- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
'പവിത്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു; 'എക്സി'ൽ മലയാളത്തിൽ മോദി
തൃശൂർ: പവിത്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചെന്ന് മലയാളത്തിൽ സാമൂഹ്യ മാധ്യമത്തിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ മലയാള ഭാഷയിലുള്ള കുറിപ്പ്. ക്ഷേത്രത്തിന്റെ ദിവ്യമായ ഊർജം അളവറ്റതാണ്. എല്ലാ ഇന്ത്യക്കാരും സന്തോഷത്തോടെയും സമൃദ്ധിയോടെയും തുടരാൻ പ്രാർത്ഥിച്ചതായും മോദി പറഞ്ഞു. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനാണ് മോദി ഗുരുവായൂരിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വൻ താരനിരയുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. വധൂവരന്മാർക്ക് പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. ഇരുവർക്കുമുള്ള വിവാഹഹാരം നൽകിയതും നരേന്ദ്ര മോദിയാണ്.
മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ഖുശ്ബൂ എന്നിവർ അടക്കമുള്ള താരങ്ങളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. ബുധനാഴ്ച രാവിലെ 6.30-ന് കൊച്ചിയിൽനിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി മോദി ക്ഷേത്രദർശനം നടത്തിയശേഷമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ജില്ലാ ഭരണകൂടവും ബിജെപി. നേതാക്കളും ചേർന്ന് സ്വീകരിച്ചു. വൻ ജനാവലിയാണ് അദ്ദേഹത്തെ കാണാനെത്തിയത്. കിഴക്കേ നട വഴി ക്ഷേത്രത്തിലേക്ക് കയറിയ അദ്ദേഹം വിശേഷാൽ പൂജകളിൽ പങ്കെടുത്തു.
'ദിവ്യമായ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ആദരണീയ സാന്നിധ്യത്തിൽ എന്റെ പ്രിയപ്പെട്ട കുട്ടികൾ വിവാഹിതരായി. നിങ്ങളുടെ പ്രാർത്ഥനകളിൽ ഭാഗ്യയെയും ശ്രേയസിനെയും കൂടി ഉൾപ്പെടുത്തുക', എന്നാണ് വിവാഹശേഷം സുരേഷ് ഗോപി പറഞ്ഞത്. ഒപ്പം ഗുരുവായൂരിൽ വച്ചുള്ള വിവാഹ ചടങ്ങിന്റെ ഫോട്ടോകളും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകളുമായി രംഗത്ത് എത്തിയത്.
ഗോകുൽ സുരേഷിന്റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്. മോഹൻലാൽ, ഭാര്യ സുചിത്ര, മമ്മൂട്ടി, ഭാര്യ സുൽഫത്ത്, ബിജു മേനോൻ, സംയുക്ത വർമ, ഖുശ്ബു, ജയറാം, പാർവതി തുടങ്ങി നിരവധി പേർ ഗുരുവായൂർ അമ്പലത്തിൽ വിവാഹ ചടങ്ങിനായി എത്തിയിരുന്നു. കൂടാതെ തലേദിവസവും മമ്മൂട്ടിയും മോഹൻലാലും കുടുംബവും ഭാഗ്യയ്ക്ക് അനുഗ്രഹവുമായി എത്തിയിരുന്നു.