- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജീവിതത്തിലെ ഓരോ കർത്തവ്യവും അസാമാന്യമായാണ് താങ്കൾ നിർവഹിക്കുന്നത്; ഈ ജന്മത്തിലും വരുംജന്മങ്ങളിലും ഞാൻ താങ്കളെ അനന്തമായി പ്രണയിച്ചുകൊണ്ടേയിരിക്കും'; കോലിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അനുഷ്ക
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിയുടെ മുപ്പത്തിയഞ്ചാം പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് ആരാധകർ. ലോകകപ്പിൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം പുരോഗമിക്കവെ ആരാധകരെ ത്രസിപ്പിച്ച് അർധ സെഞ്ചുറിയുമായി മികച്ച പ്രകടനമാണ് വിരാട് കോലി ഇന്ന് പുറത്തെടുത്തത്. വിരാട് കോലിയുടെ ഓരോ മികച്ച ഷോട്ടിനും ഈഡൻ ഗാർഡൻസിൽ തിങ്ങി നിറഞ്ഞ ആരാധകർ മികച്ച പിന്തുണയാണ് നൽകുന്നത്. അതിനിടെ ഭാര്യ അനുഷ്ക ശർമ്മയും വിരാടിന് ആശംസകൾ അറിയിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരുന്നു.
സിനിമ-ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി കപ്പിൾ ആണ് 'വിരുഷ്ക'യെന്ന് വിളിക്കപ്പെടുന്ന വിരാട് കോലിയും അനുഷ്ക ശർമയും. 2017 ലാണ് ഇരുവരും വിവാഹിതരായത്. വാമിക എന്ന മകളും ദമ്പതികൾക്ക് പിറന്നു. സിനിമാ ലോകത്ത് നിന്നും കുറേ നാളുകളായി അകന്ന് നിൽക്കുകയാണ് അനുഷ്ക. കോലിയുടെ 35-ാം പിറന്നാളിന് ഇൻസ്റ്റഗ്രാമിൽ അനുഷ്ക പങ്കുവെച്ച പോസ്റ്റാണിപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡിങ്. 23 ലക്ഷത്തിലധികം പേർ ഇതിനോടകം അനുഷ്കയുടെ ആശംസാപോസ്റ്റിനോട് പ്രതികരിച്ചുകഴിഞ്ഞു.
തന്റെ ജീവിതപങ്കാളിയേക്കുറിച്ച് പ്രണയവും പ്രശംസയും തുളുമ്പുന്ന വാക്കുകൾ അനുഷ്ക പലപ്പോഴും പങ്കുവെക്കാറുണ്ട്. തന്റെ ആത്മാർഥസുഹൃത്തിനെ, ആത്മവിശ്വാസത്തെയാണ് വിവാഹം ചെയ്തതെന്നായിരുന്നു തങ്ങളുടെ വിവാഹത്തെക്കുറിച്ച് അനുഷ്ക ഒരിക്കൽ പ്രതികരിച്ചത്. വിരാട് കോലിക്ക് ആശംസകൾ നേർന്നുള്ള അനുഷ്കയുടെ ഹൃദ്യമായ കുറിപ്പ് വൈറലാകുകയാണ്.
ഇരുവരുടേയും സെൽഫി, കോലിയുടെ അപൂർവമായ ഒരു ഫോട്ടോ, കോലിയെക്കുറിച്ചുള്ള ഒരു വാർത്താശകലത്തിന്റെ ചിത്രം എന്നിവ ഉൾപ്പെടുത്തി അതിമനോഹരമായ കുറിപ്പാണ് അനുഷ്ക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തത്. ''ജീവിതത്തിലെ ഓരോ കർത്തവ്യവും അക്ഷരാർഥത്തിൽ അസാമാന്യമായാണ് താങ്കൾ നിർവഹിക്കുന്നത്. ശ്രേഷ്ഠമായ തലപ്പാവിൽ കൂടുതൽ തൂവലുകൾ കൂട്ടിച്ചേർക്കുന്നത് താങ്കൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഈ ജന്മത്തിലും വരുംജന്മങ്ങളിലും എല്ലാ രൂപത്തിലും ഭാവത്തിലും, അതെങ്ങനെ തന്നെയായാലും ഞാൻ താങ്കളെ അനന്തമായി പ്രണയിച്ചുകൊണ്ടേയിരിക്കും'', അനുഷ്ക കുറിക്കുന്നു.
