- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാവൺ, നിർമ്മാണം കോൺഗ്രസ് പാർട്ടി, സംവിധാനം ജോർജ് സോറസ്'; രാഹുലിന്റെ പോസ്റ്റർ പങ്കുവെച്ച് ബിജെപി; അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കോൺഗ്രസ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാവണനോട് ഉപമിക്കുന്ന പോസ്റ്ററുമായി ബിജെപി. പാർട്ടിയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലാണ് (ട്വിറ്റർ) പത്തുതലകളുള്ള പടച്ചട്ട അണിഞ്ഞു നിൽക്കുന്ന രാഹുലിന്റെ പോസ്റ്റർ ബിജെപി പങ്കുവെച്ചത്. ''രാവൺ, നിർമ്മാണം കോൺഗ്രസ് പാർട്ടി, സംവിധാനം ജോർജ് സോറസ്.'' എന്ന കുറിപ്പോടെയാണ് രാവൺ സിനിമ പോസ്റ്ററിനോട് സാദൃശ്യമുള്ള രാഹുലിന്റെ പോസ്റ്റർ ബിജെപി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
'ഇതാ പുതു തലമുറയിലെ രാവണൻ. അദ്ദേഹം തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നവൻ. ഭാരതത്തെ തകർക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം' എന്ന കുറിപ്പോടെയാണ് ചിത്രം ബിജെപി പോസ്റ്റ് ചെയ്തത്.
The new age Ravan is here. He is Evil. Anti Dharma. Anti Ram. His aim is to destroy Bharat. pic.twitter.com/AwDKxJpDHB
- BJP (@BJP4India) October 5, 2023
'ഏറ്റവും വലിയ നുണയൻ' എന്ന കുറിപ്പിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കഴിഞ്ഞദിവസം കോൺഗ്രസ് അവരുടെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരുന്നു. പോസ്റ്റർ പ്രചാരണത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് രാഹുലിനെതിരായ ബിജെപിയുടെ പോസ്റ്റർ പ്രചാരണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
'രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന ഈ ചിത്രം പ്രചരിപ്പിക്കുന്നതിലൂടെ ബിജെപി എന്താണ് ലക്ഷ്യമിടുന്നത്? പിതാവിനെയും മുത്തശ്ശിയെയും അക്രമികൾ കൊലപ്പെടുത്തിയ ഒരു കോൺഗ്രസ് എംപിക്കെതിരെയുള്ള ഈ പ്രചാരണം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇന്ത്യയെ വിഭജിക്കുന്നതാണ്. ഇത് വളരെ അപകടകരമാണ്. ഇതുകൊണ്ട് ഞങ്ങൾ ഭയപ്പെടില്ല' -ജയറാം രമേശ് കുറിച്ചു.
മറുനാടന് ഡെസ്ക്