കൊച്ചി: അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും മിനിസ്‌ക്രീൻ അഭിനേത്രിയായ ഗോപികയും തമ്മിലുള്ള വിവാഹ നിശ്ചയം ആരാധകർക്ക് അപ്രതീക്ഷിതമായിരുന്നു. പ്രേക്ഷകർ സന്തോഷത്തോടെയുള്ള ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. പ്രണയത്തിന്റെ യാതൊരു തുമ്പും തരാതെ, പെട്ടെന്ന് ദിവസം ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്ത വന്നപ്പോൾ പ്രേക്ഷകർക്കും കൗതുകമായിരുന്നു. ഇത് എങ്ങനെയെന്ന്. അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി തികച്ചും സ്വകാര്യമായി നടത്തിയ വിവാഹ നിശ്ചയത്തിനൊടുവിൽ ഇരുവരും മാധ്യമങ്ങൾക്ക് മുഖം തരാതിരുന്നപ്പോഴും ബാക്കിയായത് 'എന്നാലും ഇതെങ്ങനെ?' എന്ന ചോദ്യമായിരുന്നു. ഇപ്പോഴിതാ ജിപിയും ഗോപികയും വിവാഹത്തിന്റെ 'പ്രണയ കഥ' വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്.

ജിപിയുടെയും ഗോപികയുടെയും പ്രണയവിവാഹമാണോ, അതോ അറേഞ്ച്ഡ് മാരേജ് ആണോ എന്നൊക്കെയുള്ള സംശയങ്ങൾക്കും ഊഹങ്ങൾക്കുമെല്ലാമുള്ള മറുപടിയാണ് ഇരുവരും നൽകുന്നത്. ഗോവിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയകഥ പങ്കു വച്ചിരിക്കുന്നത്. ആളുകൾ ചിന്തിക്കുന്നത് പോലെ പ്രണയവിവാഹമല്ലെന്നും തീർത്തും അറേഞ്ച്ഡ് ആയ ഒരു വിവാഹമാണെന്നും ജിപിയും ഗോപികയും പറയുന്നു. വീട്ടുകാരുടെ നിർദ്ദേശപ്രകാരം പരിചയപ്പെട്ട ശേഷം ഇരുവരും തങ്ങളുടെ പ്രണയം കണ്ടെത്തുകയായിരുന്നു.

ഗോവിന്ദ് പത്മസൂര്യയുടെ അച്ഛന്റെ അനിയത്തിയും തന്റെ വല്യമ്മയും സുഹൃത്തുക്കളായിരുന്നു എന്ന് ഗോപിക വ്യക്തമാക്കുന്നു. അവരാണ് ഇങ്ങനെ ഞങ്ങൾക്കായി ഒരു വിവാഹം ആലോചിച്ചത്. ഗോപികയെ പോയി കാണണമെന്ന് മേമ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്ന് ജിപിയും വ്യക്തമാക്കുന്നു. എന്നാൽ അതിന് അത്ര പ്രധാന്യം ആദ്യം നൽകിയിരുന്നില്ല. ഒടുവിൽ കർശന നിർദ്ദേശമുണ്ടായപ്പോഴാണ് ഗോപികയെ വിളിക്കുകയും ചെന്നൈയിൽ പോയി കാണുകയും ചെയ്തത്. കാപാലീശ്വരര ക്ഷേത്രത്തിൽ വച്ചാണ് ഗോപികയെ ആദ്യമായി കാണുന്നത് എന്നും ഗോവിന്ദ് പത്മസൂര്യ വ്യക്തമാക്കി.

