- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
ഡി വൈ എഫ് ഐ നേതാവിന്റെ വിവാഹത്തിന് പ്രതീകാത്മക മനുഷ്യചങ്ങല സൃഷ്ടിച്ചു പ്രചാരണം
കണ്ണൂർ: കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ വേറെ ലെവലാണെന്നാണ് പൊതുവെ പറയാറുള്ളത്. വിവാഹവീട്ടിൽ വിളമ്പുന്ന അച്ചാറിനും അവിയലിനുമെല്ലാം രാഷ്ട്രീയ നിറങ്ങൾ കൽപിക്കുന്നവരാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ ജനങ്ങൾ. നിറവും, ഗന്ധവും വിളമ്പുകാരുടെ രാഷ്ട്രീയം നോക്കി ഏറിയും കുറഞ്ഞുമൊക്കെയിരിക്കും. ഇതാണ് പറയുന്നത് കണ്ണൂരിൽ എന്തും ഏതും രാഷ്ട്രീയമാണ്. വിവാഹവും ഉത്സവങ്ങളുമെല്ലാം രാഷ്ട്രീയം കലർന്നതാണ്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം തലശേരി അണ്ടലൂരിൽ നടന്നത്.
ഡി.വൈ. എഫ്. ഐ ധർമടം നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടലൂരിലെ വിവാഹവീട്ടിൽ പ്രതീകാത്മ മനുഷ്യചങ്ങല തീർത്തു. ഡി.വൈ. എഫ്. ഐ ധർമടം നോർത്ത് മേഖലാകമ്മിറ്റിയംഗം അശ്വിൻ രാജിന്റെയും അണ്ടലൂർ സ്വദേശിനി ജിഷികയുടെയും വിവാഹത്തിനോടനുബന്ധിച്ചാണ് അണ്ടലൂരിലെ വീട്ടിലെ വിവാഹമണ്ഡപത്തിൽ പ്രതീകാത്മക മനുഷ്യചങ്ങല തീർത്തത്. മേഖലാ പ്രസിഡന്റ് സുജിത്ത്, സെക്രട്ടറി മുഹമ്മദ് റോഷിൻ എന്നിവർ നേതൃത്വം നൽകി.
കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ ജനുവരി ഇരുപതിനാണ് ഡി.വൈ. എഫ്. ഐ കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യചങ്ങല സൃഷ്ടിക്കുന്നത്. ഇതിന്റെ പ്രചാരണത്തിനായി വ്യത്യസ്ത പരിപാടികളാണ് കണ്ണൂരിൽ നടത്തിവരുന്നത്. തെയ്യം, തിറ മഹോത്സവങ്ങളിലും മറ്റു പൊതുപരിപാടികളിലും മനുഷ്യചങ്ങലയുടെ പ്രചാരണവുമായി പ്രവർത്തകരെത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ റെയിൽവെ അവഗണനയുൾപ്പെടെ ചൂണ്ടിക്കാട്ടി പ്രചണ്ഡ പ്രചരണമാണ് ഡി.വൈ. എഫ്. ഐ നടത്തുന്നത്. സോഷ്യൽ മീഡിയയിലും വൻ പ്രചാരണം നടന്നുവരികയാണ്. ഇതിനിടെയിലാണ് ഡി.വൈ. എഫ്. ഐ നേതാവിന്റെ വെറൈറ്റി വിവാഹവും വൈറലാകുന്നത്.