കഴിഞ്ഞ മാസം കോലി ഗുവാഹാട്ടിയിൽനിന്ന് മുംബൈയിലേക്ക് വ്യക്തിപരമായ ആവശ്യത്തിനായി പോയിരുന്നു. ഇതേത്തുടർന്ന് താരദമ്പതിമാർ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ കോലിയും അനുഷ്കയും ഇതിനേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. മൂത്തമകൾ വാമികയ്ക്ക് രണ്ട് വയസ്സാണ് പ്രായം.
2017-ൽ ആണ് അനുഷ്കയും കോലിയും വിവാഹിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. പരസ്യചിത്രീകരണങ്ങൾക്കായുള്ള കണ്ടുമുട്ടലുകളിലൂടെയാണ് ഇരുവരുടേയും സൗഹൃദം ദൃഢമായത്. 2021 ജനുവരിയിലായിരുന്നു വാമികയുടെ ജനനം. കോലി സ്റ്റേഡിയത്തിലിറങ്ങുമ്പോൾ പലപ്പോഴും ഗാലറിയിലിരുന്ന് പ്രോത്സാഹിപ്പിക്കുന്ന അനുഷ്ക ശ്രദ്ധയാകർഷിക്കാറുണ്ട്.
മകൾ ജനിച്ച ശേഷം കരിയറിന് അനുഷ്ക വലിയ പ്രാധാന്യം നൽകുന്നില്ല. വിവാഹം കഴിഞ്ഞ് മക്കളായാൽ ഒരുപക്ഷെ തുടർന്ന് അഭിനയിക്കാൻ സാധ്യതയില്ലെന്ന് അനുഷ്ക വർഷങ്ങൾക്ക് മുമ്പേ വ്യക്തമാക്കിയതാണ്. അതിനാൽ തന്നെ അനുഷ്ക ഇനി സിനിമാ രം?ഗത്ത് സജീവ സാന്നിധ്യമാകുമെന്ന പ്രതീക്ഷയും ആരാധകർക്കില്ല.
ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് അനുഷ്കയും വിരാടും ആദ്യമായി പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മറച്ച് വെച്ചതുമില്ല. അനുഷ്കയുമായുള്ള പ്രണയ കാലത്തെക്കുറിച്ച് മുമ്പൊരിക്കൽ വിരാട് കോലി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പരസ്പരം അടുത്തപ്പോഴും താൻ അനുഷ്കയെ പ്രൊപ്പോസ് ചെയ്തിട്ടില്ലെന്നും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം സ്വാഭാവികമായി വന്ന് ചേർന്നതാണെന്നും വിരാട് കോലി അന്ന് വ്യക്തമാക്കി.
പ്രണയത്തിലായിരിക്കുമ്പോൾ എല്ലാ ദിവസവും വാലൈന്റൈൻസ് ഡേ പോലെയാണ് തോന്നുക. വിവാഹം നടക്കുമെന്ന് പൂർണമായും ഉറപ്പുള്ളതിനാൽ പ്രൊപ്പോസലിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല. ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് മനസിലായപ്പോൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. എല്ലാം സ്വാഭാവികമായാണ് സംഭവിച്ചത്.
ഇറ്റലിയിൽ വച്ചാണ് അനുഷ്കയും വിരാടും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം രഹസ്യമായാണ് നടന്നത്. വിവാഹ ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറലായി. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ് അനുഷ്കയും വിരാടും. ബോളിവുഡിലെ പാപ്പരാസി കൾച്ചറിനോട് അനുഷ്കയ്ക്ക് വിയോജിപ്പുണ്ട്. മകളുടെ മുഖം ഇതുവരെയും താര ദമ്പതികൾ ആരാധകരെ കാണിച്ചിട്ടില്ല.
മകളുടെ ഫോട്ടോകൾ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. മകൾ സാധാരണ കുട്ടികളെ പോലെ വളരട്ടെയെന്നും അനാവശ്യ ശ്രദ്ധ മകളിലേക്ക് വരേണ്ടതില്ലെന്നുമാണ് ഈ തീരുമാനത്തിന് കാരണം. 2018 ൽ പുറത്തിറങ്ങിയ സീറോ എന്ന സിനിമയിലാണ് അനുഷ്ക ശർമ്മ അവസാനമായി മുഴുനീള വേഷം ചെയ്തത്. ചക്ഡ എക്സ്പ്രസ് എന്ന സിനിമ റിലീസ് ചെയ്യാനുമുണ്ട്.
മറുനാടന് ഡെസ്ക്