''മേമ എന്നോട് , ഗോപികയെപ്പറ്റി പറഞ്ഞ ശേഷം പോയി കാണണം, പരിചയപ്പെടണം എന്നെല്ലാം പറഞ്ഞു. എന്നാൽ ഞാൻ അതിനത്ര പ്രാധാന്യം നൽകിയില്ല. എന്നാൽ എന്നെ വെറുതെ വിടാനുള്ള ഉദ്ദേശം മേമക്കുണ്ടായിരുന്നില്ല. ഒന്നരമാസത്തോളം ഞാൻ ഉഴപ്പി. എന്നാൽ അപ്പോഴേക്കും മേമയുടെ മെസ്സേജിലൂടെയും മറ്റുമുള്ള ഭാഷ അൽപം കടുക്കാൻ തുടങ്ങി. ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലല്ലേ എന്നൊക്കെയായി ചോദ്യം. അങ്ങനെ മേമയെ സമാധാനിപ്പിക്കാനായി ഞാൻ ഗോപികയെ വിളിച്ചു. എവിടെയാണുള്ളതെന്ന് ചോദിച്ചപ്പോൾ ചെന്നൈയിൽ ആണെന്ന് പറഞ്ഞു. ആ സമയത്ത് ഞാനുള്ളതുകൊച്ചിയിലാണ്. ഒരു മണിക്കൂർ കൊണ്ട് ഫ്ളൈറ്റിൽ ചെന്നൈ എത്താം. തിരുവനന്തപുരം വരെ വണ്ടി ഓടിച്ചു പോയി കാണേണ്ട കാര്യമില്ല. മാത്രമല്ല, ഇടയ്ക്കിടെ ഞാൻ പോകാറുള്ള കാപാലീശ്വര ക്ഷേത്രത്തിൽ പോകുകയും ചെയ്യാം. ഒപ്പം മറ്റു ചില മീറ്റിങ്ങുകളും. അങ്ങനെ നിരവധി പദ്ധതിയുമായാണ് ഞാൻ ചെന്നൈയ്ക്ക് പോയത്''. ജിപി പറയുന്നു.



ഒരു നിയോഗം പോലെ കാപാലീശ്വര ക്ഷേത്രത്തിൽ വച്ച് ആണ് ആദ്യമായി ജിപി ഗോപികയെ കാണുന്നത്. ഗോപികയുടെ കൂടെ മിട്ടുവും സുഹൃത്തുക്കളും ഉണ്ടായിരുന്നു. കുറച്ചു നേരം എല്ലാവരും ഒരുമിച്ചിരുന്നു സംസാരിച്ച ശേഷം ജിപിക്കും ഗോപികയ്ക്കും സംസാരിക്കാൻ അവസരം നൽകി അവർ പോയി. മേമ പറഞ്ഞതുകൊണ്ട് മാത്രം വെറുതെ ഒന്ന് വന്ന് കണ്ട് പരിചയപ്പെടാം എന്നാണ് ജിപി കരുതിയത് എന്നാൽ അഞ്ചു മണിക്കൂറോളം മനസ്സ് തുറന്ന് തന്നെപ്പറ്റി ഗോപിക സംസാരിച്ചപ്പോൾ ജിപിക്കും താല്പര്യം തോന്നി തുടങ്ങി.

''സത്യത്തിൽ ഗോപിക ഇത്രയേറെ സംസാരിക്കുന്ന ആളാണെന്ന് ഞാൻ മനസിലാക്കിയത് അപ്പോഴാണ്. ചെറുപ്പത്തിലെ കാര്യങ്ങൾ മുതൽ എല്ലാം 5 മണിക്കൂർ കൊണ്ട് ഗോപിക പറഞ്ഞു തീർത്തു. പരസ്പരം പിരിയുമ്പോൾ ഞാൻ ഒരു ആയുർവേദ ഡോക്റ്റർ ആയ പോലെയാണ് എനിക്ക് തോന്നിയത്''. ജിപി പറയുന്നു.

