ജയ്പൂർ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് പോസ്റ്റിട്ടതിന് ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രമുഖ ഫ്രാഞ്ചൈസികളെ വിമർശിച്ച് ക്രിക്കറ്റ് ആരാധകർ രംഗത്ത്. മതപരമായതോ, രാഷ്ട്രീയമോ കലർന്ന പോസ്റ്റുകൾ ഒരു ക്രിക്കറ്റ് ടീമിന്റെ സോഷ്യൽ മീഡിയ വഴി പോസ്റ്റു ചെയ്യുന്നത് ശരിയല്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

മലയാളി താരം നയിക്കുന്ന രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ്, ലഖ്നൗ സൂപ്പർ ജെയന്റ്സ് എന്നിവരെല്ലാം പോസ്റ്റുമായി എത്തിയിരുന്നു. എന്നാൽ കനത്ത പരിഹാസമാണ് ആരാധകരിൽ നിന്നും ഏറ്റുവാങ്ങിയത്. പ്രത്യേകിച്ച രാജസ്ഥാൻ റോയൽസിന് തന്നെ. എന്നാൽ പോസ്റ്റുകളെ പിന്തുണച്ച് എത്തിയ ആരാധകരുമുണ്ട്.

അയോധ്യ ക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം ജയ്പൂർ നഗരം ഒരുങ്ങിനിൽക്കുന്ന വീഡിയോയാണ് രാജസ്ഥാൻ റോയൽസ് പോസ്റ്റ് ചെയ്തത്. എന്നാൽ ആരാധകർക്ക് അതത്ര പിടിച്ചില്ല. ടീമിന്റെ ക്യാപ്റ്റൻ സഞ്ജു ആയതുകൊണ്ടുതന്നെ മലയാളി ആരാധകർ ഏറെയുണ്ട് രാജസ്ഥാൻ റോയൽസ്. ഇതിൽ പലരും പറയുന്നത്, പേജ് അൺഫോളോ ചെയ്യുന്നുവെന്നാണ്.

മുംബൈ ഇന്ത്യൻസ് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിനും ഇതുതന്നെയാണ് അവസ്ഥ. ലഖ്നൗ സൂപ്പർ ജെയന്റ്സും ഇതേരീതിയിൽ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചിരുന്നു. അതിന് താഴെയും കമന്റുകൾവന്നു. യുപിയിൽ നിന്നുള്ള ഐപിഎൽ ക്ലബാണ് ലഖ്നൗ സൂപ്പർ ജെയന്റ്സ്.

ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വിവിഐപികളുടെ വൻനിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ 11.30നാണ് ആരംഭിച്ചത്. സിനിമ, കായികതാരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സൈന നെഹ്വാൾ, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരൺ, അനിൽ കുംബ്ലെ, സച്ചിൻ തെൻഡുൽക്കർ, സോനു നിഗം, രജനി കാന്ത്, റൺബീർ കപൂർ, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെത്തിയത്.