- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ; സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നു; ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ല'; ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൽഫോൻസ് പുത്രൻ; പോസ്റ്റ് ഉടൻ പിൻവലിച്ചു
കൊച്ചി: സിനിമ തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് താൻ സ്വയം കണ്ടെത്തിയെന്നും ആർക്കും ഒരു ഭാരമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൽഫോൻസ് പറഞ്ഞു. ഔദ്യോഗിക ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആണ് അൽഫോൻസ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പോസ്റ്റ് പങ്കുവച്ച് അധികം സമയമാകുന്നതിന് മുൻപ് തന്നെ അത് പിൻവലിച്ചിട്ടുണ്ട്. പക്ഷേ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
'ഞാൻ എന്റെ സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒ.ടി.ടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും',അൽഫോൻസ് പുത്രൻ കുറിച്ചു.
പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിപ്പേരാണ് അൽഫോൻസിന്റെ പോസ്റ്റിൽ കമെന്റുകളുമായി എത്തിയത്. ഡോക്ടറുടെ സഹായം തേടാനാണ് ആരാധകർ പറയുന്നത്. പോസ്റ്റ് ചർച്ചയായതിന് പിന്നാലെ അൽഫോൻസ് അത് നീക്കം ചെയ്തിട്ടുമുണ്ട്. താരത്തിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
Alphonse Puthren is going to stop his Cinema theatre career...!!
- AB George (@AbGeorge_) October 30, 2023
Shocking note from one of the most famous Mollywood directors of current generation... ???? pic.twitter.com/Cc2zVDJRLJ
2013ൽ നിവിൻ പോളി നായകനായി എത്തിയ നേരം എന്ന ചിത്രമായിരുന്നു അൽഫോൻസ് പുത്രന്റെ ആദ്യ ചിത്രം. 2015-ൽ പുറത്തിറങ്ങിയ 'പ്രേമം' വൻ പ്രേക്ഷകപ്രീതിയും, നിരൂപകപ്രശംസയും കരസ്ഥമാക്കുകയും ചെയ്തു. പാട്ട് എന്നൊരു മലയാള സിനിമയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജ് നായകനായി എത്തിയ ഗോൾഡ് എന്ന ചിത്രമാണ് അൽഫോൻസിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല.
ഗിഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന തമിഴ് സിനിമയിൽ ആയിരുന്നു അൽഫോൻസ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചെറിയ കാൻവാസിൽ പൂർത്തിയാക്കുന്ന ചിത്രത്തിൽ സാൻഡി, കോവൈ സരള, സഹന സർവേഷ്, മഹാലക്ഷ്മി സുദർശൻ, സമ്പത്ത് രാജ്, രാഹുൽ, ചാർലി, റേച്ചൽ റബേക്ക, ക്രോഫോർഡ്, ഗോപാലൻ പാലക്കാട്, സൈക്കിൾ മണി തുടങ്ങിയവർ അഭിനയിക്കുമെന്ന് നേരത്തെ അൽഫോൻസ് അറിയിച്ചിരുന്നു.
മറുനാടന് ഡെസ്ക്