എന്നാൽ, ജിപിയുടെ മനസ്സിൽ വിവാഹത്തിലേക്ക് പോകാൻ പറ്റിയ ഒരു ബന്ധമായി തോന്നിയെങ്കിലും ഗോപികയുടെ മനസ്സിൽ അങ്ങനെയായിരുന്നില്ല. തനിക്ക് ജിപിയെ പറ്റി ഒന്നുമറിയില്ലെന്നും അതിനാൽ സ്വയം പറഞ്ഞു തരണമെന്നും ഗോപിക ആവശ്യപ്പെട്ടത് പ്രകാരം കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള കാർ യാത്രയിൽ ജിപി മനസ് തുറന്നു. അങ്ങനെ ഇരുവർക്കും പരസ്പരം നല്ല കൂടാണെന്നും മുന്നോട്ട് പോകാമെന്നും തോന്നി. എന്നാൽ, അപ്പോഴും ഗോപികയുടെ മനസ്സിൽ ഇത് നടക്കുമോ, ഇല്ലയോ എന്ന ആശങ്ക ബാക്കിയായി.

തീരുമാനം ആലോചിച്ച് പിന്നീട് പറയാം എന്ന് ഗോപിക വ്യക്തമാക്കുകയും അത് കുറച്ച് കാലം നീളുകയും ചെയ്തു. പിന്നീട് ഗോപികയുടെ ആ ആശങ്ക തന്നിലേക്കും പടരുകയായിരുന്നു എന്നും ഇത് വർക്കാകില്ല എന്ന് ഗോപികയോട് വ്യക്തമാക്കുകയായിരുന്നു. ഇക്കാര്യം വ്യക്തതയോടെ ജിപി പറഞ്ഞു. എന്നാൽ ഗോപിക ജിപിയുമായുള്ള ബന്ധം വിവാഹത്തിലേക്ക് എത്തിക്കാൻ തീരുമാനമെടുത്തിരുന്നു. പിന്നീട് ജിപിയെ ഗോപിക തന്നെ പറഞ്ഞു മനസിലാക്കിപ്പിക്കുകയും ചെയ്യുകയായിരുന്നു. വിവാഹം നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു.

ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമോ എന്ന ആശങ്ക ഗോപികക്കുണ്ടായപ്പോൾ, ആ ആശങ്ക ജിപിയിലും ആശങ്കയുണ്ടാക്കി. രണ്ട് പേരും ഒരേ മനസോടെയല്ലാതെ വിവാഹമെന്ന തീരുമാനം എടുക്കരുതെന്ന് ജിപിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ ഗോപികയുടെ മനസ്സിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ പിരിയാനും നല്ല സുഹൃത്തുക്കളായി തുടരാനും ജിപി നിർദ്ദേശിച്ചു. എന്നാൽ ആ ഉറച്ച തീരുമാനത്തിന് മുന്നിൽ ഗോപികയുടെ ആശങ്കകൾ ഇല്ലാതായി. നടക്കില്ലെന്നു കരുതിയ വിവാഹം നടത്താമെന്നായി ഇരുവരും

എന്നാൽ ഇരുവരുടെയും മനസ്സിൽ ഇത്തരത്തിൽ പലവിധ ആശങ്കകളും മറ്റും നിലന്നിരുന്നതിനാൽ വീട്ടുകാരോട് ഒരു അവസാന തീരുമാനം ഇരുവരും വൈകിയാണ് പറഞ്ഞത്. അത് വരെയുള്ള സമയം പരസ്പരം കൂടുതൽ മനസിലാക്കാനും പ്രണയം കണ്ടെത്താനുമായി മാറ്റിവച്ചു. കല്യാണത്തിന് മാനസികമായി തയ്യാറെടുക്കാൻ കുറച്ചു കൂടി സമയം വേണമെന്ന് തോന്നിയതിനാലാണ് അങ്ങനെ തീരുമാനിച്ചത്. പിന്നീട് വീട്ടിൽ കാര്യം അറിയിച്ചപ്പോൾ കുടുംബങ്ങൾ കൂടിയാലോചിച്ച് കുടുംബാംഗങ്ങളെ മാത്രം ഉൾപ്പെടുത്തി വിവാഹനിശ്ചയം നടത്താൻ തീരുമാനിക്കുകയായിരുന്നു.