- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ സുരക്ഷാ കരങ്ങളിൽ അബിഗേൽ! 'ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ; നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി'; കഠിന പരിശ്രമത്തിന് ശുഭാന്ത്യമെന്ന് കേരള പൊലീസ്
തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആറുവയസ്സുകാരി അബിഗേൽ സാറാ റെജിയെ കൊല്ലത്തെ ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഓയൂർ ഗ്രാമം. കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ പൊലീസ് എ.ആർ. ക്യാമ്പിലെത്തിച്ച ശേഷം കുട്ടിയെ വീഡിയോ കോൾ വഴി അമ്മയെ കാണിച്ചു. കുട്ടി അമ്മയുമായും മറ്റു ബന്ധുക്കളുമായും സംസാരിച്ചു.
ട്യൂഷൻ ക്ലാസിനായ വീട്ടിൽ നിന്നും സഹോദരനൊപ്പം പോയ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കാത്തിരുന്ന ആ വാർത്ത വന്നതിന്റെ ആശ്വാസത്തിലാണ് കേരളം. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേൽ സാറയെ കണ്ടെത്തി. അബിഗേലിനെ കണ്ടെത്താൻ പരിശ്രമിച്ച എല്ലാവർക്കും നന്ദിപറയുകയാണ് കേരള പൊലീസും കുട്ടിയുടെ മാതാപിതാക്കളും സഹോദരനും. കുട്ടിയെ കണ്ടെത്തിയത് വീണ്ടും ഒരു പൊൻതൂവൽ ആണെന്ന് കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.
കഠിന പരിശ്രമത്തിന് ശുഭാന്ത്യമായിരിക്കുകയാണ്. എല്ലാവരുടേയും സഹകരണത്തിന് നന്ദിയെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 'ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ, നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി' ! കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. തങ്ങളുടെ മകൾക്കായി ഇതുവരെ പ്രാർത്ഥിച്ച് കൂടെ നിന്നവർക്ക് കുട്ടിയുടെ അമ്മ സിജിയും സഹോദരൻ ജോനാഥനും നന്ദി അറിയിച്ചു.അബിഗേലിനെ രക്ഷിക്കാനായി പ്രാർത്ഥിക്കുകയും കൂടെ നിന്ന മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും നാട്ടുകാരോടും നന്ദി പറയുന്നുവെന്ന് സിജി പറഞ്ഞു. സഹോദരിയെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും 'താങ്ക്യു സോ മച്ച്' എന്നായിരുന്നു ജോനാഥന്റെ വാക്കുകൾ.
നവംബർ 27ന് തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടിൽനിന്ന് ട്യൂഷന് പോയ പൂയപ്പള്ളി കാറ്റാടി ഓട്ടുമലയിൽ റജി ജോണിന്റെയും സിജി റെജിയുടെയും മകൾ ആറുവയസ്സുകാരി അബിഗേൽ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും കാറിലെത്തിയവർ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. എന്നാൽ ജോനാഥൻ ചെറുത്ത് നിന്നതോടെ കുട്ടിയെ ഉപേക്ഷിച്ച് സംഘം സഹോദരിയുമായി കടന്നു.
വ്യാജ നമ്പർപ്ലേറ്റുള്ള കാറുമായെത്തിയ സംഘത്തിനായി കേരളമാകെ വലവിരിച്ച് പൊലീസും നാട്ടുകാരും ഒരുപോലെ അന്വേഷണം നടത്തുന്നതിനിടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആശ്രാമം മൈതാനത്തെ ബെഞ്ചിലിരിക്കുന്ന കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞതുകൊല്ലം എസ്എൻ കോളേജിലെ വിദ്യാർത്ഥികളാണ്. നാട്ടുകാർ കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിപ്പിച്ചായിരുന്നു എത്തിച്ചത്. അബിഗേലിനൊപ്പമെത്തിയ സ്ത്രീ കുട്ടിയെ മൈതാനത്തിരുത്തി കടന്നുകളയുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