സാവോപോളോ: ബ്രസീലിയൻ ഫുട്ബോൾ സൂപ്പർ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നു. ശനിയാഴ്ച രാവിലെയാണ് എക്‌സിലൂടെ നെയ്മറും ബ്രൂണയും ഇക്കാര്യം അറിയിച്ചത്. കുഞ്ഞിനും ബ്രൂണയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും നെയ്മർ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് മാതാപിതാക്കളായ നെയ്മറിനും ബ്രൂണയും ആശംസകൾ പങ്കുവെച്ചത്.

 
 
 
View this post on Instagram

A post shared by BRUNA BIANCARDI (@brunabiancardi)

ഞങ്ങളുടെ മാവി ഞങ്ങളുടെ ജീവിതം സഫലമാക്കാൻ എത്തിയിരിക്കുന്നു- എന്നാണ് പോർച്ചുഗീസ് ഭാഷയിൽ നെയ്മർ കുറിച്ചത്. മകൾക്ക് മാവി എന്നാണ് പേരു നൽകുക എന്ന് നെയ്മർ നേരത്തേ പറഞ്ഞിരുന്നു. തങ്ങളെ മാതാപിതാക്കളായി തിരഞ്ഞെടുത്തതിന് നന്ദിയെന്നും ഇരുവരും മാവിയെ അങ്ങേയറ്റം സ്‌നേഹിക്കുന്നുവെന്നും നെയ്മർ കുറിച്ചു.

ഔദ്യോഗിക ഇൻസ്റ്റഗ്രാമിലൂടെ ബ്രൂണയും മകളെക്കുറിച്ച് പങ്കുവെച്ചു. ഇരുവരും മകളെ കയ്യിലെടുത്തുനിൽക്കുന്ന ചിത്രങ്ങൾ സഹിതമാണ് ബ്രൂണയുടെ പോസ്റ്റ്.

 
 
 
View this post on Instagram

A post shared by BRUNA BIANCARDI (@brunabiancardi)

ഇക്കഴിഞ്ഞ ഏപ്രിലിലാണ് നെയ്മറും ബ്രൂണയും മാതാപിതാക്കളാകാൻ പോകുന്ന വിവരം പങ്കുവെച്ചത്. തങ്ങളുടെ പ്രണയം പൂർത്തീകരിക്കാൻ വരുന്നയാളാണ് മകളെന്നും അവൾക്കായി കാത്തിരിക്കുകയാണെന്നും നെയ്മർ കുറിച്ചിരുന്നു. ജനിക്കുന്നത് ആൺകുഞ്ഞായിരുന്നുവെങ്കിൽ അവന് മെസ്സി എന്ന് പേരിടുമായിരുന്നുവെന്ന് നെയ്മർ പറഞ്ഞതും വാർത്തയായിരുന്നു.

2021 മുതൽ പ്രണയത്തിലായ നെയ്മറും ബ്രൂണയും 2022 ജനുവരിയിലാണ് ബന്ധം സ്ഥിരീകരിച്ചത്. ബ്രൂണയുമായുള്ള വിവാഹനിശ്ചയം പിന്നീട് തീരുമാനിച്ചെങ്കിലും അത് നടന്നില്ല. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഫുട്ബോൾ ലോകത്ത് ചർച്ചാവിഷയമായിരുന്നു. എന്നാൽ 2023-ൽ ഇരുവരും വീണ്ടും ഒന്നിച്ചു. മോഡലും ഇൻഫ്ളുവൻസറുമാണ് ബ്രൂണ. മുൻകാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തിൽ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്. ഡേവി ലൂക്ക എന്നാണ് മകന്റെ പേര്.