലർക്കും അറിയില്ല. നിങ്ങളുടെ പ്രൈവസി സെറ്റിങ്സ് പരമാവധി കർക്കശമാക്കി സൂക്ഷിക്കുവാനും, അതുപോലെ നിങ്ങൾ ഓൺലൈനിൽ എന്തെല്ലാം ഷെയർ ചെയ്യുന്നു എന്നത് നല്ലതുപോലെ ആലോചിച്ച് തീരുമാനിക്കാനുമാണ് 404 ഉപദേശിക്കുന്നത്.
സാധാരണയായി, സമൂഹ മാധ്യമങ്ങളിലാണ് വിവരങ്ങൾ അമിതമായി ഷെയർ ചെയ്യപ്പെടുന്നത് എന്നും 404 പറയുന്നു. പലരും അവരുടെ ലൊക്കേഷൻ, ജന്മദിനം, കുടുംബ വിവരങ്ങൾ എന്നിവയൊക്കെ പങ്കു വയ്ക്കുന്ന. ഇത് തന്നെ അപകടം ഉണ്ടാക്കിയേക്കാം എന്നിരിക്കെ, നാഷണൽ ഇൻഷുറൻസ് നമ്പർ, ബാങ്ക് വിശദാംശങ്ങൾ, പൂർണ്ണമായ വിലാസം എന്നിവ ഒരിക്കലും ഷെയർ ചെയ്യരുതെന്ന് 404 നിർദ്ദേശിക്കുന്നു.
സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തു നിന്നും സൈബർ സെക്യുരിറ്റിയുറ്റെ പാതയിലേക്ക് അഞ്ചു വർഷം മുൻപ് തിരിഞ്ഞ 404, ആരെയാണ് സൈബർ കുറ്റവാളികൾ സാധാരണയായി ലക്ഷ്യം വയ്ക്കാറുള്ളത് എന്നും പറയുന്നുണ്ട്. സാങ്കേതിക വിദ്യയിൽ അധികം അറിവില്ലാത്തവരെയായിരിക്കും ഇവർ കൂടുതലായി ഉന്നം വയ്ക്കുക. പ്രായം ചെന്നവരായിരിക്കും ഇരകളാകാനുള്ള സാധ്യത കൂടുതൽ. മാത്രമല്ല, ഇത്തരക്കാരെ ചൂണ്ടക്കൊളുത്തിൽ കുടുക്കുവാൻ ഹാക്കർമാർ പ്രധാനമായും ഉപയോഗിക്കുക ഫിസിങ് ഈമെയിലുകൾ ആയിരിക്കും.
ഇത്തരത്തിലുള്ള മെയിലുകൾ എത്തിയാൽ അത് ഒഴിവാക്കുന്നതാണ് ബുദ്ധി എന്നും 404 ഉപദേശിക്കുന്നു. ഈമെയിലിന്റെ സ്രോതസ്സ് വിശ്വാസയോഗ്യമണോ എന്ന് പരിശോധിച്ച് മാത്രം തുറക്കുക. അതുപോലെ തീർത്തും വ്യത്യസ്തമായ പാസ്സ്വേർഡ് ഉപയോഗിക്കുക, ടു ഫാക്റ്റർ വെരിഫിക്കേഷൻ സാധ്യമാക്കുക, സോഫ്റ്റ്വെയർ എപ്പോഴും അപ്ഡേറ്റഡ് ആയി സൂക്ഷിക്കുക, സംശയകരമായ ലിങ്കുകളും ഡൗൺലോഡുകളും ഒഴിവാക്കുക, വ്യക്തിഗത വിവരങ്ങൾ വളരെ സൂക്ഷിച്ചു മാത്രം ഓൺലൈനിൽ ഷെയർ ചെയ്യുക എന്നിവയും തട്ടിപ്പിൽ നിന്നും രക്ഷപ്പെടാൻ ഉചിതമായ നടപടികളാണ്.
മറുനാടന് മലയാളി ബ്യൂറോ