- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സമാധാനം നഷ്ടപ്പെട്ടുപോയി'; പൊലീസിൽ പരാതി നൽകാൻ ആഗ്രഹിക്കുന്നുവെന്ന് മുംബൈ സ്വദേശിനി; ട്വിറ്ററിലൂടെ യുവതിക്ക് രസകരമായ മറുപടി നൽകി മുംബൈ പൊലീസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മുംബൈ: സാധാരണ ഗതിയിൽ വിലപിടിപ്പുള്ള എന്തെങ്കിലും നഷ്ടപ്പെടുകയോ മോഷണം പോകുകയോ ഒക്കെ സംഭവിക്കുമ്പോഴാണ് ജനങ്ങൾ പൊലീസിന്റെ സഹായം തേടാറുള്ളത്. എന്നാൽ നഷ്ടപ്പെട്ടുപോയ മനസമാധാനം വീണ്ടെടുക്കാൻ പൊലീസിനെ സമീപിച്ചാൽ എന്തായിരിക്കും ലഭിക്കുന്ന മറുപടി. ഇത്തരമൊരു പരാതിയുമായി എത്തിയ യുവതിക്ക് മുംബൈ പൊലീസ് നൽകിയ മറുപടിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.
മുംബൈ സ്വദേശിനിയായ ഒരു യുവതി പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത് എന്തെങ്കിലും വസ്തുക്കൾ കളവ് പോയതിനല്ല. മറിച്ച്, തന്റെ 'സമാധാനം നഷ്ടപ്പെട്ടുപോയി' എന്നായിരുന്നു യുവതിയുടെ പരാതി. പരാതി വെറുതെ ആയില്ല. യുവതിക്ക് വളരെ രസകരമായ രീതിയിൽ മറുപടിയുമായി മുംബൈ പൊലീസ് രംഗത്തെത്തി.
Many of us are in ‘talaash' of ‘sukoon' too Ms Arya! We appreciate your ‘aitbaar' in us and are sure that you will find it in your ‘rooh' - for anything else tangible, you may ‘beshaq' come to us #EnsuringSukoonForMumbai #MumbaiFirst https://t.co/GkA3sTmf8n
- मुंबई पोलीस - Mumbai Police (@MumbaiPolice) October 31, 2023
മുംബൈ സ്വദേശിനിയായ വേദിക ആര്യ എന്ന സ്ത്രീ തന്റെ സമാധാനം നഷ്ടപ്പെട്ടതിനാൽ പൊലീസിൽ പരാതി നൽകാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സാമൂഹിക മാധ്യമമായ ട്വിറ്റർ (X) അക്കൗണ്ടിലൂടെയായിരുന്നു യുവതി ഈ ആഗ്രഹം പങ്കുവെച്ചത്. മുംബൈ പൊലീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള യുവതിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു; 'പൊലീസ് സ്റ്റേഷൻ ജാ രാഹി ഹുൻ സുകൂൻ ഖോ ഗയാ ഹേ മേരാ @മുംബൈ പൊലീസ് (ഞാൻ പൊലീസ് സ്റ്റേഷനിൽ പോകുന്നു. എനിക്ക് എന്റെ സമാധാനം നഷ്ടപ്പെട്ടു)' തമാശയായാണ് യുവതി ഇത്തരത്തിൽ ഒരു പോസ്റ്റ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചെങ്കിലും മുംബൈ പൊലീസ് യുവതിയെ നിരാശപ്പെടുത്തിയില്ല.
ട്വിറ്ററിലൂടെ യുവതിക്ക് രസകരമായ ഒരു മറുപടിയുമായി മുംബൈ പൊലീസും രംഗത്ത് എത്തി. 'നമ്മളിൽ ഭൂരിഭാഗം ആളുകളും സമാധാനം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് മിസ്സ് ആര്യ. എങ്കിലും ഞങ്ങളിലുള്ള നിങ്ങളുടെ വിശ്വാസത്തെ വിലമതിക്കുന്നു. ഞങ്ങൾക്കുറപ്പുണ്ട് നിങ്ങൾക്ക് തീർച്ചയായും അത് കണ്ടെത്താൻ സാധിക്കുമെന്ന്. ഏതായാലും മറ്റെന്തെങ്കിലും സാധനങ്ങൾ നിങ്ങൾക്ക് നഷ്ടമായാൽ ധൈര്യമായി ഞങ്ങളുടെ അടുത്തേക്ക് വരാം' ഇതായിരുന്നു മുംബൈ പൊലീസിന്റെ മറുപടി.
സംഗതി ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറൽ ആവുകയാണ്. മുമ്പും രസകരമായ നിരവധി പോസ്റ്റുകളും പരാതിക്കാർക്കുള്ള മറുപടികളും കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ മുംബൈ പൊലീസ് ശ്രദ്ധ നേടിയിട്ടുണ്ട്. 2015 ഡിസംബർ മുതലാണ് മുംബൈ പൊലീസ് ട്വിറ്ററിൽ സജീവമായത്. മുംബൈ പൊലീസിന് ട്വിറ്ററിൽ നിലവിൽ 5 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.
മറുനാടന് ഡെസ്ക്